Yuvraj Singh Biopic : ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നറുടെ കഥ അഭ്രപാളിയിലേക്ക്; യുവരാജ് സിംഗിൻ്റെ ബയോപിക് ഒരുങ്ങുന്നു
Biopic On Yuvraj Singh : ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിൻ്റെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നു. നിർമാതാവ് ഭൂഷൺ കുമാർ ചിത്രം നിർമ്മിക്കും. ഇദ്ദേഹം തന്നെയാണ് വിവരം പുറത്തുവിട്ടത്.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിൻ്റെ ബയോപിക് ഒരുങ്ങുന്നു. പ്രശസ്ത നിർമാതാവ് ഭൂഷൺ കുമാറാണ് ബയോപിക്ക് ഒരുങ്ങുന്നുവെന്ന വിവരം അറിയിച്ചത്. ചിത്രത്തിലെ അഭിനേതാക്കൾ അടക്കം മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നറായ യുവരാജിൻ്റെ ബയോപിക് ഏറെക്കാലമായി ക്രിക്കറ്റ് ആരാധകർ ആവശ്യപ്പെടുന്നതാണ്.
യുവരാജിനെ അവതരിപ്പിക്കുന്നതാരെന്നോ സിനിമ സംവിധാനം ചെയ്യുന്നതാരെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുൻപും നിരവധി ബയോപിക്കുകൾ പുറത്തിറങ്ങിയിട്ടുള്ള സിനിമാ മേഖലയാണ് ബോളിവുഡ്. കബീർ ഖാൻ സംവിധാനം ചെയ്ത ചന്ദു ചാമ്പ്യനാണ് ഏറ്റവും അവസാനമായി ബോളിവുഡിൽ നിന്ന് പുറത്തിറങ്ങിയ ബയോപിക്.
“യുവരാജ് സിംഗിൻ്റെ ജീവിതം പോരാട്ടത്തിൻ്റെയും വിജയങ്ങളുടെയും അഭിനിവേശത്തിൻ്റെയും കഥയാണ്. മികച്ച ഒരു ക്രിക്കറ്ററിൽ നിന്ന് ഒരു ക്രിക്കറ്റ് ഹീറോയായും ജീവിതത്തിലെ ഹീറോയായും വളർന്ന അദ്ദേഹത്തിൻ്റെ യാത്ര ആളുകളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. നിശ്ചയമായും പറഞ്ഞിരിക്കേണ്ട ഒരു കഥ പറയാൻ കഴിയുന്നതിലും അത് വെള്ളിത്തിരയിൽ അവതരിപ്പിച്ച് അദ്ദേഹത്തിൻ്റെ അസാമാന്യ നേട്ടങ്ങൾ ആഘോഷിക്കാനും കഴിയുന്നതിൽ ഞാൻ ആവേശഭരിതനാണ്.”- ഭൂഷൺ കുമാർ പറഞ്ഞു.
“എൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുമെന്നതിൽ ഞാൻ ഏറെ കൃതാർത്ഥനാണ്. ക്രിക്കറ്റായിരുന്നു എൻ്റെ ഏറ്റവും വലിയ ഇഷ്ടവും കരുത്തും. ജീവിതത്തിൻ്റെ ഉയർച്ചതാഴ്ചകളിലൊക്കെ ക്രിക്കറ്റ് എന്നോടൊപ്പം ഉണ്ടായിരുന്നു. പ്രതിസന്ധികൾ മറികടന്ന് തങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ ഇത് മറ്റുള്ളവരെയും പ്രചോദിപ്പിക്കുമെന്ന് ഞാൻ കരുതുന്നു.”- യുവരാജ് പ്രതികരിച്ചു.
Also Read : Rohit Sharma : എല്ലാവരോടും മാന്യമായ പെരുമാറ്റം, സീനിയറാണെന്ന ഭാവമില്ല; രോഹിത് ശർമയെ പുകഴ്ത്തി ധ്രുവ് ജുറേൽ
ഏജ് ഗ്രൂപ്പുകളിൽ തന്നെ രാജ്യം മുഴുവൻ അറിയപ്പെട്ട ക്രിക്കറ്റ് താരമായിരുന്നു യുവരാജ് സിംഗ്. 13ആം വയസിൽ പഞ്ചാബിൻ്റെ അണ്ടർ 16 ടീമിലും 15ആം വയസിൽ അണ്ടർ 19ആം വയസിലും യുവരാജ് അരങ്ങേറി. 1997ൽ, തൻ്റെ 16ആം വയസിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. 199ലെ കൂച്ച് ബെഹാർ ട്രോഫിയിൽ ബീഹാറിനെതിരെ 358 റൺസ് നേടിയതാണ് യുവരാജിനെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സൂപ്പർ താരമാക്കിയത്. മുഹമ്മദ് കൈഫ് നയിച്ച ടീം 2000 ലെ അണ്ടർ 19 ലോകകപ്പ് കിരീടം നേടുമ്പോൾ യുവരാജായിരുന്നു ടൂർണമെൻ്റിലെ താരം.
തൻ്റെ 19ആം വയസിൽ, 2000ൽ ഐസിസി നോക്കൗട്ട് ട്രോഫിയിൽ യുവരാജ് ഇന്ത്യക്കായി അരങ്ങേറി. പരമ്പരയിൽ ഓസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനലിൽ 80 പന്തിൽ 84 റൺസ് നേടിയ യുവി രാജ്യാന്തര തലത്തിലും തൻ്റെ പേര് വിളംബരം ചെയ്തു. ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ, ജേസൺ ഗില്ലസ്പി എന്നിവരടങ്ങിയ പേസ് അറ്റാക്കിനെതിരായ യുവിയുടെ ഈ പ്രകടനത്തിൽ കളി ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇതിനിടയിൽ പല സുപ്രധാന ടൂർണമെൻ്റുകളിലും ഇന്ത്യക്കായി അസാമാന്യ പ്രകടനങ്ങൾ നടത്തിയ താരം 2002 ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 63 പന്തിൽ 69 റൺസ് നേടി തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇന്നും ആരാധകർ മറക്കാത്ത ഒരു ഇന്നിംഗ്സായിരുന്നു. പിന്നീട് 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ കിരീടധാരണത്തിലെ സൂത്രധാരനായിരുന്നു. ക്യാൻസർ ബാധിതനായിരിക്കെയാണ് 2011 ലോകകപ്പിൽ യുവി ടൂർണമെൻ്റിലെ തന്നെ താരമാവുന്നത്.
2011 ൽ തന്നെ യുവരാജിന് ക്യാൻസർ സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് ശേഷം, 2012ലെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ട യുവി പന്തുകൊണ്ട് മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിംഗിൽ നിരാശപ്പെടുത്തി. പിന്നീട് ചില മികച്ച ഇന്നിംഗ്സുകൾ കണ്ടെങ്കിലും മാച്ച് വിന്നിംഗ് ഇന്നിംഗ് കഴിക്കാനുള്ള കഴിവ് ചോർന്നുപോയിരുന്നു. എങ്കിലും 2016ലെ ഏഷ്യാ കപ്പിലടക്കം യുവി ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. 2017ൽ യോയോ ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് യുവി വിരമിക്കാൻ തീരുമാനിക്കുന്നത്.