Champions Trophy 2025: ന്യൂസീലൻഡ് ശാപം തീർത്ത് ഇന്ത്യ; രോഹിത് ശർമ്മയ്ക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തം
India Wins Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടിയപ്പോൾ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കണ്ടു. 76 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

2025 ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 252 റൺസ് വിജയലക്ഷ്യം 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ വിജയശില്പി. ശ്രേയാസ് അയ്യർ (48), കെഎൽ രാഹുൽ (34 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ന്യൂസീലൻഡിനായി മൈക്കൽ ബ്രേസ്‌വെലും മിച്ചൽ സാൻ്റ്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശർമ്മ പതിവുപോലെ ആക്രമിച്ചുകളിച്ചപ്പോൾ സ്കോർബോർഡിലേക്ക് റൺസൊഴുകി. പേസർമാരെ കടന്നാക്രമിച്ച രോഹിത് ഇതിനിടെ തൻ്റെ ഫിഫ്റ്റിയും തികച്ചു. എന്നാൽ, സ്പിന്നർമാർ കളത്തിലിറങ്ങിയതോടെ റൺ ക്ഷാമമുണ്ടായി. മിച്ചൽ സാൻ്റ്നർ, രചിൻ രവീന്ദ്ര എന്നിവരാണ് ആദ്യ ഘട്ടത്തിൽ പന്തെടുത്തത്. ഇന്ത്യൻ സ്പിന്നർമാരെക്കാൾ കൃത്യതയോടെ ന്യൂസീലൻഡ് സ്പിന്നർമാർ പന്തെറിഞ്ഞപ്പോൾ സ്കോറിങ് സാവധാനത്തിലായി. 31 റൺസെടുത്ത ഗില്ലിനെ സാൻ്റ്നറിൻ്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചു. 105 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഗിൽ- രോഹിത് സഖ്യം പങ്കാളികളായത്.
തൻ്റെ ആദ്യ പന്തിൽ തന്നെ വിരാട് കോലിയെ (1) വിക്കറ്റിന് മുന്നിൽ കുരുക്കിയ മൈക്കൽ ബ്രേസ്‌വെൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. നാലാം നമ്പരിലെത്തിയ ശ്രേയാസ് അയ്യരും മറുവശത്ത് രോഹിത് ശർമ്മയും റൺസ് കണ്ടെത്താനാവാതെ വിഷമിച്ചു. തുടരെ മെയ്ഡൻ ഓവറുകൾ വന്നതോടെ രചിൻ രവീന്ദ്രയുടെ പന്തിൽ ക്രീസ് വിട്ടിറങ്ങി കൂറ്റൻ ഷോട്ടിന് ശ്രമിച്ച രോഹിത് ശർമ്മയ്ക്ക് പിഴച്ചു. ഇന്ത്യൻ ക്യാപ്റ്റനെ ടോം ലാഥം സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.




Also Read: Champions Trophy 2025: ന്യൂസീലൻഡിനെ രക്ഷിച്ച് മിച്ചലും ബ്രേസ്‌വെലും; ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം
രോഹിതിൻ്റെ പുറത്താവലിന് ശേഷം ക്രീസിലെത്തിയ അക്സർ പട്ടേൽ ശ്രേയാസ് അയ്യരിന് ഉറച്ച പിന്തുണ നൽകിയതോടെ സാവധാനത്തിലെങ്കിലും സ്കോർ ബോർഡ് ചലിച്ചു. ഇന്നിംഗ്സിലെ ആദ്യ സമയങ്ങളിൽ പതറിയെങ്കിലും പിന്നീട് കളം പിടിച്ച ശ്രേയാസ് ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 44ൽ നിൽക്കെ ഗ്ലെൻ ഫിലിപ്സിൻ്റെ പന്തിൽ കെയിൽ ജമീസൺ ശ്രേയാസ് അയ്യരെ നിലത്തിട്ടു. എന്നാൽ, നാല് റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ശ്രേയാസ് പുറത്തായി. താരത്തെ ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ രചിൻ രവീന്ദ്രയുടെ കൈകളിലെത്തിക്കുകയായിരുന്നു. ആറാം നമ്പരിലെത്തിയ കെഎൽ രാഹുലും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തു. ഇതിനിടെ 29 റൺസ് നേടിയ അക്സർ പട്ടേൽ പുറത്തായി. അനായാസം ബാറ്റ് ചെയ്തിരുന്ന അക്സർ കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ മൈക്കൽ ബ്രേസ്‌വെലിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്.
ആറാം വിക്കറ്റിൽ കെഎൽ രാഹുലും ഹാർദിക് പാണ്ഡ്യയും ചേർന്ന് അതിവേഗത്തിൽ 38 റൺസ് കൂട്ടിച്ചേർത്തു. കെയിൽ ജമീസൺ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18 റൺസെടുത്ത ഹാർദ്ദിക്കിനെ സ്വന്തം ബൗളിംഗിൽ ജമീസൺ പിടികൂടി. എന്നാൽ, പക്വതയോടെ ബാറ്റ് ചെയ്ത കെഎൽ രാഹുലും (34 നോട്ടൗട്ട്) രവീന്ദ്ര ജഡേജയും (9 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 49ആം ഓവറിലെ അവസാന പന്തിൽ വിൽ ഒറൂർകെയെ ബൗണ്ടറിയടിച്ച് ജഡേജയാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.