Champions Trophy 2025: കറാച്ചി സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ പതാക ഒഴിവാക്കി; വിവാദത്തിൽ വിശദീകരണവുമായി പിസിബി
No Indian Flag In Karachi Stadium: കറാച്ചി നാഷണൽ സ്റ്റേഡിയത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ അതിൽ ഇന്ത്യൻ പതാക ഇല്ലാതിരുന്നത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ വിവാദത്തിൽ ഇപ്പോൾ പിസിബി വിശദീകരണവുമായി രംഗത്തുവന്നു.

കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ പതാക ഒഴിവാക്കിയതിൽ വിശദീകരണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും പതാക കറാച്ചി നാഷണൽ സ്റ്റേഡിയത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഇന്ത്യൻ പതാക മാത്രമില്ല. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ വിഷയത്തിലാണ് പിസിബിയുടെ വിശദീകരണം. ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക.
കറാച്ചി നാഷണൽ സ്റ്റേഡിയത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന എല്ലാ ടീമുകളുടെയും പതാക കാണാം. എന്നാൽ, ഇന്ത്യൻ പതാകയും ബംഗ്ലാദേശ് പതാകയും വിഡിയോയിലുണ്ടായിരുന്നില്ല. ഇതാണ് വിവാദമായത്. പിസിബിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമുയർന്നു. എന്നാൽ, വിമർശനങ്ങളെയൊക്കെ പിസിബി തള്ളി. ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്താനിലെത്തുന്ന ടീമുകളുടെ മാത്രം പതാകകളാണ് സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് പിസിബി അറിയിച്ചു. ഇന്ത്യ പാകിസ്താനിലല്ല കളിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ പതാക കറാച്ചി സ്റ്റേഡിയത്തിൽ സ്ഥാപിക്കാതിരുന്നതെന്നും പിസിബി വ്യക്തമാക്കി.
“നിങ്ങൾക്കറിയാമല്ലോ, ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്താനിലേക്ക് വരില്ല. കറാച്ചി നാഷണൽ സ്റ്റേഡിയത്തിലും റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലും ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളുടെ പതാകകൾ സ്റ്റേഡിയങ്ങളിൽ ഉയർത്തിയിട്ടുണ്ട്. ഇന്ത്യ മത്സരങ്ങൾ കളിക്കുന്നത് ദുബായ് സ്റ്റേഡിയത്തിലാണ്. ബംഗ്ലാദേശ് ടീം പാകിസ്താനിലെത്തിയിട്ടില്ല. ഇന്ത്യക്കെതിരെ ദുബായിലാണ് ബംഗ്ലാദേശ് തങ്ങളുടെ ആദ്യ മത്സരം കളിക്കുക. അതുകൊണ്ടാണ് അവരുടെ പതാക ഇതുവരെ ഉയർത്താത്തത്. പാകിസ്താനിലെത്തി, പാകിസ്താനിൽ കളിക്കുന്ന ടീമുകളുടെ പതാകകൾ ഉയർത്തിയിട്ടുണ്ട്.”- പിസിബി അധികൃതർ പറഞ്ഞതായി വാർത്താമാധ്യമമായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.




ഇന്ത്യൻ താരങ്ങളുമായി വലിയ സൗഹൃദം വേണ്ടെന്ന് പാകിസ്താൻ ആരാധകൻ കളിക്കാരോട് ആവശ്യപ്പെടുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പാകിസ്താനിൽ വന്ന് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ തയ്യാറായില്ലെന്നും അതുകൊണ്ട് തന്നെ അവരോട് സൗഹൃദം വേണ്ടെന്നുമാണ് ആരാധകൻ പറഞ്ഞു. വിരാട് കോലി അടക്കമുള്ളവരുമായി പാക് താരങ്ങൾക്ക് സൗഹൃദം അധികമാണ്. അവരെ ആലിംഗനം ചെയ്യാറുണ്ട്. ഇന്ത്യൻ താരങ്ങളുമായി ഹൃദയഹാരിയായ നിമിഷങ്ങൾക്കായാണ് നിങ്ങൾ അവിടേക്ക് പോകുന്നതെങ്കിൽ അത് വേണ്ട. കോലിയുമായി ഇവർക്കെല്ലാം നല്ല സൗഹൃദമുണ്ട്. ചാമ്പ്യൻസ് ട്രോഫി മത്സരം വരെ അത് വേണ്ട. രോഹിത് ശർമ്മ മീറ്റപ്പിനായി പാകിസ്താനിലേക്ക് വരില്ല. ഇന്ത്യൻ ടീമും വരില്ല എന്നും ആരാധകൻ പറയുന്നു.