5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: പരിക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ?; താരം ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്

Jasprit Bumrah Consults New Zealand Surgeon: ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് പരിക്കിൽ നിന്ന് മുക്തി നേടാൻ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്. ബോർഡർ - ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ താരം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്ന് സംശയമാണ്.

Champions Trophy 2025: പരിക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ?; താരം ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്ന് റിപ്പോർട്ട്
ജസ്പ്രീത് ബുംറImage Credit source: PTI
abdul-basith
Abdul Basith | Published: 09 Jan 2025 18:11 PM

ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവുമോ എന്ന് സംശയം. പുറം വേദന കൊണ്ട് ബുദ്ധിമുട്ടുന്ന താരം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ കുറച്ച് ഓവറുകളേ എറിഞ്ഞിരുന്നുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ താരം തീരെ പന്തെറിഞ്ഞതുമില്ല. ഇതിന് പിന്നാലെ, ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫി (Champions Trophy) നഷ്ടമായേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് വേഗം ഭേദമാവാൻ ബുംറ ന്യൂസീലൻഡ് സർജൻ്റെ സഹായം തേടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പരിക്ക് ചികിത്സിക്കുന്നതിനായി ബുംറ ന്യൂസീലൻഡ് സ്വദേശിയായ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷൗട്ടൻ്റെ സഹായം തേടിയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. ബിസിസിഐ മുൻകൈ എടുത്താണ് നടപടി. ബിസിസിഐയുടെ മെഡിക്കൽ ടീമുമായി സർജൻ ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യം ഉടൻ തന്നെ സെലക്ടർമാരെ അറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള 15 അംഗ ടീമിൽ ബുംറയെ തിരഞ്ഞെടുക്കുമെങ്കിലും പരിക്കിൽ നിന്ന് പൂർണ മുക്തനായാലേ അദ്ദേഹത്തെ കളിപ്പിക്കൂ എന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

Also Read : Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമുമായി ബന്ധപ്പെട്ടും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലഭിച്ച അവസരങ്ങളിലൊക്കെ നന്നായി കളിച്ചിട്ടും തകർപ്പൻ ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ ടീമിൽ പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കെഎൽ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായും ഋഷഭ് പന്തിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായും പരിഗണിച്ചേക്കും. ശ്രേയാസ് അയ്യർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ തിരികെയെത്തും. യശസ്വി ജയ്സ്വാൾ ബാക്കപ്പ് ഓപ്പണറാവും. രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സഞ്ജു സാംസണിനെ ടീമിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. ഋഷഭ് പന്തിനെക്കാൾ അർഹത സഞ്ജുവിനാണെന്നും സോഷ്യൽ മീഡിയ പറയുന്നു.

ഇക്കൊല്ലം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് നടക്കുന്നത്. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബായിൽ വച്ച് നടത്താൻ പിസിബി സമ്മതിച്ചു. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും ദുബായ് തന്നെയാവും വേദി. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി, എന്നിവിടങ്ങളാണ് മറ്റ് വേദികള്‍.

ഫെബ്രുവരി 19ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്താൻ ന്യൂസിലന്‍ഡിനെ നേരിടും. അതാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാണ് പരസ്പരം പോരടിക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകൾ എ ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ബി ഗ്രൂപ്പിലും മത്സരിക്കും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. 2017ൽ അവസാനമായി നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനായിരുന്നു ജേതാക്കൾ. ഇന്ത്യയെ തോല്പിച്ചാണ് 2017ൽ പാകിസ്താൻ കിരീടം നേടിയത്.