Champions Trophy 2025: ‘അനിയാ, നിൽ’; വെടിക്കെട്ടിന് വെള്ളമൊഴിച്ച് ഇന്ത്യൻ സ്പിന്നർമാർ; കിവീസ് പൊരുതുന്നു
Champions Trophy 2025 Final Ind vs NZ: ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിന് നാല് വിക്കറ്റ് നഷ്ടം. ആക്രമിച്ച് തുടങ്ങിയ ന്യൂസീലൻഡിന് സ്പിന്നർമാരാണ് പിടിച്ചുനിർത്തിയത്. നിലവിൽ ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിലുള്ളത്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് പൊരുതുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് ഇതുവരെ നാല് വിക്കറ്റാണ് നഷ്ടമായത്. ആക്രമിച്ച് തുടങ്ങിയ ന്യൂസീലൻഡിനെ സ്പിന്നർമാർ പിടിച്ചുനിർത്തുകയായിരുന്നു. ന്യൂസീലൻഡിൻ്റെ നാല് വിക്കറ്റുകളിൽ രണ്ടെണ്ണം കുൽദീപ് യാദവ് സ്വന്തമാക്കിയപ്പോൾ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് ഗംഭീര തുടക്കമാണ് ന്യൂസീലൻഡ് ഓപ്പണർമാർ ചേർന്ന് നൽകിയത്. രവീന്ദ്ര ജഡേജ ആക്രമിച്ച് കളിച്ചപ്പോൾ വിൽ യങ് പിന്തുണ നൽകി. ഇന്ത്യക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത മുഹമ്മദ് ഷമിയെയും ഹാർദിക് പാണ്ഡ്യയെയും അനായാസം നേരിട്ട ഇരുവരെയും നിയന്ത്രിക്കാൻ രോഹിത് ആറാം ഓവറിൽ വരുൺ ചക്രവർത്തിയിലേക്ക് തിരിഞ്ഞു. തൻ്റെ അടുത്ത ഓവറിൽ വിൽ യങിനെ (15) വിക്കറ്റിന് മുന്നിൽ കുരുക്കി വരുൺ 57 റൺസ് നീണ്ട ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു.
11ആം ഓവറിൽ രണ്ടാം ബൗളിംഗ് ചേഞ്ചായി എത്തിയ കുൽദീപ് യാദവ് തൻ്റെ ആദ്യ പന്തിൽ തന്നെ രചിൻ രവീന്ദ്രയെ മടക്കി അയച്ചു. 28 പന്തിൽ 37 റൺസുമായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ രവീന്ദ്രയുടെ കുറ്റി തെറിപ്പിച്ചാണ് കുൽദീപ് തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തിയത്. പിന്നാലെ കെയിൻ വില്ല്യംസണെ (11) സ്വന്തം ബൗളിംഗിൽ കുൽദീപ് പിടികൂടി. നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലും ടോം ലാഥവും ചേർന്ന കൂട്ടുകെട്ട് ന്യൂസീലൻഡിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. വളരെ സാവധാനമായിരുന്നു ഇവരുടെ ബാറ്റിംഗ്. 33 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ലാഥമിനെ (14) ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി.




Also Read: Champions Trophy 2025: രോഹിത് ശർമ്മയ്ക്ക് വീണ്ടും ടോസ് നഷ്ടം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസീലൻഡ്
36 ഓവർ അവസാനിക്കുമ്പോൾ ന്യൂസീലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. ആറാം നമ്പരിലെത്തിയ ഗ്ലെൻ ഫിലിപ്സാണ് നിലവിൽ ഡാരിൽ മിച്ചലിനൊപ്പം ക്രീസിലുള്ളത്. ഇരുവരും ചേർന്ന് 48 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇതുവരെ പടുത്തുയർത്തിയത്. ഡാരിൽ മിച്ചൽ (41), ഗ്ലെൻ ഫിലിപ്സ് (28) എന്നിവർ ക്രീസിൽ തുടരുകയാണ്. ആക്രമിച്ചുകളിക്കുന്ന ഫിലിപ്സ് ഇടയ്ക്കിടെ ചില ബൗണ്ടറികൾ കണ്ടെത്തുന്നത് ന്യൂസീലൻഡിന് സഹായകമാവുന്നുണ്ട്.
ടോസ് നേടിയ കിവീസ് നായകൻ മിച്ചൽ സാൻ്റ്നർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനലിൽ ഒരു മാറ്റവുമായാണ് ന്യൂസീലൻഡ് ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ പേസർ മാറ്റ് ഹെൻറിയ്ക്ക് പകരം നഥാൻ സ്മിത്ത് ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റമില്ല. സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കയെയുമാണ് കീഴടക്കിയത്.