Jay Shah: ക്രിക്കറ്റ് തലപ്പത്ത് ജയ് ഷാ; ഐസിസി ചെയർമാനായി ചുമതലയേറ്റെടുത്തു
ICC Chairman Jay Shah: 2013ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ഷാ ഉടൻ തന്നെ സെക്രട്ടറിയുമായി.
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ക്രിക്കറ്റിന്റെ പ്രചാരം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും വനിതാ ക്രിക്കറ്റിന്റെ വളർച്ച ഉറപ്പാകുമെന്നും ജയ് ഷാ സ്ഥാനം ഏറ്റെടുത്തു കൊണ്ട് പറഞ്ഞു.
2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരയിനമാക്കി ഉൾപ്പെടുത്തിയത് ക്രിക്കറ്റിനെ മറ്റ് രാജ്യങ്ങളിലേക്ക് വളർത്തുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നിൽ വിശ്വാസമർപ്പിച്ച ഐസിസിയുടെ ഡയറക്ടർമാർക്കും അംഗങ്ങൾക്കും നന്ദി പറയാനും ജയ് ഷാ മറന്നില്ല.
മുൻ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായാണ് കൗൺസിലിന്റെ തലപ്പത്തേക്ക് ജയ് ഷാ എത്തുന്നത്. 35-കാരനായ ജയ് ഷാ ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. ഐസിസി ചെയർമാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇതിലൂടെ ജയ് ഷായ്ക്ക് സ്വന്തമായി. എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരായിരുന്നു ജയ് ഷായ്ക്ക് മുമ്പ് ഐസിസി ചെയർമാനായ ഇന്ത്യക്കാർ. 2014 മുതൽ 2015 വരെ ശ്രീനിവാസനും, 2015 മുതൽ 2020 വരെ ശശാങ്ക് മനോഹറും ഐസിസി ചെയർമാനായി സേവനം അനുഷ്ഠിച്ചു.
1997 മുതൽ 2000വരെ ജഗ്മോഹൻ ഡാൽമിയയും 2010 മുതൽ 2012 വരെ ശരദ് പവാറും ഐസിസി പ്രസിഡന്റായി. 2009-ൽ തന്റെ 19-ാം വയസിൽ അഹമ്മദാബാദ് സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിലൂടെയാണ് ക്രിക്കറ്റ് ഭരണ രംഗത്തേക്കുള്ള ഷായുടെ ചുവടുവെപ്പ്. പിന്നാലെ 2011ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. പിന്നാലെ 2013ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ഷാ ഉടൻ തന്നെ സെക്രട്ടറിയുമായി. ആ കാലയളവിൽ അച്ഛൻ അമിത് ഷാ-യായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം (നരേന്ദ്ര മോദി സ്റ്റേഡിയം) നവീകരിച്ചതിന് പിന്നിലും ജയ് ഷായാണ്. 25-ാം വയസിൽ മാർക്കറ്റിംഗ് കമ്മിറ്റി അംഗമായാണ് ജയ് ഷാ ആദ്യമായി ബിസിസിഐയിൽ ഒരു പദവിയിലെത്തുന്നത്. 2019-ലാണ് ജയ് ഷാ ആദ്യമായി ബിസിസിഐ സെക്രട്ടറിയായത്.
A new chapter of global cricket begins today with Jay Shah starting his tenure as ICC Chair.
Details: https://t.co/y8RKJEvXvl pic.twitter.com/Fse4qrRS7a
— ICC (@ICC) December 1, 2024
ബിസിസിഐ പ്രസിഡൻറായിരുന്ന സൗരവ് ഗാംഗുലിക്ക് ശേഷം, ഇന്ത്യൻ ക്രിക്കറ്റിൽ മറുവാക്കില്ലാത്ത വ്യക്തിയായി ജയ് ഷാ മാറി. ലോക രാഷ്ട്രങ്ങളെ പോലും പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്കിടയിലും ഐപിഎൽ വിജയകരമായി നടത്തിയും ആഭ്യന്തര താരങ്ങൾക്ക് പ്രതിഫലം ഉറപ്പാക്കിയും ജയ് ഷാ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി. 2021ലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് ജയ് ഷാ വരുന്നത്.
2022-ൽ വീണ്ടും ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ ചുമതലയേറ്റു. സൗരവ് ഗാംഗുലിക്ക് പകരക്കാരനായി ബിസിസിഐ പ്രസിഡന്റ് റോളിൽ റോജർ ബിന്നി എത്തി. ആ വർഷം ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി ചെയർമാനായും മാറി. വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം ഏർപ്പെടുത്തിയതും ജയ് ഷായുടെ ജനപ്രീതി വർദ്ധിപ്പിച്ചു.