Champions Trophy 2025: രോഹിത് ശർമ്മയ്ക്ക് വീണ്ടും ടോസ് നഷ്ടം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസീലൻഡ്
Champions Trophy 2025 Final Toss: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡ് ആദ്യം ബാറ്റ് ചെയ്തു. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരു മാറ്റവുമായി ന്യൂസീലൻഡ് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റമില്ല.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തായ മാറ്റ് ഹെൻറിയ്ക്ക് പകരം ന്യൂസീലൻഡ് ടീമിൽ നഥാൻ സ്മിത്ത് ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് കളി ആരംഭിക്കും. സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയപ്പോൾ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് കിവീസ് കലാശപ്പോരിലെത്തിയത്.
മധ്യനിരയിൽ ശ്രേയാസ് അയ്യരാണ് ടീം ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ടൂർണമെൻ്റിലിതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് അയ്യർ. സെഞ്ചുറി സ്കോറുകളില്ലെങ്കിലും ഫിഫ്റ്റികളും 40+ സ്കോറുകളും ശ്രേയാസ് നേടി. ഇതിനൊപ്പം വിരാട് കോലി, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവരും ചില മികച്ച പ്രകടനങ്ങൾ നടത്തി. കെഎൽ രാഹുൽ, രോഹിത് ശർമ്മ എന്നിവരും തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തുന്നു.
കിവീസ് നിരയിൽ സീനിയർ ബാറ്റർ കെയിൻ വില്ല്യംസണും യുവ ബാറ്റർ രചിൻ രവീന്ദ്രയുമാണ് ഫോമിലുള്ളത്. ഐസിസി ഇവൻ്റുകളിൽ സെഞ്ചുറിയടിക്കൽ ശീലമാക്കിയ രവീന്ദ്രയും ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള വില്ല്യംസണുമൊപ്പം ഡാരിൽ മിച്ചൽ, ടോം ലാഥം എന്നിവരും ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു.
ബൗളിംഗ് പരിഗണിക്കുമ്പോൾ മുഹമ്മദ് ഷമി പഴയ ഫോമിലല്ലെങ്കിലും വിക്കറ്റ് കണ്ടെത്തുന്നുണ്ട്. വരുൺ ചക്രവർത്തി തൻ്റെ ആദ്യ ചാമ്പ്യൻസ് ട്രോഫിയിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തുന്നു. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ തുടങ്ങിയവരും ഫോമിൽ തന്നെയാണ്. ന്യൂസീലൻഡ് ടീമിൽ ഏറ്റവും മികച്ച ഫോമിലായിരുന്ന മാറ്റ് ഹെൻറിയുടെ അഭാവം തിരിച്ചടിയാവുമെങ്കിലും കെയിൽ ജമീസൺ, വില്ല്യം ഒറൂർകെ, മിച്ചൽ സാൻ്റ്നർ തുടങ്ങിയവരൊക്കെ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്.
ഫൈനലിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയാസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ഫൈനലിനുള്ള ന്യൂസീലൻഡ് ടീം:
വിൽ യങ്, രചിൻ രവീന്ര, കെയിൻ വില്ല്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാൻ്റ്നർ, നഥാൻ സ്മിത്ത്, കെയിൽ ജമീസൺ, വില്ല്യം ഒറൂർകെ