BCCI Central Contracts: ശ്രേയാസ് അയ്യരും ഇഷാൻ കിഷനും തിരികെയെത്തി; ഗ്രേഡ് മെച്ചപ്പെടുത്തി ഋഷഭ് പന്ത്: വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ
BCCI Central Contracts 2024- 2025: ബിസിസിഐയുടെ വാർഷിക കരാറിൽ തിരികെയെത്തി ശ്രേയാസ് അയ്യരും ഇഷാൻ കിഷനും. ഋഷഭ് പന്ത് ബി ഗ്രേഡിൽ നിന്ന് എ ഗ്രേഡിലെത്തി. സഞ്ജു സാംസൺ സി ഗ്രേഡിലാണ്.

2024- 2025 കാലയളവിലെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. കരാറിൽ നിന്നൊഴിവാക്കിയിരുന്ന ശ്രേയാസ് അയ്യരും ഇഷാൻ കിഷനും തിരികെയെത്തിയതാണ് ഏറ്റവും വലിയ വാർത്ത. 2024 രഞ്ജി ട്രോഫിയിൽ നിന്ന് മാറിനിന്നതോടെയാണ് ഇരുവരെയും കരാറിൽ നിന്ന് ഒഴിവാക്കിയിരുന്നത്. കിഷൻ പിന്നീട് ഇന്ത്യക്കായി മത്സരങ്ങൾ കളിച്ചിട്ടില്ല. ശ്രേയാസ് അയ്യർ ആവട്ടെ, ഇന്ത്യൻ ഏകദിന ടീമിൻ്റെ പ്രധാന താരമാണ് ഇപ്പോൾ. ശ്രേയാസ് അയ്യർ ബി ഗ്രേഡിലും ഇഷാൻ കിഷൻ സി ഗ്രേഡിലുമാണ്. സി ഗ്രേഡിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടു.
Also Read: Abhishek Nayar: പല താരങ്ങളും നല്ലത് പറഞ്ഞ അഭിഷേക് നായർ; പരാജയത്തിൻ്റെ പാപഭാരം പേറേണ്ടിവന്ന നിരപരാധി
ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം നാല് താരങ്ങളാണുള്ളത്. വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും ഇതേ ഗ്രേഡിലാണ്. ഈ താരങ്ങൾക്ക് ഏഴ് കോടി രൂപയാണ് ബിസിസിഐയുടെ ശമ്പളം. അഞ്ച് കോടി രൂപ ലഭിക്കുന്ന എ ഗ്രേഡിൽ മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവർ ഉൾപ്പെട്ടു. നേരത്തെ ബി ഗ്രേഡിലായിരുന്ന പന്ത് ഇത്തവണ ഗ്രേഡ് മെച്ചപ്പെടുത്തിയാണ് എ ഗ്രേഡിലെത്തിയത്.
🚨 𝗡𝗘𝗪𝗦 🚨
BCCI announces annual player retainership 2024-25 – Team India (Senior Men)#TeamIndia
Details 🔽https://t.co/lMjl2Ici3P pic.twitter.com/CsJHaLSeho
— BCCI (@BCCI) April 21, 2025
ബി ഗ്രേഡിൽ സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയാസ് അയ്യർ എന്നിവർ ഇടം പിടിച്ചു. മൂന്ന് കോടി രൂപയാണ് ബി ഗ്രേഡിലെ താരങ്ങൾക്ക് ലഭിക്കുക. ഒരു കോടി രൂപ ലഭിക്കുന്ന സി ഗ്രേഡിൽ 19 താരങ്ങളുണ്ട്. കഴിഞ്ഞ തവണ 16 താരങ്ങളാണ് ഈ ഗ്രേഡിലുണ്ടായിരുന്നത്. അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, നിതീഷ് റാണ എന്നിവർ കരാർ നേടിയ പുതുമുഖങ്ങളാണ്. ഇവർക്കൊപ്പം ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറേൽ, റിങ്കു സിംഗ്, തിലക് വർമ്മ എന്നിവരും സി ഗ്രേഡിലുണ്ട്.