BGT 2024 : ഓസീസ് നിരയിൽ ഹേസൽവുഡ് തിരികെയെത്തി; ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മ ഓപ്പണിംഗിലേക്ക് തിരികെയെത്തിയേക്കും
BGT 2024 Josh Hazlewood Rohit Sharma : ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഡിസംബർ 14ന് ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ 5.50ന് ഗാബയിലാണ് മത്സരം ആരംഭിക്കുക.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരം ഡിസംബർ 14നാണ് ആരംഭിക്കുക. ഇന്ത്യൻ സമയം പുലർച്ചെ 5.50ന് മത്സരം ആരംഭിക്കും. ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം നടക്കുക. മത്സരത്തിനുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാം ടെസ്റ്റിൽ പുറത്തിരുന്ന ജോഷ് ഹേസൽവുഡ് ടീമിൽ തിരികെയെത്തി. ഹേസൽവുഡിന് പകരം രണ്ടാം ടെസ്റ്റ് കളിച്ച സ്കോട്ട് ബോളണ്ട് പുറത്തായി.
ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ഓപ്പണിംഗിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ കെഎൽ രാഹുൽ ആറാം സ്ഥാനത്തേക്കിറങ്ങും. അശ്വിന് പകരം വാഷിങ്ടൺ സുന്ദറിനെ ടീമിൽ പരിഗണിച്ചേക്കും. ഏഴാം നമ്പറിലിറങ്ങുന്ന നിതീഷ് കുമാർ റെഡ്ഡിയ്ക്ക് വാലറ്റത്തിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലാത്തതിനാൽ ബാറ്റിംഗ് ശക്തിപ്പെടുത്താൻ വാഷിംഗ്ടൺ സുന്ദർ അശ്വിന് പകരം എട്ടാം നമ്പരിൽ കളിക്കാനാണ് സാധ്യത. രണ്ടാം ടെസ്റ്റിൽ നിരാശപ്പെടുത്തിയ ഹർഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനോ പ്രസിദ്ധ് കൃഷ്ണയ്ക്കോ സാധ്യതയുണ്ട്.
2021 ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഗാബയിൽ ഐതിഹാസിക വിജയം സ്വന്തമാക്കിയിരുന്നു. പല താരങ്ങളും പരിക്കേറ്റ് പുറത്തിരുന്ന പരമ്പരയിൽ റിസർവ് താരങ്ങളടക്കം കളിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ വിജയം തുടരുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ, ഗാബയിലേറ്റ പരാജയത്തിന് തിരിച്ചടിനൽകി പരമ്പരയിൽ മുന്നിലെത്തുകയാവും ഓസ്ട്രേലിയയുടെ ലക്ഷ്യം.
Also Read : Happy Birthday Yuvraj Singh: കാൻസറിനെ തോൽപ്പിച്ച പോരാളി! ഇന്ത്യയുടെ സിക്സർ കിംഗ് 43-ലേക്ക്
രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ 180 റൺസിന് ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 175 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. എന്നാൽ, ആദ്യ ഇന്നിംഗ്സിൽ തന്നെ 337 റൺസ് നേടിയ ഓസ്ട്രേലിയ മത്സരത്തിൽ വ്യക്തമായ ആധിപത്യം നേടി. രണ്ടാം ഇന്നിംഗ്സിൽ 19 റൺസ് ആയിരുന്നു ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ഈ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അടുത്ത മൂന്ന് കളിയും ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കൂ. നിലവിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇതോടെ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വിജയിക്കുന്ന ആദ്യ എവേ ടീമായി ഇന്ത്യ മാറിയിരുന്നു. മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ വിരാട് കോലിയും യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേവലം 150 റൺസിന് ഓളൗട്ടായ ഇന്ത്യ ഓസ്ട്രേലിയയെ 104 റൺസിന് ഓൾഔട്ടാക്കി. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ (161), വിരാട് കോലി (100 നോട്ടൗട്ട്), കെഎൽ രാഹുൽ (77) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 238 റൺസിന് എല്ലാവരും പുറത്തായി. രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ആദ്യ കളി ഇന്ത്യൻ ടീമിനെ നയിച്ചത്. രണ്ട് ഇന്നിംഗ്സുകളിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസ്ട്രേലിയയെ തകർത്തത്.