Virat Kohli: സ്വരം മാറിയ കോലിയ്ക്കും ഇനി പാട്ട് നിർത്താം, താരവുമായി ചർച്ചയ്ക്ക് ബിസിസഐ? രോ- കോ യുഗത്തിന് സിഡ്നിയിൽ അവസാനം?
BCCI Talk Virat Kohli: ഓസ്ട്രേലിയൻ പര്യടനം മികച്ച ഫോമിലാണ് വിരാട് തുടങ്ങിയത്. പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്ത് ടെസ്റ്റിൽ കോലി സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.
സിഡ്നി: ബാറ്റിംഗിലും ഫീൽഡിംഗിലും ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്നു വിരാട് കോലി. സച്ചിൻ, ദ്രാവിഡ്, ഉൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റിലെ അതികായന്മാർ വിരമിച്ചപ്പോൾ പകരം ആര് എന്ന ചോദ്യത്തിന് ബാറ്റിംഗിലൂടെ മറുപടി നൽകിയ വ്യക്തി. ഈ വീര വിരാട് പ്രതാഭത്തിന് മങ്ങലേറ്റിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രം വിരമിച്ചാൽ പോരാ, കോലിയും വിരമിക്കണമെന്ന് ആരാധകർ മുറവിളി കൂട്ടി തുടങ്ങി. ഫോം തന്നെയാണ് കാരണം. അതേസമയം, കോലിയും ടെസ്റ്റ് കരിയറിൽ നിന്ന് വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് പടരുന്നുണ്ട്. ബിസിസിഐ വൃത്തങ്ങൾ കോലിയുമായി ചർച്ച നടത്തും എന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണിത്.
ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന മത്സരമായ സിഡ്നി ടെസ്റ്റിൽ ഓഫ് സ്റ്റമ്പ് കളിച്ച് വീണ്ടും പുറത്തായതോടെയാണ് കോലിയുടെ വിരമിക്കലിനായി ആരാധകർ മുറവിളി കൂട്ടിതുടങ്ങിയത്. സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിന്റെ 32–ാം ഓവറിലാണ് താരത്തിന്റെ കുറ്റിതെറിക്കുന്നത്. 69 പന്തിൽ നിന്ന് കേവലം 17 റൺസെടുത്ത താരം ഓസീസ് അരങ്ങേറ്റക്കാരൻ വെബ്സ്റ്റാറിന്റെ മുന്നിലാണ് വീണത്. “നന്ദി വിരാട് കോലി… ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കൂ… ടീമിന് വേണ്ടി നിങ്ങൾ ഇതിനകം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ദയവായി വിരമിക്കുക” എന്നാണ് ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചത്.
ഓസ്ട്രേലിയൻ പര്യടനം മികച്ച ഫോമിലാണ് വിരാട് തുടങ്ങിയത്. പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്ത് ടെസ്റ്റിൽ കോലി സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിങ്ക് ബോളിലും ഗാബയിലും മെൽബണിലുമെല്ലാം ഓഫ് സ്റ്റമ്പ് കളിച്ചാണ് കോലി മടങ്ങിയത്. 40 റൺസ് പോലും കണ്ടെത്താൻ ഈ പരമ്പരകളിൽ താരത്തിന് സാധിച്ചില്ല. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ 7, 11 റൺസിന് പുറത്തായി. ഗാബയിൽ 3 റൺസിനും മെൽബണിൽ രണ്ട് ഇന്നിംഗ്‌സുകളിലായി 36, 5 റൺസും നേടിയാണ് താരം മടങ്ങിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ 184 റൺസ് മാത്രമാണ് താരം നേടിയത്. 2024-ലും ടെസ്റ്റ് ക്രിക്കറ്റിൽ കോലിക്ക് കണ്ടക ശനി ആയിരുന്നു. 10 ടെസ്റ്റുകളിൽ നിന്ന് നേടിയത് 419 റൺസ് മാത്രം. ഇതിൽ ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകൾ നേരിടാനാവാതെ വരുന്നതാണ് കോലിക്ക് തിരിച്ചടിയാകുന്നത്.
സിഡ്നി ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സ്ഥാനം ബെഞ്ചിലായിരുന്നു. താരത്തിന് പിന്നാലെ വിരാട് കോലിയും പുറത്തേക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോശം ഫോമിൽ തുടരുന്ന താരവുമായി ടെസ്റ്റ് ക്രിക്കറ്റ് ഭാവിയെ കുറിച്ച് ബിസിസിഐ വൃത്തങ്ങൾ ഉടൻ ചർച്ച നടത്തുമെന്നാണ് സൂചനകൾ. എന്നാൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിൽ തുടരും. സിഡ്നി ടെസ്റ്റ് ഒരു പക്ഷേ രോ- കോ യുഗത്തിന്റെ അവസാന മത്സരമായിരിക്കാം.