Champions Trophy 2025: ‘വൈകിട്ട് നാല് മണിക്ക് ഞങ്ങൾ ദുബായിൽ; പിറ്റേന്ന് പുലർച്ചെ ഏഴരയ്ക്ക് പാകിസ്താനിൽ’; ഇത് ശരിയല്ലെന്ന് ഡേവിഡ് മില്ലർ
David Miller Criticizes India Schedule: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാക്കിയത് ശരിയായില്ലെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. ന്യൂസീലൻഡിനെതിരായ സെമിഫൈനലിൽ പരാജയപ്പെട്ട് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായശേഷമാണ് ഡേവിഡ് മില്ലറിൻ്റെ പ്രതികരണം.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാക്കിയത് മറ്റ് ടീമുകളുടെ പദ്ധതികൾ തകിടം മറിച്ചു എന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. വൈകിട്ട് നാല് മണിയ്ക്ക് ദുബായിലെത്തിയ തങ്ങൾക്ക് പിറ്റേന്ന് പുലർച്ചെ പാകിസ്താനിൽ എത്തേണ്ടിവന്നു. ഇത് ശരിയായ നടപടിയല്ലെന്നും ഡേവിഡ് മില്ലർ പ്രതികരിച്ചു. ന്യൂസീലൻഡിനെതിരായ സെമിഫൈനലിൽ പരാജയപ്പെട്ട് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായശേഷമാണ് മില്ലറിൻ്റെ പ്രതികരണം.
ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമാണ് വലിയ തിരിച്ചടി നേരിട്ടത്. ന്യൂസീലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ ഓസ്ട്രേലിയയും ഇന്ത്യ തോറ്റാൽ ദക്ഷിണാഫ്രിക്കയുമായിരുന്നു ആദ്യ സെമിഫൈനൽ കളിക്കേണ്ടിയിരുന്നത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരം മാർച്ച് രണ്ടിനായിരുന്നു. നാലിന് ആദ്യ സെമി. ദുബായിൽ ആരാണ് കളിക്കേണ്ടതെന്നുറപ്പില്ലാത്തതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും മാച്ച് പ്രാക്ടീസിനായി ദുബായിലെത്തി. മത്സരത്തിൽ ഇന്ത്യ വിജയിച്ചതോടെ ഓസ്ട്രേലിയ ദുബായിൽ തുടർന്നു. ദക്ഷിണാഫ്രിക്ക തിരികെ പാകിസ്താനിലേക്ക് പോവുകയും ചെയ്തു. നാലിന് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ദുബായിൽ ആദ്യ സെമിഫൈനലും ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും തമ്മിൽ ഈ മാസം അഞ്ചിന് പാകിസ്താനിൽ രണ്ടാം സെമിഫൈനലും നടന്നു. അതുകൊണ്ട് തന്നെ ദുബായിലേക്കും പാകിസ്താനിലേക്കും ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ദിവസം കൊണ്ട് യാത്ര ചെയ്യേണ്ടിവന്നു. ഇതിനെതിരെയാണ് മില്ലർ രംഗത്തുവന്നത്.
“വെറും ഒരു മണിക്കൂർ 40 മിനിട്ട് നീളുന്ന വിമാനയാത്ര ആയിരുന്നു അത്. പക്ഷേ, അത് ചെയ്യേണ്ടിവന്നത് ശരിയായില്ല. ഞായറാഴ്ച വൈകിട്ട് നാല് മണിയ്ക്ക് ഞങ്ങൾ ദുബായിലെത്തി. തിങ്കളാഴ്ച രാവിൽർ 7.30ന് പാകിസ്താനിലേക്ക് തിരികെ പോകേണ്ടിവരികയും ചെയ്തു. ഞങ്ങൾക്ക് ആവശ്യത്തിനുള്ള വിശ്രമവും പരിശീലനവുമൊക്കെ ലഭിച്ചു. പക്ഷേ, അങ്ങനെയൊരു സാഹചര്യമുണ്ടായത് ശരിയായില്ല.




ദക്ഷിണാഫ്രിക്കയെ 50 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസീലൻഡ് ഫൈനലിലെത്തിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 363 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനേ സാധിച്ചുള്ളൂ. 67 പന്തിൽ 100 റൺസെടുത്ത മില്ലർ ദക്ഷിണാഫ്രിക്കക്കായി പൊരുതിയെങ്കിലും അത് മതിയാവുമായിരുന്നില്ല. ന്യൂസീലൻഡിനായി രചിൻ രവീന്ദ്രയും (108) കെയിൻ വില്ല്യംസണും (102) സെഞ്ചുറിയടിച്ചു. ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഏറ്റുമുട്ടും. ഈ മാസം 9 ഞായറാഴ്ചയാണ് ഫൈനൽ മത്സരം.