Mohammed Shami : ഐസിസി മത്സരങ്ങളുടെ രാജാവ് ഇതാ തിരിച്ചെത്തിയിരിക്കുന്നു; ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി
ICC Champions Trophy 2025 India vs Bangladesh Mohammed Shami : അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഏറ്റവും കുറഞ്ഞ പന്തിൽ 200 ഏകദിന വിക്കറ്റുകൾ എടുക്കുന്ന താരമായി മാറി മുഹമ്മദ് ഷമി. പരിക്കേറ്റ് ജസ്പ്രിത് ബുംറ ചാമ്പ്യൻസ് ട്രോഫി നിന്നും പിന്‍മാറിയതോടെ ഇന്ത്യയുടെ ബോളിങ് ആക്രമണം നയിക്കുന്നത് ഷമിയാണ്.

ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയുടെ മുഹമ്മദ് ഷമി. കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം തിരികെയെത്തിയതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ബംഗ്ലാദേശിനെതിരെ ദുബായിൽ കാഴ്ചവെച്ചിരിക്കുന്നത്. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഏറ്റവും വേഗത്തിൽ 200 ഏകദിന വിക്കറ്റ് നേടുന്ന താരമായി ഷമി മാറി. ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ് 200 ഏകദിന വിക്കറ്റുകൾ നേടി താരമെന്ന റെക്കോർഡ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.
ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം ശസ്ത്രക്രിയ, റിഹാബിലേഷൻ എല്ലാം കഴിഞ്ഞ 400 ദിവസമാണ് കളത്തിന് പുറത്ത് ചിലവഴിച്ചത്. തുടർന്ന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും മഷിയുടെ കാര്യമായ പ്രകടനമുണ്ടായില്ല. എന്നാൽ ആ ഷമിയെ അല്ല ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കണ്ടത്. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ തൻ്റെ ഫോം എവിടെയും നഷ്ടപ്പെട്ടിട്ടില്ലയെന്ന് വ്യക്തമാക്കുകയായിരുന്നു ബംഗാൾ പേസർ തൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ.
ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ താരത്തെ ഐസിസിയുടെ രാജാവ് എന്നാണ് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. ഐസിസിയുടെ രാജാവ് തിരികെയെത്തിയിരിക്കുന്നയെന്നാണ് ആരാധകർ പറയുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിക്കായിട്ടുള്ള ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ജസ്പ്രിത് ബുംറയ്ക്ക് പരിക്കേറ്റതോടെ താരം ഐസിസിയുടെ ടൂർണമെൻ്റിൽ നിന്നും പിന്‍മാറി. ഇതോടെ ഇന്ത്യൻ ബോളിങ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഷമിയുടെ മേൽലെത്തി. ബുംറയ്ക്ക് പകരം യുവതാരം ഹർഷിത് റാണയാണ് ഇന്ത്യൻ പേസ് നിരയ്ക്കൊപ്പം ചേർന്നിരിക്കുന്നത്.
അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 228 റൺസിന് പുറത്തായി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35ന് അഞ്ച് നിലയിൽ ബംഗ്ലാ കടുവകളുടെ മുന്നേറ്റനിര ആദ്യം തകർന്നടിയുകയായിരുന്നു. അവിടെ നിന്നും ഭേദപ്പെട്ട സ്കോറിലേക്ക് ബംഗ്ലേദശിനെ നയിച്ചത് സെഞ്ചുറി നേടിയ തൗഹിദ് ഹൃദോയിയാണ്. ആറാം വിക്കറ്റിൽ ജാക്കർ അലിയുമായി ചേർന്ന് ഹൃദോയി 100 റൺസിൻ്റെ കൂട്ടികെട്ടൊരുക്കുകയും ചെയ്തു. കൂടാതെ ചില അവസരങ്ങൾ ഇന്ത്യൻ താരങ്ങൾ കൈവിട്ടത് കൂട്ടതകർച്ചയിൽ നിന്നും ബംഗ്ലാദേശിന് രക്ഷപ്പെടാനുള്ള ഒരു പിടിവള്ളിയായി മാറി. ഷമിക്ക് പുറമെ റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വീതം വിക്കറ്റുകൾ നേടി.