Champions Trophy 2025: കൂടുതൽ അലമ്പിനില്ലെന്ന് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യും
Champions Trophy Jersey Controversy: ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ ആതിഥേയരാജ്യമായ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യുമെന്ന് ബിസിസിഐ. ഐസിസിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ജഴ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുകയാണ്.
ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പേര് പ്രിൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. ജഴ്സിയിൽ ആതിഥേയരായ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. ഐസിസിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇന്ത്യൻ ജഴ്സിയിൽ ചാമ്പ്യൻസ് ട്രോഫി ലോഗോ മാത്രമേ ഉള്ളൂ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആതിഥേയരാജ്യമായ പാകിസ്താൻ്റെ പേര് ഉണ്ടായിരുന്നില്ല. ഇതാണ് വിവാദങ്ങൾക്കിടയാക്കിയത്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഐസിസിയുടെ നിർദ്ദേശങ്ങൾ എന്തായാലും പാലിക്കുമെന്ന് ബിസിസിഐയുടെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദേവജിത് സൈകിയ പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്കാണ് അവസാനമായിരിക്കുന്നത്. അതേസമയം, ഉദ്ഘാടനച്ചടങ്ങുകൾക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ പാകിസ്താനിലേക്ക് പോകുമോ എന്നതിൽ ദേവജിത് സൈകിയ പ്രതികരിച്ചിട്ടില്ല. ഉദ്ഘാടന മത്സരം നടക്കുന്ന ഫെബ്രുവരി 19നാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. 2008ന് ശേഷം ഇന്ത്യൻ ടീം പാകിസ്താൻ സന്ദർശനം നടത്തിയിട്ടില്ല. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക.
സാധാരണയായി ഐസിസി, എസിസി ടൂർണമെൻ്റുകളിൽ ആതിഥേയരാജ്യത്തിൻ്റെ പേര് എല്ലാ ടീമുകളുടെയും ജഴ്സിയിൽ പ്രിൻ്റ് ചെയ്യണമെന്നാണ് നിയമം. ടൂർണമെൻ്റ് ആരംഭിക്കുന്നതിന് മുൻപ് എല്ലാ ടീമുകളുടെയും ജഴ്സികൾ അതാത് ഗ്ലോബൽ ബോഡി ക്ലിയർ ചെയ്യണം. മാച്ച് കിറ്റുകളും ട്രെയിനിങ് കിറ്റുകളും ഐസിസിയുടെ അംഗീകാരത്തിനായി നേരത്തെ തന്നെ അയക്കേണ്ടതുണ്ട്.
Also Read : Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
2023 ലോകകപ്പിനായി ടീമുകൾ അണിഞ്ഞ ജഴ്സിയിൽ ആതിഥേയരായ ഇന്ത്യയുടെ പേരുണ്ടായിരുന്നു. ഇപ്പോൾ നടക്കുന്ന അണ്ടർ 19 വനിതാ ലോകകപ്പ് ടീമിൻ്റെ ജഴ്സിയിൽ ആതിഥേയരായ മലേഷ്യയുടെ പേരും ഉണ്ട്. എന്നാൽ, കഴിഞ്ഞ തവണത്തെ ഏഷ്യാ കപ്പിൽ ഇത് മാറി. 2023ലെ ഏഷ്യാ കപ്പിൻ്റെ ആതിഥേയർ പാകിസ്താനായിരുന്നു. എങ്കിലും ജഴ്സികളിൽ പാകിസ്താൻ്റെ പേരുണ്ടായിരുന്നില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ആണ് ഏഷ്യാ കപ്പ് നടത്തുന്നത്. നിബന്ധന മാറിയെന്നും ഇപ്പോൾ ജഴ്സികളിൽ ആതിഥേയ രാജ്യത്തിൻ്റെ പേര് പ്രിൻ്റ് ചെയ്യേണ്ടതില്ലെന്നും എസിസി അറിയിച്ചിരുന്നു. എന്നാൽ, ഇതല്ല ഐസിസിയുടെ നിലപാടെന്നതാണ് ഇപ്പോൾ മനസിലാവുന്നത്.
ചാമ്പ്യൻസ് ട്രോഫി
ഈ വർഷം ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി മാർച്ച് 9ന് അവസാനിക്കും. പാകിസ്താനിലെ കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലും യുഎഇയിലെ ദുബായിലുമായാണ് മത്സരങ്ങൾ നടക്കുക. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താൻ തീരുമാനമായത്. ആദ്യ ഘട്ടത്തിൽ ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ചുനിന്ന പാകിസ്താൻ ഐസിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സമ്മതമറിയിക്കുകയായിരുന്നു. അടുത്ത ടി20 ലോകകപ്പിലടക്കം ഇന്ത്യയിലേക്ക് വരില്ലെന്ന നിബന്ധനയിലാണ് പാകിസ്താൻ ഹൈബ്രിഡ് മോഡലിന് സമ്മതിക്കുന്നത്.
ഈ വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി മാർച്ച് 9ന് അവസാനിക്കും. പാകിസ്താനിലെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങിളാണ് മത്സരങ്ങൾ. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താമെന്ന് പിസിബി സമ്മതിച്ചു. തുടക്കത്തിൽ ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ചുനിന്ന പാകിസ്താൻ ഐസിസിയും ബിസിസിഐയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ന്യൂട്രൽ വേദിയായി ദുബായ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും ദുബായ് തന്നെയാവും മത്സരവേദി.