Champions Trophy 2025: ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പാകിസ്താന്റെ പേരെന്തിന്? വിവാദം എന്തെന്നറിയാം
Champions Trophy Indian Jersy Controversy: ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിൽ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യാത്തതിൻ്റെ പേരിൽ വിവാദം ശക്തമാണ്. ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിലാണ് പാകിസ്താൻ്റെ പേരില്ലാത്തത്. എന്നാൽ, ഇന്ത്യൻ ജഴ്സിയിൽ എന്തിന് പാകിസ്താൻ്റെ പേര് ഉണ്ടാവണം? കാരണമറിയാം.
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിൽ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്തിട്ടില്ലെന്ന വിവാദമാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചർച്ച. ബിസിസിഐയുടെ ധാർഷ്ട്യം കാരണം ഇന്ത്യൻ ജഴ്സിയിൽ പാകിസ്താൻ്റെ പേരില്ലെന്നും ക്രിക്കറ്റിനെ ബിസിസിഐ നശിപ്പിക്കുകയാണെന്നുമൊക്കെയാണ് വിമർശനങ്ങൾ. എന്നാൽ, ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിൽ പാകിസ്താൻ്റെ പേരെന്തിനാണ് രേഖപ്പെടുത്തുന്നത് എന്നറിയാമോ? വിവാദം എന്തെന്നറിയാം.
ആതിഥേയർ
ഐസിസി, എസിസി ടൂർണമെൻ്റുകളിൽ ആതിഥേയ രാജ്യത്തിന് പല പ്രിവിലേജുകളുണ്ട്. യോഗ്യതാ മത്സരം കളിക്കേണ്ടതില്ല, ലാഭവിഹിതത്തിൻ്റെ വലിയ പങ്ക്, ടൂറിസം വികസനം എന്നിങ്ങനെ പല ഗുണങ്ങളിലൊന്നാണ് ജഴ്സിയിലെ പേര്. ഇത്തരം ടൂർണമെൻ്റുകൾക്കായി ടീമുകളണിയുന്ന ജഴ്സിയിൽ ടൂർണമെൻ്റിൻ്റെ പേരും ആതിഥേയ രാജ്യത്തിൻ്റെ പേരും പ്രിൻ്റ് ചെയ്യണം. കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ജഴ്സിയിൽ ടി20 ലോകകപ്പ് യുഎസ്എ & വെസ്റ്റ് ഇൻഡീസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ടൂർണമെൻ്റിൻ്റെ ലോഗോയും ആതിഥേയരുടെ പേരും എന്നതാണ് നിബന്ധന.
Also Read : India vs England: ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടി20 മത്സരം ഇന്ന്; എവിടെ, എങ്ങനെ, എപ്പോൾ കാണാം?
വിവാദം
ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയർ പാകിസ്താനായതുകൊണ്ട് തന്നെ ടൂർണമെൻ്റ് ലോഗോയും പാകിസ്താൻ്റെ പേരും ടീമുകൾ ജഴ്സിയിൽ പ്രിൻ്റ് ചെയ്യണം. ഇന്ത്യൻ ടീം അവതരിപ്പിച്ച ജഴ്സിയിൽ ചാമ്പ്യൻസ് ട്രോഫി ലോഗോയുണ്ട്, പക്ഷേ പാകിസ്താൻ്റെ പേരില്ല. മറ്റ് ടീമുകളുടെ ജഴ്സിയിൽ ഇത് ഉണ്ട് താനും. ചാമ്പ്യൻസ് ലീഗ് 2025 എന്ന് മാത്രമേ ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിൽ ഉള്ളൂ. ഇതാണ് വിവാദമായത്. ഐസിസിയുടെ നിബന്ധന പോലും പാലിക്കാൻ ബിസിസിഐ തയ്യാറാവുന്നില്ലെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.
ബിസിസിഐ ഇരട്ടത്താപ്പ്
പാകിസ്താനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാൻ തയ്യാറാവാത്ത ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് തീരുമാനം. ഐസിസിയും എസിസിയും നടത്തുന്ന ടൂർണമെൻ്റുകളിൽ മാത്രമേ ഇരുവരും ഇപ്പോൾ നേർക്കുനേർ ഏറ്റുമുട്ടാറുള്ളൂ. ഈ ടൂർണമെൻ്റുകളിൽ പാകിസ്താനെതിരെ കളിയ്ക്കാൻ ഐസിസിയും ബിസിസിഐയും ഉറപ്പുവരുത്താറുണ്ട്. ഈ മത്സരങ്ങൾ കാണാൻ ബിസിസിഐ പ്രതിനിധികളും സിനിമാക്കാരും രാഷ്ട്രീയക്കാരുമൊക്കെ സ്റ്റേഡിയത്തിൽ എത്താറുണ്ട്. കളി കാണാൻ ആരാധകർ കൂട്ടമായെത്തുന്നതും ടെലിവിഷനിലെ റെക്കോർഡ് കാണികളും അതുവഴി കൂടുതൽ വരുമാനവുമാണ് ഇതിലൂടെ ബിസിസിഐയുടെ ലക്ഷ്യം. എന്നാൽ, ബാക്കി അവസരങ്ങളിലൊക്കെ പാകിസ്താനെ മാറ്റിനിർത്തുകയെന്നതാണ് ബിസിസിഐയുടെ പ്ലാൻ. ഇക്കാരണം കൊണ്ടുതന്നെയാണ് ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്താനിലേക്ക് പോകാൻ ബിസിസിഐ തയ്യാറാവാതിരുന്നതും. ആദ്യ ഘട്ടത്തിൽ ഉടക്കിനന്ന പിസിബിയുമായി നിരന്തര ചർച്ചകൾ നടത്തിയതിന് ശേഷമാണ് ബിസിസിഐ ഹൈബ്രിഡ് മോഡൽ നേടിയെടുത്തത്.
ചാമ്പ്യൻസ് ട്രോഫി
ഈ വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി മാർച്ച് 9ന് അവസാനിക്കും. പാകിസ്താനിലെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങിളാണ് മത്സരങ്ങൾ. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താമെന്ന് പിസിബി സമ്മതിച്ചു. തുടക്കത്തിൽ ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ചുനിന്ന പാകിസ്താൻ ഐസിസിയും ബിസിസിഐയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ന്യൂട്രൽ വേദിയായി ദുബായ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും ദുബായ് തന്നെയാവും മത്സരവേദി.
ഫെബ്രുവരി 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടുന്നതോടെ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും. ഫെബ്രുവരി 20നാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികൾ. എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി പരസ്പരം പോരടിയ്ക്കും. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകൾ എ ഗ്രൂപ്പിൽ കളിയ്ക്കുമ്പോൾ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ബി ഗ്രൂപ്പിലാണ് കളിയ്ക്കുക. മാർച്ച് 9നാണ് ഫൈനൽ. നിലവിൽ പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ. 2017ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോല്പിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടാതിരുന്നത് വിവാദങ്ങളുണ്ടാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫി കളിക്കാത്തതുകൊണ്ടാണ് സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ പരിഗണിക്കാതിരുന്നതെന്ന് ആരോപണങ്ങളുയർന്നതോടെ കെസിഎയ്ക്കെതിരെ വിമർശനം ശക്തമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ കെഎൽ രാഹുൽ പ്രധാന വിക്കറ്റ് കീപ്പറാവുമ്പോൾ ഋഷഭ് പന്താണ് രണ്ടാം വിക്കറ്റ് കീപ്പർ. മുഹമ്മദ് ഷമി ടീമിൽ തിരികെയെത്തി. രോഹിത് ശർമ്മ തന്നെ ടീമിനെ നയിക്കുമ്പോൾ ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ.