Champions Trophy 2025: എന്താണ് ബിസിസിഐ വാശിപിടിച്ച, പിസിബി വഴങ്ങിയ ഹൈബ്രിഡ് മോഡൽ?
What Is The Hybrid Model In Cricket : ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി പാകിസ്താനിലാണ് നടക്കുക. എന്നാൽ, പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ തീരുമാനിച്ചതോടെ ടൂർണമെൻ്റിൽ ഹൈബ്രിഡ് മോഡലിന് പിസിബി സമ്മതിക്കുകയായിരുന്നു. എന്താണ് ഹൈബ്രിഡ് മോഡൽ എന്ന് പരിശോധിക്കാം.
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ ആതിഥേയർ പാകിസ്താനാണ് (Champions Trophy 2025). രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങളൊക്കെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുക. ബിസിസിഐ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിന് ഒടുവിൽ പിസിബി വഴങ്ങുകയായിരുന്നു. ഹൈബ്രിഡ് മോഡലിനോട് താത്പര്യമില്ലെന്ന കടുത്ത നിലപാടാണ് ആദ്യ ഘട്ടങ്ങളിൽ പിസിബി സ്വീകരിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ഹൈബ്രിഡ് മോഡൽ എന്ത്?
സാധാരണ രീതിയിൽ ഓരോ ടൂർണമെൻ്റുകൾക്കും ഓരോ ആതിഥേയരുണ്ടാവും. ചില ടൂർണമെൻ്റുകൾക്ക് ഒരു രാജ്യവും മറ്റ് ചില ടൂർണമെൻ്റുകൾക്ക് ഒന്നിലധികം രാജ്യങ്ങളും ആതിഥേയത്വം വഹിക്കാറുണ്ട്. ഇന്ത്യ ജേതാക്കളായ 2024 ടി20 ലോകകപ്പിന് യുഎസ്എയും വെസ്റ്റ് ഇൻഡീസും ചേർന്നാണ് ആതിഥേയത്വം വഹിച്ചത്. രണ്ട് രാജ്യങ്ങളിലും മത്സരം നടന്നു. ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയർ പാകിസ്താൻ മാത്രമാണ്. മത്സരങ്ങളൊക്കെ പാകിസ്താനിലാണ് നടക്കുന്നത്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി, എന്നീ വേദികളിലാണ് മത്സരങ്ങൾ. എന്നാൽ, ഇന്ത്യയ്ക്ക് ആതിഥേയ രാജ്യത്തിന് പുറത്ത് മത്സരങ്ങൾ കളിക്കാനുള്ള അനുവാദമുണ്ട്. ഇങ്ങനെ ഒരു ടൂർണമെൻ്റിലെ മത്സരങ്ങൾ ആതിഥേയ രാജ്യത്തിന് പുറത്ത്, മറ്റ് രാജ്യങ്ങളിൽ കളിക്കുന്ന രീതിയിലാണ് ഹൈബ്രിഡ് മോഡൽ. ഇവിടെ ആതിഥേയ രാജ്യം പാകിസ്താനും മറ്റ് രാജ്യം യുഎഇയും.
ഇങ്ങനെ മറ്റ് രാജ്യങ്ങളിലേക്ക് മത്സരങ്ങൾ മാറ്റുമ്പോൾ ആതിഥേയാവകാശം മാറില്ല. ഏത് ക്രിക്കറ്റ് ബോർഡിനാണോ മത്സരങ്ങൾക്കുള്ള ആതിഥേയാവകാശമുള്ളത്, രാജ്യം മാറിയാലും അവരിൽ തന്നെ അവകാശം തുടരും. ഏത് രാജ്യത്തേക്കാണോ മത്സരങ്ങൾ മാറ്റുന്നത് ആ രാജ്യത്തെ ക്രിക്കറ്റ് ബോർഡിൻ്റെ സഹായത്തോടെ മാതൃ ക്രിക്കറ്റ് ബോർഡ് തന്നെയാവും മത്സരങ്ങൾ നടത്തുക. സ്റ്റേഡിയങ്ങൾക്കുള്ള വാടകയും മറ്റ് സംഘാടനച്ചിലവുകളും ആതിഥേയരാജ്യം വഹിക്കണം. ലാഭവും അവർക്ക് തന്നെ എടുക്കാം.
ഹൈബ്രിഡ് മോഡൽ എന്തിന്?
രാഷ്ട്രീയകാരണങ്ങൾ കാരണം പാകിസ്താനും ഇന്ത്യയും ഉഭയകക്ഷി പരമ്പരകൾ കളിക്കാറില്ല. ഐസിസി, എസിസി ടൂർണമെൻ്റുകളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന മത്സരങ്ങളിലാണ് ഇതുവരെ ഹൈബ്രിഡ് മോഡൽ ഉയർന്നിട്ടുള്ളത്. ഇന്ത്യ ആതിഥേയരായ 2023 ലോകകപ്പിൽ പാകിസ്താൻ ഹൈബ്രിഡ് മോഡൽ സ്വീകരിച്ചിരുന്നില്ല. പാകിസ്താൻ്റെ മത്സരങ്ങളെല്ലാം അഹ്മദാബാദിൽ വച്ച് നടത്തി. എന്നാൽ, 2025 ചാമ്പ്യൻസ് ലീഗിൽ പാകിസ്താനിലേക്ക് പോകാൻ ബിസിസിഐ തയ്യാറായില്ല. രാഷ്ട്രീയകാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെങ്കിലും സുരക്ഷാപ്രശ്നവും ഇതിലുണ്ട്. ആദ്യം ഈ തീരുമാനത്തോട് മുഖം തിരിച്ചുനിന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിയും ബിസിസിഐയുമായ നിരന്തര ചർച്ചകൾക്ക് ശേഷം ഹൈബ്രിഡ് മോഡലിന് സമ്മതിക്കുകയായിരുന്നു. എന്നാൽ, 2027 വരെ ഇനിയുള്ള എല്ലാ ഐസിസി ഇവൻ്റുകളും ഇങ്ങനെ നടത്തണമെന്ന ആവശ്യവും ഇതിനോടൊപ്പം പാകിസ്താൻ മുന്നോട്ടുവച്ചു. 2025 വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക. ഇതിന് പാകിസ്താൻ ഇവിടേക്ക് വരില്ല. 2026 പുരുഷ ടി20 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. ഇതിലും പാകിസ്താൻ ഇന്ത്യയിലേക്ക് വരില്ല.
Also Read : India Vs England : രോഹിതും കോഹ്ലിയും ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ചേക്കും, ഗംഭീർ തുടരും; സൂചനകൾ ഇങ്ങനെ
എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാണ് പരസ്പരം കളിക്കുക. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളും ബി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകളും മത്സരിക്കും. ഫെബ്രുവരി 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താൻ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യമായി കളത്തിലിറങ്ങും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. നിലവിലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ പാകിസ്താനാണ്. 2017ൽ നടന്ന ടൂർണമെൻ്റിൽ ഇന്ത്യയെ തകർത്താണ് പാകിസ്താൻ കിരീടം നേടിയത്.
ഇതിനിടെ, ടൂർണമെൻ്റിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നാണ് റിപ്പോർട്ടുകൾ. പല സ്റ്റേഡിയങ്ങളുടെയും അറ്റകുറ്റപ്പണികൾ ഇതുവരെ കഴിഞ്ഞിട്ടില്ല. പണി പൂർത്തിയാവാത്തതിനാൽ കറാച്ചി സ്റ്റേഡിയത്തിൽ തീരുമാനിച്ചിരിക്കുന്ന മറ്റ് മത്സരങ്ങൾ വിവിധ സ്റ്റേഡിയങ്ങളിലേക്ക് മാറ്റിയിരുന്നു. ചാമ്പ്യൻസ് ട്രോഫി വേദികളായ ലാഹോർ, റാവല്പിണ്ടി, കറാച്ചി എന്നിവിടങ്ങളിലായി 12 ബില്ല്യൺ ഡോളറിൻ്റെ അറ്റകുറ്റപ്പണികളാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നടത്തിക്കൊണ്ടിരിക്കുന്നത്. കറാച്ചി സ്റ്റേഡിയത്തിലെ പ്രധാന കെട്ടിടം പുതുക്കിപ്പണിയും. പുതിയ ഡ്രസിങ് റൂമുകൾ, മീഡിയ സെൻ്ററുകൾ, ഹോസ്പിറ്റാലിറ്റി ബോക്സുകൾ, ബോർഡ് ഓഫീസുകൾ എന്നിവയും അറ്റകുറ്റപ്പണികളിൽ പെടുന്നു. പുതിയ കസേരകൾ, പുതിയ ഒരു ഇലക്ട്രോണിക് സ്കോർകാർഡ് തുടങ്ങിയവയും ഇവിടെ സ്ഥാപിക്കുമെന്ന് പിസിബി അറിയിച്ചു.