Champions Trophy 2025 : ‘ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ പറയുന്നു’; ഇന്ത്യയെ പരോക്ഷമായി വിമര്‍ശിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്
Pakistan Cricket Board Chief Mohsin Naqvi : വേദികളുടെ നവീകരണം ഇപ്പോഴും പാതിവഴിയിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ ഐസിസിക്ക് അതൃപ്തിയുമുണ്ടായിരുന്നു. മത്സരം പാകിസ്ഥാന് പുറത്തേക്ക് മാറ്റിയേക്കുമെന്നും അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഈ ആശങ്കകളും അഭ്യൂഹങ്ങളും തള്ളിക്കളയുകയാണ് പിസിബി

പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളെ സംബന്ധിച്ചുള്ള ആശങ്കകള്‍ തള്ളിക്കളഞ്ഞ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫി നടക്കേണ്ട സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിശ്ചയിച്ച തീയതികളില്‍ ലാഹോർ, കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലെ മൂന്ന് വേദികളില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പറഞ്ഞ സമയത്ത് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് പിസിബിയുടെ അവകാശവാദം. ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. എന്നാല്‍ സമയബന്ധിതമായി പാകിസ്ഥാനിലെ സ്റ്റേഡിയങ്ങള്‍ സജ്ജമാകുമോയെന്നതില്‍ ആശങ്ക ശക്തമാണ്.
കറാച്ചിയിലെയും റാവൽപിണ്ടിയിലെയും വേദികളുടെ നവീകരണം ഇപ്പോഴും പാതിവഴിയിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ ഐസിസിക്ക് കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. മത്സരം പാകിസ്ഥാന് പുറത്തേക്ക് മാറ്റിയേക്കുമെന്നും അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഈ ആശങ്കകളും അഭ്യൂഹങ്ങളും തള്ളിക്കളയുകയാണ് പിസിബി. മത്സരം പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ പറയുന്നുവെന്ന്, ഇന്ത്യയെ പരോക്ഷമായി വിമര്‍ശിച്ച് നഖ്‌വി പറഞ്ഞു.
സ്റ്റേഡിയങ്ങള്‍ കൃത്യസമയത്ത് തയ്യാറാകാത്തതിനാല്‍ അതിര്‍ത്തിക്കപ്പുറത്തുള്ളവരും, മറ്റുള്ളവരും ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കും തങ്ങള്‍ സജ്ജമാണെന്ന് പ്രഖ്യാപിക്കുന്നുവെന്ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.




Read Also : ആവേശം അവസാന ഓവർ വരെ; വിവാദ കൺകഷനിലൂടെ ഇന്ത്യക്ക് ജയവും പരമ്പരയും
ഫെബ്രുവരി 7 ന് ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ഗദ്ദാഫി സ്റ്റേഡിയം സജ്ജമാകുമെന്നും, കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിന്റെയും റാവൽപിണ്ടി സ്റ്റേഡിയത്തിന്റെയും ചില ജോലികൾ ടൂർണമെന്റിനുശേഷവും തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടീമുകൾ, ഒഫീഷ്യലുകൾ, ബ്രോഡ്കാസ്റ്റർമാർ, മാധ്യമങ്ങൾ എന്നിവർക്കുള്ള സൗകര്യങ്ങൾ നവീകരിച്ചതായും നഖ്‌വി പറയുന്നു.
ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 16-ന് ലാഹോറിൽ നടക്കും. ചില ടീമുകളുടെ തിരക്കേറിയ യാത്രാ ഷെഡ്യൂളുകൾ കാരണം ക്യാപ്റ്റൻമാരുടെ സമ്മേളനമോ ഫോട്ടോഷൂട്ടുകളോ സാധ്യമാകില്ല. മൂന്ന് സ്റ്റേഡിയങ്ങളിലെയും നവീകരണത്തിന് അനുവദിച്ച ബജറ്റ് ആദ്യം ആസൂത്രണം ചെയ്ത 12 ബില്യൺ പാക് രൂപയേക്കാൾ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്റ്റേഡിയങ്ങൾക്കായി ചെലവഴിക്കുന്ന എല്ലാ ഫണ്ടുകളും ക്രിക്കറ്റ് ബോർഡിന്റെ തുകയാണ്. സർക്കാർ ഉൾപ്പെടെ മറ്റ് സ്രോതസ്സുകളിൽ നിന്ന് ഫണ്ടുകളോ ഗ്രാന്റോ സ്വീകരിച്ചിട്ടില്ല. വേദികളുടെ നവീകരണത്തിനിടെ വിമര്‍ശനമുയര്‍ന്നു. അത് ഗൗരവമായി എടുത്തു. ലക്ഷ്യം കൈവരിക്കുന്നതില്‍ ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തങ്ങളെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങ്, മത്സരങ്ങൾ, സെമി ഫൈനൽ, ഫൈനൽ എന്നിവയുൾപ്പെടെയുള്ള പ്രധാന പരിപാടികള്‍ക്ക് ഇന്ത്യയുൾപ്പെടെ എല്ലാ ക്രിക്കറ്റ് ബോർഡുകളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.