BCCI Strict Guidelines: ഇനി ശമ്പളത്തിൽ പിടുത്തമുണ്ടാവും; കുടുംബത്തിനൊപ്പം നിയന്ത്രിത സമയം; കർശന നിർദ്ദേശങ്ങളുമായി ബിസിസിഐ
BCCI Introduces Strict Guidelines For Players Coach: താരങ്ങൾക്കും പരിശീലകനും കർശന നിർദ്ദേശങ്ങളുമായി ബിസിസിഐ. പ്രകടനങ്ങൾക്കനുസരിച്ചുള്ള ശമ്പളം, കുടുംബത്തിനൊപ്പം നിയന്ത്രിത സമയം തുടങ്ങിയ നിർദ്ദേശങ്ങളാണ് ബിസിസിഐ മുന്നോട്ടുവച്ചിരിക്കുന്നത്.
ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിലും ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയിലും തോറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യൻ ടീം പുറത്തായതോടെ കർശന നിർദ്ദേശങ്ങളുമായി ബിസിസിഐ (BCCI). പ്രകടനങ്ങൾക്കനുസരിച്ചാവും ഇനി ശമ്പളം. ഇതോടൊപ്പം ഭാര്യ, മക്കൾ, കാമുകി തുടങ്ങിയ കുടുംബാംഗങ്ങൾക്കൊപ്പം പരമ്പരയിൽ ഒരു നിശ്ചിത സമയം ചിലവഴിക്കാനേ താരങ്ങൾക്ക് അനുവാദം നൽകൂ. കുടുംബത്തിൻ്റെ സാന്നിധ്യം കളത്തിലെ പ്രകടനങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്നാണ് ബിസിസിഐയുടെ കണ്ടെത്തൽ. ദൈനിക് ജാഗരനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആദ്യം ടീം, എന്നിട്ട് മതി കുടുംബം
2019 വരെ നിലവിലുണ്ടായിരുന്ന നിർദ്ദേശമാണ് തിരികെകൊണ്ടുവരാൻ ബിസിസിഐ ശ്രമിക്കുന്നത്. 2019 വരെ വിദേശപരമ്പരകളിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിൽ നിബന്ധനകളുണ്ടായിരുന്നു. 2019ൽ ഈ നിയന്ത്രണം ബിസിസിഐ എടുത്തുകളഞ്ഞു. ഇപ്പോൾ വിദേശപരമ്പരകളിലുടനീളം കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് ഭാര്യമാരെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുവാദം നൽകുന്നുണ്ട്. ഭാര്യമാർക്കൊപ്പം താമസിക്കാനും അനുവാദമുണ്ട്. എന്നാൽ, ബോർഡർ – ഗവാസ്കർ ട്രോഫിയിൽ പരാജയപ്പെട്ടതോടെ 2019 വരെയുണ്ടായിരുന്ന നിബന്ധന തിരികെകൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. 45 ദിവസം നീളുന്ന വിദേശ പര്യടനത്തിൽ രണ്ടാഴ്ച, അതായത് 14 ദിവസം മാത്രമേ ഭാര്യമായെ ഒപ്പം കൂട്ടാൻ അനുവാദം നൽകൂ. എല്ലാ താരങ്ങളും ടീം ബസിൽ മറ്റ് ടീം അംഗങ്ങൾക്കൊപ്പമാണ് സഞ്ചരിക്കേണ്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടാവില്ല.
ഇനി ശമ്പളത്തിൽ പിടുത്തം
ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ടനുസരിച്ച് കോർപ്പറേറ്റ് കമ്പനികളിലെ അപ്രൈസലിന് സമാനമായ ശമ്പളരീതിയാവും ഇനി ഇന്ത്യൻ ക്രിക്കറ്റിൽ അവതരിപ്പിക്കുക. നന്നായി കളിച്ചാൽ മുഴുവൻ തുകയും ലഭിയ്ക്കും. എന്നാൽ, മോശം പ്രകടനങ്ങളാണ് നടത്തുന്നതെങ്കിൽ അതനുസരിച്ച് ശമ്പളം വെട്ടിക്കുറയ്ക്കും. ഇതിലൂടെ തങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ താരങ്ങൾക്ക് പ്രചോദനമുണ്ടാവുമെന്ന് ബിസിസിഐ കരുതുന്നു. എങ്ങനെയാവും ഇത് നടപ്പിലാക്കുക എന്ന് വ്യക്തമല്ലെങ്കിലും ഇക്കാര്യത്തിൽ ബിസിസിഐ വളരെ ഗൗരവമായ ഇടപെടലുകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗംഭീറിന് മൂക്കുകയർ
പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് ടീമിൽ പൂർണ സ്വാതന്ത്ര്യമാണ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ ഇനി നിയന്ത്രണങ്ങളുണ്ടാവും. ഗംഭീറിനും അദ്ദേഹത്തിൻ്റെ മാനേജർ ഗൗരവ് അറോറയ്ക്കും മൂക്കുകയറിടാനാണ് ബിസിസിഐയുടെ തീരുമാനം. മാനേജറിന് ടീം ഹോട്ടലിൽ താമസിക്കാനോ സ്റ്റേഡിയത്തിലെ വിഐപി ബോക്സിലിരുന്ന് കളി കാണാനോ അനുവാദമുണ്ടാവില്ല. ടീം ബസിൽ അദ്ദേഹത്തിനൊപ്പവും അദ്ദേഹത്തെ പിന്തുടർന്നും സഞ്ചരിക്കാനും അനുവാദമുണ്ടാവില്ല.
സപ്പോർട്ട് സ്റ്റാഫിനെയടക്കം തിരഞ്ഞെടുക്കാൻ ഗംഭീറിന് ബിസിസിഐ പരിപൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. രാഹുൽ ദ്രാവിഡിൻ്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന ബാറ്റിംഗ് പരിശീലകനെയും ബൗളിംഗ് പരിശീലകനെയും മാറ്റിയ താരം തൻ്റെ ഇഷ്ടപ്രകാരമാണ് സഹപരിശീലകനെയും തിരഞ്ഞെടുത്തത്. ദ്രാവിഡിൻ്റെ സംഘത്തിലെ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപിനെ മാത്രമാണ് ഗംഭീർ ടീമിൽ നിലനിർത്തിയത്. ഇത്തരത്തിൽ നൽകിയിരുന്ന അധികാരങ്ങളൊക്കെ ബിസിസിഐ നിയന്ത്രിക്കും.
ഇതോടൊപ്പം താരങ്ങളുടെ150 കിലോയിലധികം വരുന്ന ലഗേജിന് ബിസിസിഐ പണം നൽകില്ല. ഈ തുക താരങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കേണ്ടിവരും. പരിശീലകൻ ഗൗതം ഗംഭീർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വച്ചാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നാണ് വിവരം.