Champions Trophy 2025: ന്യൂസീലൻഡിനെ രക്ഷിച്ച് മിച്ചലും ബ്രേസ്‌വെലും; ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം
New Zealand Score vs India: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 251 റൺസ് നേടി. 63 റൺസ് നേടിയ ഡാരിൽ മിച്ചലും 53 റൺസ് നേടി പുറത്താവാതെ നിന്ന മൈക്കൽ ബ്രേസ്‌വെലും ന്യൂസീലൻഡിനായി തിളങ്ങിയപ്പോൾ സ്പിന്നർമാരാണ് ഇന്ത്യയുടെ രക്ഷകരായത്.

ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഭേദപ്പെട്ട സ്കോറുമായി ന്യൂസീലൻഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 251 റൺസ് നേടി. 63 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. 40 പന്തിൽ 53 റൺസ് നേടി പുറത്താവാതെ നിന്ന മൈക്കൽ ബ്രേസ്‌വെലും ന്യൂസീലൻഡിനായി തിളങ്ങി. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നറിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ന്യൂസീലൻഡ് ഓപ്പണർമാർ ബാറ്റ് വീശിയത്. രചിൻ രവീന്ദ്ര ടി20 മോഡിൽ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യ ബാക്ക്ഫൂട്ടിലായി. റണ്ണൊഴുക്ക് നിയന്ത്രിക്കാൻ രോഹിത് ശർമ്മയ്ക്ക് സ്പിന്നർമാരിലേക്ക് തിരിയേണ്ടിവന്നു. ഇന്നിംഗ്സിലെ ആറാം ഓവറിൽ വരുൺ ചക്രവർത്തിയെ പന്തേല്പിച്ച രോഹിതിന് പിഴച്ചില്ല. തൻ്റെ അടുത്ത ഓവറിൽ വിൽ യങിനെ (15) മടക്കി വരുൺ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 57 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷമാണ് താരം മടങ്ങിയത്.
പിന്നീട് ന്യൂസീലൻഡിന് വേഗത്തിൽ വിക്കറ്റ് നഷ്ടമായി. തൻ്റെ ആദ്യ പന്തിൽ തന്നെ രചിൻ രവീന്ദ്രയെ (28 പന്തിൽ 37) വീഴ്ത്തിയ കുൽദീപ് യാദവ് കെയിൻ വില്ല്യംസണെ (11) സ്വന്തം ബൗളിംഗിൽ പിടികൂടി. ഇതോടെ ന്യൂസീലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലേക്ക് വീണു. നാലാം വിക്കറ്റിൽ ടോം ലാതവും ഡാരിൽ മിച്ചലും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. ലാഥമിനെ (14) വിക്കറ്റിന് മുന്നിൽ കുരുക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.




ആറാം നമ്പരിലെത്തിയ ഗ്ലെൻ ഫിലിപ്സ് പോസിറ്റീവായി ബാറ്റ് വീശിയതോടെ വീണ്ടും ന്യൂസീലൻഡ് സ്കോർ ഉയർന്നു. അഞ്ചാം വിക്കറ്റിൽ മിച്ചലും ഫിലിപ്സും ചേർന്ന് 57 റൺസാണ് കൂട്ടിച്ചേർത്തത്. ഈ കൂട്ടുകെട്ടിലൂടെ ന്യൂസീലൻഡ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കവേ വരുൺ ചക്രവർത്തി രക്ഷയ്ക്കെത്തി. 34 റൺസ് നേടിയ ഫിലിപ്സിൻ്റെ കുറ്റി പിഴുത് വരുൺ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയത്തിയ മൈക്കൽ ബ്രേസ്‌വെൽ തുടക്കത്തിലൊന്ന് പതറിയെങ്കിലും പിന്നീട് ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ മിച്ചൽ ഫിഫ്റ്റി തികച്ചു. ആറാം വിക്കറ്റിൽ ബ്രേസ്‌വെല്ലും മിച്ചലും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. 63 റൺസ് നേടിയ മിച്ചലിനെ രോഹിതിൻ്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ കണ്ടെത്തിയ മൈക്കൽ ബ്രേസ്‌വെലാണ് ന്യൂസീലൻഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 39 പന്തുകളിൽ ബ്രേസ്‌വെൽ ഫിഫ്റ്റി തികച്ചു. 8 റൺസ് നേടിയ ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ 49ആം ഓവറിൽ റണ്ണൗട്ടായി. ബ്രേസ്‌വെലും (40 പന്തിൽ 53) നഥാൻ സ്മിത്തും (1) നോട്ടൗട്ടാണ്.