Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി നേട്ടത്തെക്കുറിച്ച് മറുപടി പറയാൻ വിസമ്മതിച്ച് ധോണി; അസൂയയെന്ന് സോഷ്യൽ മീഡിയ
MS Dhoni - Champions Trophy: ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി നേട്ടത്തെപ്പറ്റി സംസാരിക്കാൻ വിസമ്മതിച്ച എംഎസ് ധോണിക്ക് അസൂയയെന്ന് സോഷ്യൽ മീഡിയ. താനല്ലാതെ മറ്റൊരു ക്യാപ്റ്റൻ ചാമ്പ്യൻസ് ട്രോഫി നേടിയത് ധോണിക്ക് അസൂയയുണ്ടാക്കിയെന്നാണ് ആക്ഷേപം.

രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിനെപ്പറ്റി അഭിപ്രായം പറയാൻ വിസമ്മതിച്ച് മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ എംഎസ് ധോണി. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ധോണിയോട് ആരാധകൻ ഇക്കാര്യം ചോദിച്ചെങ്കിലും താരം അതിന് മറുപടി പറയാതെ നടന്നുനീങ്ങുകയായിരുന്നു. താനല്ലാതെ മറ്റൊരു ക്യാപ്റ്റൻ ചാമ്പ്യൻസ് ട്രോഫി നേടിയതിൽ ധോണിക്ക് അസൂയയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.
വിമാനത്താവളത്തിൽ നിന്ന് വേഗത്തിൽ പുറത്തേക്ക് പോകുന്ന ധോണിയോടാണ് ആരാധകൻ്റെ ചോദ്യം. “മഹി ഭായ്, ചാമ്പ്യൻസ് ട്രോഫി?” എന്ന് ചോദിക്കുമ്പോൾ അതിന് മറുപടി പറയാതെ ധോണി പുറത്തേക്ക് നടക്കുകയാണ്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ധോണിക്ക് അസൂയയാണെന്ന വിമർശനങ്ങളാണ് ഉയരുന്നത്. 2013ൽ എംഎസ് ധോണിയുടെ കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു. പിന്നീട് 2025ൽ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് അടുത്ത ചാമ്പ്യൻസ് ട്രോഫി സമ്മാനിക്കുന്നത്.
ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മുൻ ക്യാപ്റ്റനായ എംഎസ് ധോണി നിലവിൽ വിക്കറ്റ് കീപ്പറാണ്. താരം ഐപിഎലിനായുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 23 ഞായറാഴ്ച ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെയാണ് തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നേരിടുക. ഈ മാസം 22നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.




ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 251 റൺസ് നേടിയപ്പോൾ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഫൈനലിലെ താരമായത്. ന്യൂസീലൻഡിൻ്റെ യുവതാരം രചിൻ രവീന്ദ്രയാണ് ടൂർണമെൻ്റിലെ താരം. ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. എ ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഇന്ത്യ എത്തിയപ്പോൾ രണ്ടാം സ്ഥാനക്കാരായി ന്യൂസീലൻഡും സെമിയിലെത്തി. ഗ്രൂപ്പിൽ ന്യൂസീലൻഡ് ഇന്ത്യയോട് മാത്രമാണ് തോറ്റത്. ഇന്ത്യയാവട്ടെ ടൂർണമെൻ്റിൽ ഒരു കളി പോലും തോൽക്കാതെ വിജയിക്കുകയും ചെയ്തു. പാകിസ്താൻ ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിൽ ദുബായിലാണ് ഇന്ത്യ എല്ലാ മത്സരങ്ങളും കളിച്ചത്.