Gautam Gambhir : ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ; ബിസിസിഐ പ്രഖ്യാപനം ജൂൺ അവസാനത്തോടെ
Gautam Gambhir New Coach : ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്ന് സംസാരിച്ചിരുന്നു. എന്നാല്‍ ഗംഭീറിനെ തുടര്‍ന്നും മെന്‍ററായി ടീമിന് വേണമെന്ന് കെ കെ ആര്‍ താല്‍പര്യപ്പെടുന്നതായാണ് സൂചന.
ന്യൂഡൽഹി: രാഹുൽ ദ്രാവിഡിന് പകരം മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീറിനെ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനാക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ അവസാനത്തോടെ അദ്ദേഹത്തെ ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച് എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെ ഗംഭീർ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ വിക്രം റാത്തോർ ബാറ്റിംഗ് പരിശീലകനായും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനായും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനായും ഉണ്ട്. ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് (കെ കെ ആർ) ഒരു മെൻ്ററായി, ലക്‌നൗ സൂപ്പർ ജയൻ്റ്‌സുമായി (എൽ എസ്ജി) രണ്ട് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷം ടീമിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിന്‍റെ കാലാവധി. ഗംഭീര്‍ ചുമതലയേല്‍ക്കുന്നതോടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും. ചെന്നൈയില്‍ കഴിഞ്ഞ മാസം ഐപിഎല്‍ ഫൈനലിനിടെ ഈ വിഷയത്തിൽ ചർച്ച നടന്നിരുന്നതായാണ് വിവരം. ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്ന് സംസാരിച്ചിരുന്നു.
ALSO READ : ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ വീഴ്ത്തി; ഓസീസിനൊപ്പം ഇംഗ്ലണ്ടിനും സൂപ്പർ എട്ട് യോഗ്യത
എന്നാല്‍ ഗംഭീറിനെ തുടര്‍ന്നും മെന്‍ററായി ടീമിന് വേണമെന്ന് കെ കെ ആര്‍ താല്‍പര്യപ്പെടുന്നതായാണ് സൂചന. ഇക്കാര്യത്തില്‍ കെ കെ ആറും ബി സി സി ഐയും തമ്മില്‍ ധാരണയായി എന്നാണ് പുതിയ വിവരം.
ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ദ്രാവിഡിൻ്റെ അവസാന ഉത്തരവാദിത്തമാണ് ടി20 ലോകകപ്പ് 2024. ഈ ജോലി തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ആസ്വദിച്ചുവെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം മുതൽ, എല്ലാ ഗെയിമുകളും പ്രധാനമാണെന്നും ഓരോ ഗെയിമിനും പ്രാധാന്യമുണ്ടെന്നും അത് മാറില്ലെന്നും എനിക്ക് എപ്പോഴും തോന്നിയിരുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.