BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ

10 Strict Guidelines For Players By BCCI: താരങ്ങളെ ചിട്ട പഠിപ്പിക്കാൻ ബിസിസിഐ ചില കടുത്ത തീരുമാനങ്ങളെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിനും താരങ്ങൾക്കുമൊക്കെ മൂക്കുകയറിടാൻ ബിസിസിഐ ഒരുങ്ങുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ബിസിസിഐയുടെ നിർദ്ദേശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ

അഗാർക്കർ, കോലി, രോഹിത്

Published: 

17 Jan 2025 07:24 AM

താരങ്ങൾക്കുള്ള ബിസിസിഐയുടെ പുതിയ നിബന്ധനകളുടെ പട്ടിക പുറത്ത്. ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം മുതൽ പേഴ്സണൽ ഷൂട്ടുകൾക്കുള്ള നിയന്ത്രണം വരെ പുതിയ നിബന്ധനകളിൽ ഉണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ നിബന്ധനകൾ പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നവ ഉൾപ്പെടെ ആകെ 10 നിബന്ധനകളാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ താരങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയത്.

പുതിയ നിബന്ധനകൾ:

1. ആഭ്യന്തര മത്സരങ്ങളിൽ നിർബന്ധമായും പങ്കെടുക്കുന്നവരെയേ ദേശീയ ടീമിലേക്കും സെൻട്രൽ കോൺട്രാക്റ്റിലേക്കും പരിഗണിക്കൂ. ഇത് മുതിർന്ന താരങ്ങൾക്കും ബാധകമാണ്. ആഭ്യന്തര മത്സരങ്ങളിൽ വിട്ടുനിൽക്കാൻ അനുവദിക്കണമെങ്കിൽ അസാധാരണമായ എന്തെങ്കിലും അവസ്ഥയുണ്ടാവണം. സെലക്ഷൻ കമ്മറ്റി ചെയർമാനിൽ നിന്ന് അനുമതിയും തേടണം.

2. മത്സരങ്ങൾക്കും പ്രാക്ടീസ് സെഷനുകൾക്കുമുള്ള യാത്രകൾ (പോകുന്നതും വരുന്നതും) ടീം ഒരുമിച്ചായിരിക്കണം. ഭാര്യമാരോ മക്കളോ ഒപ്പം വന്നിട്ടുണ്ടെങ്കിൽ അവരോടൊപ്പം ഇത്തരം യാത്രകൾ പാടില്ല. ഇതിൽ നിന്ന് എന്തെങ്കിലും ഇളവനുവദിക്കണമെങ്കിൽ പരിശീലകനും സെലക്ഷൻ കമ്മറ്റി ചെയർമാനും അനുവാദം നൽകണം.

3. ബാഗേജ് ലിമിറ്റ് കഴിഞ്ഞാൽ അതിൻ്റെ ചിലവ് അതാത് താരങ്ങൾ വഹിക്കേണ്ടതാണ്. 30 ദിവസത്തിലധികമുള്ള എവേ ടൂറിൽ മൂന്ന് സ്യൂട്ട് കേസും രണ്ട് കിറ്റ് ബാഗും ഉൾപ്പെടെ പരമാവധി 150 കിലോ അനുവദിക്കും. സപ്പോർട്ട് സ്റ്റാഫിന് രണ്ട് വലിയ സ്യൂട്ട്കേസും ഒരു ചെറിയ സ്യൂട്ട്കേസും ഉൾപ്പെടെ പരമാവധി കൊണ്ടുപോകാവുന്നത് 80 കിലോ. 30 ദിവസത്തിൽ കുറവുള്ള എവേ ടൂറിൽ താരങ്ങൾക്ക് രണ്ട് വീതം സ്യൂട്ട് കേസും കിറ്റ് ബാഗും ഉൾപ്പെടെ 120 കിലോ അനുവദിക്കും. സപ്പോർട്ട് സ്റ്റാഫിന് രണ്ട് സ്യൂട്ട് കേസാണ് അനുവദനീയം. പരമാവധി 60 കിലോ. ഹോം സീരീസിൽ 30 ദിവസത്തിൽ കുറവുള്ള എവേ ടൂറിലെ ബാഗേജ് പോളിസിയാണ്.

Also Read : Indian Team Batting Coach: വിദേശി വേണ്ട സ്വദേശി മതി; ഇന്ത്യൻ ടീം ബാറ്റിങ് കോച്ചായി സിതാൻഷു കൊടാകിനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

4. പേഴ്സണൽ സ്റ്റാഫിൻ്റെ കാര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. പേഴ്സണൽ മാനേജർ, ഷെഫ്, അസിസ്റ്റൻ്റ്, സെക്യൂരിറ്റി, ഹെയർ ഡ്രസ്സർ തുടങ്ങിയ പേഴ്സണൽ സ്റ്റാഫുകളെ ബിസിസിഐയുടെ പ്രത്യേക അനുമതിയില്ലാതെ ഒപ്പം കൂട്ടാനാവില്ല.

5. ബെംഗളൂരുരുവിലെ സെൻ്റർ ഓഫ് എക്സലൻസിലേക്ക് ബാഗുകളും മറ്റ് വ്യക്തിഗത വസ്തുക്കളും അയക്കാൻ ടീം മാനേജ്മെൻ്റുമായി സഹകരിക്കുക. ഇങ്ങനെ ചെയ്യാത്തവയുടെ ചിലവ് താരങ്ങൾ തന്നെ വഹിക്കണം.

6. പ്രാക്ടീസ് സെഷനുകളിൽ എല്ലാ താരങ്ങളും മുഴുവൻ സമയവും ചിലവഴിക്കണം. നേരത്തെ പ്രാക്ടീസ് നിർത്തി പോകാൻ അനുവാദമില്ല.

7. ടൂറിനോ സീരീസിനോ ഇടങ്ങളിൽ താരങ്ങൾക്ക് പേഴ്സണൽ ഷൂട്ടിനോ പരസ്യചിത്രീകരണത്തിനോ അനുവാദമില്ല.

8. 45 ദിവസത്തിലധികം നീളുന്ന എവേ ടൂറിലെ ഒരു പരമ്പരയിൽ പരമാവധി രണ്ടാഴ്ച വരെ പങ്കാളിയ്ക്കും 18 വയസിൽ താഴെയുള്ള മക്കൾക്കും താരങ്ങൾക്കൊപ്പം സമയം ചിലവഴിക്കാം. താമസച്ചിലവ് താരവും ബിസിസിഐയും ചേർന്ന് വഹിക്കും. ബാക്കി ചിലവുകൾ അതാത് താരങ്ങളുടെ ഉത്തരവാദിത്തമാണ്. സന്ദർശന സമയം പരിശീലകനും ക്യാപ്റ്റനും ഉൾപ്പെടെ അംഗീകരിക്കേണ്ടതുണ്ട്. ഇതിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് പരിശീലകൻ്റെയും ക്യാപ്റ്റൻ്റെയും മുൻകൂട്ടിയുള്ള അനുമതിയുണ്ടാവണം. രണ്ടാഴ്ചയ്ക്കധികമുള്ള താമസ ചിലവുകൾ താരത്തിൻ്റെ മാത്രം ചുമതല ആയിരിക്കും.

9. ബിസിസിഐയുടെ ഓദ്യോഗിക ഷൂട്ടുകൾക്കും പരിപാടികൾക്കും എല്ലാ താരങ്ങളും തയ്യാറാവണം.

10. മത്സരം നേരത്തെ അവസാനിച്ചാൽ താരങ്ങൾ നേരത്തെ തിരികെവരാൻ പാടില്ല. ടൂറോ സീരീസോ അവസാനിക്കാൻ തീരുമാനിച്ച ദിവസം വരെ ടീമിനൊപ്പം തുടരണം.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ