ചാമ്പ്യൻസ് ലീഗ്; റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ടീമുകൾ സെമിയിൽ
സെമി ഫൈനലിൽ റയൽ മാഡ്രിഡാണ് ബയേണിന്റെ എതിരാളി. വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചെസ്റ്റർ സിറ്റിയെ തോൽപ്പിച്ചാണ് റയൽ സെമിയിൽ പ്രവേശിച്ചത്.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ടീമുകൾ സെമിയിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചെസ്റ്റർ സിറ്റിയെ തോൽപ്പിച്ചാണ് റയൽ സെമിയിൽ പ്രവേശിച്ചതെങ്കിൽ, ആഴ്‌സണലിനെ തകർത്താണ് ബയേൺ സെമിയിൽ പ്രവേശനം സാധ്യമാക്കിയത്.
ആദ്യപാദ മത്സരത്തിൽ 3-3 എന്ന സമനിലയിലായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റയലും സിറ്റിയും രണ്ടാം പാദത്തിന് കൊമ്പുകോർക്കാനിറങ്ങിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും 1-1 എന്ന നിലയിലായതോടെ അഗ്രിഗേറ്റ് സ്‌കോർ 4-4 എന്ന നിലയിലായി. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട കളി, 4-3ന് റയൽ മാഡ്രിഡ് ജയിച്ചു.
12-ാം മിനിറ്റിൽ റോഡ്രിഗോയാണ് റയലിനായി ആദ്യ ഗോൾ നേടിയത്. വിനീഷ്യസ് നൽകിയ പാസ് റോഡ്രിഗോ വലയിലേക്ക് ചലിപ്പിച്ചെങ്കിലും മാഞ്ചെസ്റ്റർ ഗോൾക്കീപ്പർ എഡേഴ്‌സൺ തടഞ്ഞിട്ടു. റീബൗണ്ടിൽ റോഡ്രിഗോ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലെ 76-ാം മിനിറ്റിലാണ് പിന്നീട് സിറ്റിയുടെ തിരിച്ചടിയുണ്ടായത്. ഡോകു നൽകിയ അസിസ്റ്റിൽ ഡി ബ്രുയിൻ മത്സരം സമനിലയിലെത്തിച്ചു. അതേ നിലയിൽത്തന്നെ നിശ്ചിത സമയം അവസാനിക്കുകയും എക്‌സ്ട്രാ ടൈമിലേക്ക് നീളുകയും ചെയ്‌തെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. അതോടെ ഷൂട്ടൗട്ടിലെത്തി.
റയലിനുവേണ്ടി ബെല്ലിങ്ഹാം, വാസ്‌കസ്, നാചോ, റുദിഗർ എന്നിവർ കിക്ക് വലയിലെത്തിച്ചു. ആദ്യ കിക്കെടുത്ത മോഡ്രിച്ചിന്റെ ഷോട്ട് എഡേഴ്‌സൺ പ്രതിരോധിച്ചു. സിറ്റിക്കുവേണ്ടി ജൂലിയൻ അൽവാരസ്, ഫോഡൻ, എഡേഴ്‌സൺ എന്നിവർ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, രണ്ടാം കിക്കെടുത്ത ബെർണാഡോയുടെയും മൂന്നാം കിക്കെടുത്ത കൊവചിചിന്റെയും കിക്കുകൾ ലുനിൻ തടഞ്ഞു.
സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന്റെ ജയം നേടിയാണ് ബയേൺ മ്യൂണിച്ച് സെമി ഉറപ്പിച്ചത്. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ 2-2 എന്ന സ്‌കോറിലായിരുന്നു കളി അവസാനിച്ചത്. കിമ്മിച്ചിന്റെ ഗോളിലൂടെ അഗ്രിഗേറ്റ് സ്‌കോറിൽ ബയേൺ 3-2 എന്ന നിലയിൽ മുന്നിലെത്തി. ഗോൾ രഹിതമായ ഒന്നാം പകുതിക്കുശേഷമാണ് കിമ്മിച്ചിന്റെ ഗോൾ വന്നത്. 63-ാം മിനിറ്റിൽ ഗുറേറോ നൽകിയ ക്രോസ് മികച്ച ഒരു ഹെഡറിലൂടെ കിമ്മിച്ച് വലയിലെത്തിക്കുകയായിരുന്നു. സെമി ഫൈനലിൽ റയൽ മാഡ്രിഡാണ് ബയേണിന്റെ എതിരാളി.