Champions Trophy 2025: ‘എന്തൊരു കിടിലൻ കളിക്കാരനാണ് വിരാട് കോലി’; കിങിനെ വാനോളം പുകഴ്ത്തി മുഹമ്മദ് റിസ്‌വാൻ
Mohammad Rizwan - Virat Kohli: വിരാട് കോലിയെ പുകഴ്ത്തി പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ. തങ്ങൾക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ കോലിയുടെ പ്രകടനത്തെയാണ് റിസ്‌വാൻ പുകഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു.

തങ്ങൾക്കെതിരായ വിരാട് കോലിയുടെ പ്രകടനത്തെ പുകഴ്ത്തി പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ. വിരാട് കോലി അസാമാന്യ കളിക്കാരനാണെന്ന് റിസ്‌വാൻ പറഞ്ഞു. മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് റിസ്‌വാൻ്റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താനെ ആറ് വിക്കറ്റിന് തോല്പിച്ചപ്പോൾ സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യക്കായി തിളങ്ങിയത്. ഈ പ്രകടനത്തെയാണ് റിസ്‌വാൻ വാനോളം പുകഴ്ത്തിയത്.
“നമുക്ക് വിരാട് കോലിയെപ്പറ്റി സംസാരിക്കാം. അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിൽ ഞാൻ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ടാവും. ലോകം മുഴുവൻ പറയുന്നത് അദ്ദേഹം ഫോമിലല്ലെന്നാണ്. പക്ഷേ, വലിയ മത്സരങ്ങൾക്കായി അദ്ദേഹം എത്തുമ്പോൾ, ലോകം മുഴുവൻ അദ്ദേഹത്തിനായി കാത്തിരിക്കുമ്പോൾ കോലി അസാമാന്യ പ്രകടനം നടത്തും. അദ്ദേഹത്തിന് റൺസ് കൊടുക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, അദ്ദേഹം കളി ഞങ്ങളുടെ കയ്യിൽ നിന്ന് തട്ടിയെടുത്തു. അദ്ദേഹത്തിൻ്റെ ഫിറ്റ്നസും കഠിനാധ്വാനവും ഞാൻ പുകഴ്ത്തും. അദ്ദേഹം അതൊക്കെ ചെയ്യുന്ന രീതി. ഞങ്ങളും കോലിയും ക്രിക്കറ്റർമാരാണ്. അദ്ദേഹത്തെ പുറത്താക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല.”- റിസ്‌വാൻ പറഞ്ഞു.
മത്സരത്തിൽ പുറത്താവാതെ സെഞ്ചുറി തികച്ച കോലി ഏകദിനത്തിൽ 14,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്ററായിരുന്നു. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരമാണ് കോലി. വെറും 287 ഇന്നിംഗ്സുകളിൽ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. 350 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കുറിച്ച സച്ചിൻ തെണ്ടുൽക്കർ രണ്ടാമതും 378 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കുറിച്ച കുമാർ സംഗക്കാരയുമാണ് പട്ടികയിലെ മറ്റ് താരങ്ങൾ.




തൻ്റെ 51ആം സെഞ്ചുറി തികച്ച കോലി ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചു. പാകിസ്താനെ 241ന് ഓൾ ഔട്ടാക്കിയ ഇന്ത്യ 43ആം ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സൗദ് ഷക്കീൽ (62), മുഹമ്മദ് റിസ്‌വാൻ (46) എന്നിവർ പാക് ഇന്നിംഗ്സിൽ തിളങ്ങി. ഇന്ത്യക്കായി കുൽദീപ് യാദവ് (മൂന്ന് വിക്കറ്റ്), ഹാർദിക് പാണ്ഡ്യ (രണ്ട് വിക്കറ്റ്) എന്നിവരാണ് മികച്ചുനിന്നത്. മറുപടി ബാറ്റിംഗിൽ വിരാട് കോലിയ്ക്കൊപ്പം (100 നോട്ടൗട്ട്) ശ്രേയാസ് അയ്യർ (56), ശുഭ്മൻ ഗിൽ (46) എന്നിവർ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.