Champions Trophy 2025: രക്ഷകനായി ശ്രേയാസ് അയ്യർ; ഫിനിഷിംഗിൽ പൊളിച്ചടുക്കി ഹാർദിക്; ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ
Champions Trophy 2025 India vs New Zealand: ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടി. ഇന്ത്യക്കായി ശ്രേയാസ് അയ്യർ (79) ടോപ്പ് സ്കോററായി.

ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 249 റൺസ് നേടി. 79 റൺസ് നേടിയ ശ്രേയാസ് അയ്യരാണ് ഇന്ത്യക്കായി തിളങ്ങിയത്. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ടോപ്പ് ഓർഡറിനെ വേഗം നഷ്ടമായി. ശുഭ്മൻ ഗിൽ (2), വിരാട് കോലി (11) എന്നിവരെ മാറ്റ് ഹെൻറി വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (15) കെയിൽ ജമീസൺ പുറത്താക്കി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയാസ് അയ്യർ – അക്സർ പട്ടേൽ കൂട്ടുകെട്ടാണ് ഇന്ത്യയെ വമ്പൻ തകർച്ചയിൽ നിന്ന് കയകയറ്റിയത്. ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ അക്സർ പട്ടേലിനെ (42) വീഴ്ത്തി രചിൻ രവീന്ദ്ര ന്യൂസീലൻഡിൻ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
ഇതിനിടെ ശ്രേയാസ് അയ്യർ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് ശേഷം ശ്രേയാസ് ബാറ്റിംഗ് വേഗത കൂട്ടിയപ്പോൾ ഇന്ത്യൻ സ്കോർ ഉയർന്നു. എന്നാൽ, 79 റൺസ് നേടിയ ശ്രേയാസിനെ വില്ല്യം ഒറൂർകെ വിൽ യങിൻ്റെ കൈകളിലെത്തിച്ചു. കെഎൽ രാഹുലുമൊത്ത് 44 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷമാണ് ശ്രേയാസ് മടങ്ങിയത്. പിന്നാലെ കെഎൽ രാഹുൽ (23) മിച്ചൽ സാൻ്റ്നറിന് മുന്നിൽ വീണു. ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും ചേർന്നൊരുക്കിയ 41 റൺസ് ഇന്ത്യയെ വീണ്ടും ട്രാക്കിലെത്തിച്ചു. എന്നാൽ, 16 റൺസെടുത്ത ജഡേജയെ വീഴ്ത്തി മാറ്റ് ഹെൻറി വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ കണ്ടെത്തിയ ചില ബൗണ്ടറികളാണ് ഇന്ത്യയെ 250നരികെ എത്തിച്ചത്. 45 പന്തിൽ നിന്ന് 45 റൺസെടുത്താണ് ഹാർദിക് പാണ്ഡ്യ മടങ്ങിയത്. മാറ്റ് ഹെൻറിയ്ക്കായിരുന്നു വിക്കറ്റ്. അവസാന പന്തിൽ ഷമിയെ (5) വീഴ്ത്തിയ മാറ്റ് ഹെൻറി മത്സരത്തിൽ അഞ്ച് വിക്കറ്റ് തികച്ചു.




മത്സരത്തിൽ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ഇന്ത്യൻ ടീമിൽ ഹർഷിത് റാണയ്ക്ക് പകരം വരുൺ ചക്രവർത്തിയും ന്യൂസീലൻഡ് ടീമിൽ ഡെവോൺ കോൺവേയ്ക്ക് പകരം ഡാരിൽ മിച്ചലും ടീമിലെത്തി. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറും. പരാജയപ്പെടുന്ന ടീം രണ്ടാം സ്ഥാനക്കാരായും സെമി കളിക്കും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം സെമിയിൽ ഓസ്ട്രേലിയയെയും പരാജയപ്പെടുന്ന ടീം സെമിയിൽ ദക്ഷിണാഫ്രിക്കയെയുമാവും നേരിടുക.