Champions Trophy 2025: കോലിയ്ക്ക് മുന്നിൽ ധവാനും വീണു; റൺ വേട്ടക്കാരിൽ ഇനി മുന്നിലുള്ളത് ക്രിസ് ഗെയിൽ മാത്രം
Virat Kohli - Shikhar Dhawan: ചാമ്പ്യൻസ് ട്രോഫി റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിലെ പ്രകടനത്തോടെയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.

ചാമ്പ്യൻസ് ട്രോഫി റൺ വേട്ടക്കാരിൽ വിരാട് കോലി രണ്ടാം സ്ഥാനത്ത്. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെയാണ് വിരാട് കോലി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ്റെ റെക്കോർഡാണ് കോലി മറികടന്നത്. പട്ടികയിൽ ഒന്നാമതുള്ളത് വെസ്റ്റ് ഇൻഡീസിൻ്റെ മുൻ താരം ക്രിസ് ഗെയിലാണ്.
മത്സരത്തിൽ 84 റൺസെടുത്താണ് കോലി പുറത്തായത്. ഇതോടെ 17 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്ന് കോലിയുടെ സമ്പാദ്യം 746 റൺസായി. 10 മത്സരങ്ങളിൽ നിന്ന് 701 റൺസെടുത്ത ധവാൻ്റെ റെക്കോർഡാണ് കോലി പഴങ്കഥയാക്കിയത്. 13 മത്സരങ്ങളിൽ നിന്ന് 665 റൺസുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ താരങ്ങളിൽ മൂന്നാമതാണ്. ഇന്ത്യൻ താരങ്ങളിൽ ഒന്നാമത് വിരാട് കോലിയാണ്.
മുഴുവൻ രാജ്യങ്ങളുടെ താരങ്ങളുടെയും കാര്യം പരിഗണിച്ചാൽ 17 മത്സരങ്ങളിൽ നിന്ന് 791 റൺസുള്ള ക്രിസ് ഗെയിൽ ആണ് പട്ടികയിൽ ഒന്നാമത്. 22 മത്സരങ്ങളിൽ നിന്ന് 742 റൺസ് നേടിയ ശ്രീലങ്കയുടെ മുൻ താരം മഹേല ജയവർധനെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.




ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 49ആം ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി 84 റൺസ് നേടിയ വിരാട് കോലിയായിരുന്നു കളിയിലെ താരം. ജയത്തോടെ ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യം ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ദക്ഷിണാഫ്രിക്ക – ന്യൂസീലൻഡ് രണ്ടാം സെമിഫൈനലിലെ വിജയികളെ ഫൈനലിൽ ഇന്ത്യ നേരിടും.
ഓസ്ട്രേലിയക്കായി 73 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി 84 റൺസ് നേടിയ വിരാട് കോലിയാണ് മികച്ചുനിന്നത്. കോലി തന്നെയാണ് കളിയിലെ താരം. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകൾ കളിച്ച കെഎൽ രാഹുലും (34 പന്തിൽ 42) ഇന്ത്യക്കായി തിളങ്ങി. ബൗളിംഗിൽ ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയക്കായി നഥാൻ എല്ലിസും ആദം സാമ്പയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.