Champions Trophy 2025: ഫഖർ സമാനെ തിരികെവിളിച്ചു; മുഹമ്മദ് റിസ്‌വാൻ നയിക്കും; പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു
Champions Trophy 2025 Pakistan Team: ഇക്കൊല്ലത്തെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള 15 അംഗ പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ച് പിസിബി. മുഹമ്മദ് റിസ്‌വാൻ നായകനാവുന്ന ടീമിൽ ഫഖർ സമാൻ ഏറെക്കാലത്തിന് ശേഷം തിരികെയെത്തി.

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ പാകിസ്താൻ. മുഹമ്മദ് റിസ്‌വാൻ ആണ് ടീമിനെ നയിക്കുക. ഏറെക്കാലത്തിന് ശേഷം ഫഖർ സമാൻ ടീമിലേക്ക് തിരികെയെത്തി. പരിക്കേറ്റ യുവ ഓപ്പണർ സയിം അയൂബിന് ടീമിൽ ഇടം ലഭിച്ചില്ല. ബാബർ അസമോ സൗദ് ഷക്കീലോ ആവും ഫഖർ സമാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്ന് പിസിബി മുഖ്യ സെലക്ടർ ആസാദ് ഷഫീഖ് അറിയിച്ചു.
2017ലെ പാകിസ്താൻ ടീമിലുണ്ടായിരുന്ന മൂന്ന് പേർ മാത്രമാണ് ഈ വർഷത്തെ ടൂർണമെൻ്റിൽ കളിക്കുക. കഴിഞ്ഞ ടൂർണമെൻ്റ് ഫൈനലിൽ ഇന്ത്യക്കെതിരെ മാച്ച് വിന്നിങ് സെഞ്ചുറി നേടിയ സമാൻ 2024 ജൂണിന് ശേഷം ദേശീയ ടീമിൽ കളിച്ചിരുന്നില്ല. പരിക്കും അസുഖങ്ങളുമായിരുന്നു കാരണം. ആഭ്യന്തര മത്സരങ്ങളിലൂടെ ഫോം വീണ്ടെടുത്തതോടെയാണ് സമാനെ വീണ്ടും ദേശീയ ടീമിൽ പരിഗണിച്ചത്.
2023 ലോകകപ്പിൽ അവസാന ഏകദിനം കളിച്ച സൗദ് ഷക്കീലിന് ടെസ്റ്റിലെ മികച്ച പ്രകടനങ്ങളാണ് തുണയായത്. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനങ്ങൾ പരിഗണിച്ച് ഫഹീം അഷ്റഫും ഖുഷ്ദിൽ ഷായും ടീമിൽ ഇടം നേടി. ഈ ടീം തന്നെ ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെൻ്റിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപാണ് ഈ പരമ്പര.




ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള പാകിസ്താൻ ടീം: മുഹമ്മദ് റിസ്‌വാൻ, ബാബർ അസം, ഫഖർ സമാൻ, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യബ് താഹിർ, ഫഹീം അഷ്റഫ്, ഖുഷ്ദിൽ ഷാ, സൽമാൻ അലി ആഘ, ഷഹീൻ ഷാ അഫ്രീദി, അബ്‌റാർ അഹ്മദ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്നൈൻ
ചാമ്പ്യൻസ് ട്രോഫി
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടിക്കറ്റ് വില്പന ഐസിസി ആരംഭിച്ചുകഴിഞ്ഞു. പാകിസ്താനിൽ ഒരുക്കങ്ങൾ പൂർത്തിയാവാനുണ്ടെങ്കിലും ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്ന സ്റ്റേഡിയങ്ങളുടെ പണി ഫെബ്രുവരി ആദ്യ ആഴ്ച തന്നെ പൂർത്തിയാവുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ഈ മാസം 28 മുതലാണ് ടിക്കറ്റ് വില്പന ആരംഭിച്ചത്. പാകിസ്താനിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പനയും ഉടൻ ആരംഭിക്കുമെന്ന് ഐസിസി അറിയിച്ചു.
പാകിസ്താനിൽ കറാച്ചി, ലാഹോർ, റാവല്പിണ്ടി എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഈ വേദികളുടെയൊക്കെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 30നായിരുന്നു സ്റ്റേഡിയം പണി പൂർത്തിയാക്കാനുള്ള ഐസിസിയുടെ ഡെഡ്ലൈൻ. ഈ ദിവസത്തിൽ പണി പൂർത്തിയാക്കാൻ പിസിബിയ്ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഐസിസി പിസിബിയ്ക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി 18 മുതലാണ് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ ഹൈബ്രിഡ് മോഡലിനോട് പിസിബി എതിർത്തുനിന്നിരുന്നു. പിന്നീട് ഐസിസിയും ബിസിസിഐയുമായിട്ടുള്ള ചർച്ചകൾക്ക് ശേഷം പിസിബി ഹൈബ്രിഡ് മോഡലിനോട് സമ്മതമറിയിക്കുകയായിരുന്നു.