Champions Trophy 2025: രോഹിതില്ല? ഗിൽ ഇന്ത്യയെ നയിക്കുമോ? ഫിറ്റ്നസിൽ സംശയം
ദുബായിൽ നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ രോഹിതിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല, ഇത് തന്നെ പരിക്കിൻ്റെ കാഠിന്യം വ്യക്തമാക്കുന്നതാണെന്നാണ് റിപ്പോർട്ട്. പകരം ആരെന്ന ചോദ്യവും ഉയരുന്നുണ്ട്

ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിച്ചേക്കില്ലെന്ന് സൂചന. പകരം ശുഭ്മാൻ ഗിൽ ടീമിനെ നയിച്ചേക്കും. സെമി യോഗ്യത നേടിയതിനാൽ തന്നെ ഇനി ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അൽപ്പം വിശ്രമം നൽകിയാലും വേണ്ടില്ല എന്ന ചിന്തയിലാണ് ടീം മാനേജ്മെൻ്റ് എന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 23-ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ്-എ മത്സരത്തിനിടെയാണ് ഫീൽഡിംഗിൽ രോഹിതിന് പരിക്ക് പറ്റുന്നത്. ഇതോടെ കളി 26-ാം ഓവർ പൂർത്തിയായപ്പോൾ താരത്തിന് ഫീൽഡ് വിടേണ്ടി വന്നു.
തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ദുബായിൽ നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ രോഹിതിന് ബാറ്റ് ചെയ്യാനും സാധിച്ചില്ല. ഇത്തരത്തിൽ നെറ്റ്സിൽ (പരിശീലനം നടക്കുന്നയിടം) നിന്ന് പുറത്തായ ഏക ഇന്ത്യൻ ബാറ്റ്സ്മാനും രോഹിത് ആണ്.ഇതോടെയാണ് ന്യൂസിലൻഡ് മത്സരത്തിനായി അദ്ദേഹത്തിന് വിശ്രമം നൽകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ടീം മാനേജ്മെൻ്റ് തുനിഞ്ഞത്.
ന്യൂസിലാൻ്റ് മത്സരം
സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചതിനാൽ ന്യൂസിലാൻ്റുമായുള്ള മത്സരം ഒരു തരത്തിലും ഇന്ത്യയെ ബാധിച്ചേക്കില്ല. ഗ്രൂപ്പ് എയിൽ ഒന്നാമതെത്തുക എന്നതാണ് ഇന്ത്യയുടെ ഏക ലക്ഷ്യം, ഈ മത്സരത്തിനും മാർച്ച് 4 ലെ സെമിഫൈനലിനും ഇടയിൽ കുറച്ച് സമയമേ ഉള്ളൂ എന്നതിനാൽ, രോഹിതിന്റെ ഫിറ്റ്നസ് നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇന്ത്യയുടെ സെമി തയ്യാറെടുപ്പ്
മാർച്ച് 4-ന് ദുബായിലാണ് ഇന്ത്യയുടെ സെമി പോരാട്ടം, നിർണായക പോരാട്ടത്തിനായി ടീം ഇതിനകം തന്നെ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ എതിരാളി ആരായിരിക്കും എന്നതിൽ വ്യക്ത വന്നിട്ടില്ല.ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെല്ലാം തന്നെ ഇപ്പോഴും ഒന്നാം സ്ഥാനത്തിനായി തയ്യാറെടുക്കുകയാണ്. ള്ളിയാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ- അഫ്ഗാൻ മത്സരത്തിലായിരിക്കും ഇന്ത്യയുടെ സെമി എതിരാളിയെ തീരുമാനിക്കുന്നത്.
രോഹിതിന് പകരം
ദുബായിലെ ടീമിൽ യശസ്വി ജയ്‌സ്വാൾ ഇല്ലാത്തതിനാൽ രോഹിതിന് പകരം പരിഗണിക്കാൻ കഴിയില്ല. ജയ്‌സ്വാളിന് പകരം വരുൺ ചക്രവർത്തിയാണ് ടീമിൽ ഇടം നേടിയത്. വാഷിംഗ്ടൺ സുന്ദറും ഋഷഭ് പന്തും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു . ഒരു ഓപ്പണറുടെ കുറവ് പ്രശ്നമാകുന്നതിനാൽ
ഗില്ലിനൊപ്പം കെഎൽ രാഹുലിന് അവസരം ലഭിച്ചേക്കാം. ദുബായിലെ സാഹചര്യവും ന്യൂസിലൻഡിൻ്റിൻ്റെ ടോപ് ഓർഡറിൽ നിരവധി ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാരുണ്ടെന്നതും കൂടി പരിഗണിച്ചാൽ പന്തിന് പകരം സുന്ദറിനാവും നറുക്ക്.