Champions Trophy 2025: ‘ഞാനങ്ങനെ പറഞ്ഞിട്ടില്ല’; ഇന്ത്യയുടെ മത്സരവേദിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞെന്ന വാർത്തകൾ വ്യാജമെന്ന് പാറ്റ് കമ്മിൻസ്
Champions Trophy Pat Cummins: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വേദിയുമായി ബന്ധപ്പെട്ട് താൻ നടത്തിയെന്ന് പറഞ്ഞ് പുറത്തുവന്ന വാർത്തകൾ തെറ്റെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കോഡ് ക്രിക്കറ്റിൻ്റെ വാർത്ത വ്യാജമാണെന്നാണ് താരത്തിൻ്റെ പ്രതികരണം.

ഇന്ത്യയുടെ മത്സരവേദിയുമായി ബന്ധപ്പെട്ട് താൻ വിമർശനങ്ങളുന്നയിച്ചു എന്ന വാർത്തകൾ തെറ്റെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കമ്മിൻസിൻ്റെ പ്രസ്താവന പങ്കുവച്ച ഓസ്ട്രേലിയൻ മാധ്യമത്തിൻ്റെ എക്സ് പോസ്റ്റിന് മറുപടി ആയാണ് കമ്മിൻസിൻ്റെ പ്രതികരണം. ഇതോടെ കോഡ് ക്രിക്കറ്റ് എന്ന ഓസ്ട്രേലിയൻ മാധ്യമം തങ്ങളുടെ പോസ്റ്റ് നീക്കം ചെയ്തു. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടക്കുന്നതിനാൽ മത്സരക്രമം വെറും പ്രഹസനമാണെന്ന് കമ്മിൻസ് പറഞ്ഞു എന്നായിരുന്നു കോഡ് ക്രിക്കറ്റിൻ്റെ പ്രതികരണം.
“എനിക്ക് തോന്നുന്നു, ടൂർണമെൻ്റ് മുന്നോട്ട് പോകുന്നു എന്നത് ഒരു നേട്ടമാണെന്ന്. പക്ഷേ, എല്ലാ മത്സരങ്ങളും ഒരു ഗ്രൗണ്ടിൽ നടക്കുന്നതിനാൽ ഇന്ത്യയ്ക്ക് അന്യായമായ നേട്ടം ലഭിക്കുന്നുണ്ട്. അവർ അല്ലെങ്കിൽ തന്നെ ശക്തമായ ടീമാണ്. ഇപ്പോൾ എല്ലാ മത്സരങ്ങളും ഒരു ഗ്രൗണ്ടിൽ കളിക്കുന്നതിൻ്റെ നേട്ടവും ഇന്ത്യൻ ടീമിന് ലഭിക്കും.”- ഇങ്ങനെയാണ് കമ്മിൻസ് പ്രതികരിച്ചത്.
എന്നാൽ, ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പുറത്തിറക്കുന്നത് വെറും പ്രഹസനമാണെന്ന് കമ്മിൻസ് പറഞ്ഞു എന്നായിരുന്നു കോഡ് ക്രിക്കറ്റിൻ്റെ റിപ്പോർട്ട്. സ്വയം വേദികൾ തിരഞ്ഞെടുക്കാൻ അനുവാദം നൽകരുത്. നിങ്ങൾ എവിടെ കളിക്കുമെന്നും കളിക്കരുതെന്നും സ്വയം തിരഞ്ഞെടുക്കാൻ കഴിയരുത്. അതൊക്കെ ഈ ടൂർണമെൻ്റിനെ വെറും പ്രഹസനമാക്കുന്നു എന്നും കോഡ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് കമ്മിൻസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് പോസ്റ്റ് നീക്കം ചെയ്തത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥൻ ആഗ്ന്യൂ പറഞ്ഞതാണ് കമ്മിൻസ് പറഞ്ഞു എന്ന് കോഡ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തത്.




ഇതിനിടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ സെമിഫൈനലിലെത്തിയിരുന്നു. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനെയും പാകിസ്താനെയും വീഴ്ത്തിയാണ് ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം. ഗ്രൂപ്പിൽ നിന്ന് ന്യൂസീലൻഡാണ് സെമിയിലെത്തിയ മറ്റൊരു താരം. ഇതോടെ പാകിസ്താനും ബംഗ്ലാദേശും ടൂർണമെൻ്റിൽ നിന്ന് പുറത്താവുകയും ചെയ്തു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ആരെന്നാണ് ഇനി അറിയേണ്ടത്. ഇന്ത് ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള മത്സരത്തിൽ തീരുമാനിക്കപ്പെടും.