BBL Collision: ക്യാച്ചിനായി ഓടി കൂട്ടിയിടിച്ച് വീണു; ഡാനിയൽ സാംസിനെ കൊണ്ടുപോയത് സ്ട്രെച്ചറിൽ; ഞെട്ടിക്കുന്ന വിഡിയോ
Daniel Sams And Cameron Bancroft Injured While Trying For A Catch: ബിഗ് ബാഷ് ലീഗിൽ താരങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സിഡ്നി തണ്ടറും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിഗ് ബാഷ് ലീഗിൽ മാരകമായ അപകടം. പെർത്ത് സ്കോർച്ചേഴ്സും സിഡ്നി തണ്ടറും തമ്മിൽ ജനുവരി മൂന്നിന് നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ സിഡ്നി തണ്ടറിൻ്റെ രണ്ട് താരങ്ങൾ പരസ്പരം കൂട്ടിയിടിച്ച് വീഴുകയായിരുന്നു. രണ്ട് പേരും പരിക്കേറ്റ് പുറത്തുപോയി. ഇവരിൽ ഒരാളെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്.
പെർത്ത് സ്കോർച്ചേഴ്സിൻ്റെ ഇന്നിംഗ്സിലെ 16ആം ഓവറിലാണ് സംഭവം. ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസനായിരുന്നു ബൗളർ. ഓവറിലെ രണ്ടാം പന്ത് സ്കോർച്ചേഴ്സ് താരം കൂപ്പർ കൊണോലി ഉയർത്തി അടിയ്ക്കാൻ ശ്രമിച്ചു. ലെഗ് സൈഡിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ച പന്ത് പക്ഷേ, ബാറ്റിൻ്റെ എഡ്ജിൽ തട്ടി ഉയർന്നുപൊങ്ങി. ബൗണ്ടറി ലൈനിൽ നിന്ന് ഓടിവന്ന ഡാനിയൽ സാംസും ഇന്നർ സർക്കിളിൽ നിന്ന് ഓടിച്ചെന്ന കാമറൂൺ ബാൻക്രോഫ്റ്റും ക്യാച്ചിനായി ശ്രമിച്ചെങ്കിലും ഇരുവരും കൂട്ടിയിടിച്ച് നിലത്തുവീണു. സാധാരണ കൂട്ടിയിടിയാവുമെന്ന് താരങ്ങളും മാച്ച് ഒഫീഷ്യൽസുമൊക്കെ കരുതിയെങ്കിലും ഇരുവരും വീണിടത്തുനിന്ന് എഴുന്നേറ്റില്ല. ഉടൻ തന്നെ സിഡ്നി തണ്ടർ താരങ്ങൾ ഇരുവർക്കുമരികിലേക്ക് ഓടിയെത്തി. ഉടൻ തന്നെ മെഡിക്കൽ സംഘവുമെത്തി. ഡാനിയൽ സാംസിനെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. ബാൻക്രോഫ്റ്റ് മൂക്ക് പൊത്തിപ്പിടിച്ച് നടന്ന് പുറത്തേക്ക് പോയി. ഇരുവർക്കും പകരം ഒലി ഡേവിസ്, ഹ്യൂ വെയ്ബെഗൻ എന്നിവരാണ് പകരം കളിക്കാനിറങ്ങിയത്.
മത്സരത്തിൽ സിഡ്നി തണ്ടർ ആവേശജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത സ്കോർച്ചേഴ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് നേടി. 31 പന്തിൽ 68 റൺസ് നേടിയ ഫിൻ അലൻ സ്കോർച്ചേഴ്സിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ അത്ര തന്നെ പന്തിൽ 43 റൺസ് നേടി കൂപ്പർ കൊണോലി പുറത്താവാതെ നിന്നു. തണ്ടറിനായി ക്രിസ് ഗ്രീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ഡേവിഡ് വാർണർ (33 പന്തിൽ 49) മുന്നിൽ നിന്ന് നയിച്ചപ്പോൾ മാത്യു ഗൈക്സും (36 പന്തിൽ 43) തണ്ടറിനായി തിളങ്ങി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച വെസ്റ്റ് ഇൻഡീസ് താരം ഷെർഫെയ്ൻ റതർഫോർഡ് അവസാന പന്തിൽ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിക്കുകയായിരുന്നു. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു തണ്ടറിൻ്റെ വിജയലക്ഷ്യം. 19 പന്തിൽ 39 റൺസ് നേടി റതർഫോർഡ് നോട്ടൗട്ടാണ്. സ്കോർച്ചേഴ്സിനായി ലാൻസ് മോറിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച സിഡ്നി തണ്ടർ പോയിൻ്റ് പട്ടികയിൽ രണ്ടാമതാണ്. ആറ് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച പെർത്ത് സ്കോർച്ചേഴ്സ് മൂന്നാമത്. ആറ് കളി നാലെണ്ണം വിജയിച്ച് ഒരു കളി മഴയിൽ മുങ്ങിയ സിഡ്നി സിക്സേഴ്സാണ് ഒന്നാമത്.
വിഡിയോകൾ കാണാം:
Daniel sams taken by stretcher
Serious collision
Second collision of today.
First one happen in BPL.#BBL #AUSvIND #danielsams pic.twitter.com/vNW9eznktR— Yogesh Chauhan (@Yogi66193) January 3, 2025
A horrific collision between Daniel Sams and Chris Green during the BBL. Hoping it’s nothing serious. (Astro Cricket)#BBL #DanielSams #ChrisGreen #BigBashLeague #Cricket pic.twitter.com/v4ke391Rsw
— Fantasy Khiladi (@_fantasykhiladi) January 3, 2025
പുറത്തേക്ക് കൊണ്ടുപോയതിന് ശേഷം മത്സരത്തിനിടെ തന്നെ ഇരുവരെയും ആരോഗ്യനിലയെപ്പറ്റി കമൻ്റേറ്റർമാർ അറിയിച്ചിരുന്നു. ഇരുവർക്കും ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നുമാണ് കമൻ്ററി പാനലിൽ നിന്ന് അറിയിച്ചത്. തണ്ടറിൻ്റെ മറുപടി ബാറ്റിംഗ് ആരംഭിക്കുമ്പോഴായിരുന്നു കമൻ്റേറ്റർമാരുടെ വെളിപ്പെടുത്തൽ.