5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Super League Kerala: സാമൂതിരിയുടെ നാട്ടിലേക്ക് സൂപ്പർ ലീ​ഗ് കേരളയുടെ കിരീടം; കാലിക്കറ്റി‌ന് സമ്മാനമായി കോടികൾ

Calicut FC: 5,000 കാണികളാണ് പ്രഥമ സൂപ്പർ ലീ​ഗ് കേരളയുടെ കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. നിറഞ്ഞ കാണികളെ സാക്ഷി നിർത്തിയാണ് കാലിക്കറ്റ് എഫ്സി പ്രഥമ സീസണിലെ ചാമ്പ്യന്മാരായത്.

Super League Kerala: സാമൂതിരിയുടെ നാട്ടിലേക്ക് സൂപ്പർ ലീ​ഗ് കേരളയുടെ കിരീടം; കാലിക്കറ്റി‌ന് സമ്മാനമായി കോടികൾ
SLK Champions Calicut FC( Image Credits: Super League Kerala)
athira-ajithkumar
Athira CA | Published: 10 Nov 2024 22:48 PM

കോഴിക്കോട്: സൂപ്പർലീഗ് കേരള ഫുട്ബോൾ പ്രഥമ സീസണിലെ കലാശപ്പോരിൽ കൊച്ചി വീഴ്ത്തി കിരീടം കാലിക്കറ്റ് എഫ്സിക്ക്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് കാലിക്കറ്റിന്റെ ജയം. തോയ് സിം​ഗ്, ബെൽഫോർട്ട് എന്നിവരാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്. ഡോറിയൽട്ടൻ ഗോമസാണ്‌ എക്സ്ട്രാ ടെെമിൽ കൊച്ചിയ്ക്ക് വേണ്ടി ആശ്വാസ ​ഗോൾ കണ്ടെത്തിയത്. കലാശപ്പോരിൽ ഉടനീളം ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കാലിക്കറ്റ്, കൊച്ചിയുടെ പ്രതിരോധത്തിൽ പലതവണ ആർത്തുകയറി.

ഫോഴ്സാ കൊച്ചിയുടെ ആക്രമണങ്ങളോടെയാണ് മത്സരത്തിന് മൂർച്ച കൂടിയത്. കാലിക്കറ്റിന്റെ ബോക്സിലേക്ക് ആദ്യ പകുതിയിൽ തന്നെ കൊച്ചിയുടെ താരങ്ങൾ പന്തുമായെത്തി. ഇടതുവിം​ഗിലൂടെ കൊച്ചി മുന്നേറ്റങ്ങൾ നടത്തിയപ്പോൾ കാലിക്കറ്റും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങി.

മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫോഴ്സാ കൊച്ചിയെ വിറപ്പിച്ച് കാലിക്കറ്റ് മുന്നിലെത്തി. തോയ് സിം​ഗിലൂടെ കാലിക്കറ്റ് ലക്ഷ്യം കണ്ടു. മധ്യഭാ​ഗത്ത് നിന്ന് ലഭിച്ച പാസ് ഇടതുവിങ്ങിലൂടെ ജോൺ കേന്നഡി പെനാൽറ്റി ബോക്സിലേക്ക് നീട്ടി. കൊച്ചിയുടെ പ്രതിരോധ താരങ്ങളെ മറികടന്ന് തോയ് സിം​ഗ് പന്ത് വലയിലേക്കെത്തിച്ചു. ഒരു ​ഗോളിന് മുന്നിട്ട് നിന്നതോടെ കാലിക്കറ്റ് വീണ്ടും ആക്രമണ ഫുട്ബോളുമായി എതിരാളികളെ വിറപ്പിച്ചു. എന്നാൽ പന്ത് കെെവശം വച്ച് കൊച്ചി കളിച്ചു. മത്സരം പരുക്കനായതോടെ ഫോഴ്സയുടെ താരങ്ങൾ മഞ്ഞകാർഡും വാങ്ങിക്കൂട്ടി.

“>

 

32-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി ജിജോ ജോസഫിനെ കാലിക്കറ്റ് കളത്തിലിറക്കി. പിന്നാലെ മുന്നേറ്റത്തിൽ ഇരു ടീമുകളും ശ്രദ്ധ കേന്ദീകരിച്ചെങ്കിലും ആദ്യ പകുതിയിൽ വലകുലുക്കാൻ കൊച്ചിക്കായില്ല. രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോളുമായി കാലിക്കറ്റ് എഫ്സി മുന്നിട്ട് നിന്നു. കേരളാ ബ്ലാസ്റ്റേഴ്സ് മുൻ താരം ബെൽഫോർട്ടിലൂടെയായിരുന്നു രണ്ടാം ​ഗോൾ. ഫ്രീകിക്കിലൂടെയാണ് താരം വലകുലുക്കിയത്. കളിയുടെ 71-ാം മിനിറ്റിലാണ് ബെൽഫോർട്ടിലൂടെ ആതിഥേയർ വിജയ ​ഗോൾ സ്വന്തമാക്കിയത്.

ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടെങ്കിലും പിന്നീട് കാലിക്കറ്റിന് ലക്ഷ്യം കാണാനായില്ല. ഇൻജ്വറി ടെെമിന്റെ നാലാം മിനിറ്റിൽ കൊച്ചി ആശ്വാസ ഗോൾ മടക്കി. ബ്രസീലിയൻ താരം ഡോറിയൽട്ടൻ ഗോമസാണ്‌ ടീമിനായി ആശ്വാസ ​ഗോൾ നേടിയത്. 35,000 കാണികളാണ് പ്രഥമ സൂപ്പർ ലീ​ഗ് കേരളയുടെ കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഫെെനൽ കാണാൻ ഫോഴ്സ കൊച്ചി ടീം ഉടമകളായ നടൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫ് എന്നിവർ സ്റ്റേഡിയത്തിലെത്തിയിരുന്നു. ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിക്ക് ഒരു കോടിയും റണ്ണേഴ്സപ്പായ ഫോഴ്സാ കൊച്ചിയ്ക്ക് 50 ലക്ഷവും ലഭിക്കും.