BCCI: ക്രിക്കറ്റില്‍ ഇനി ടോസില്ലാതെ മത്സരം; വമ്പന്‍ മാറ്റത്തിനൊരുങ്ങി ബിസിസിഐ
ഓരോ ടീമുകളും നേടിയ റണ്ണുകളുടെയും വിക്കറ്റുകളുടെയും അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നല്‍കാനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഇന്ത്യയിലെ അണ്ടര്‍ 23 സികെ നായിഡു ട്രോഫിയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. സികെ നായിഡു ട്രോഫിയിലെ മത്സരങ്ങളില്‍ ടോസ് ഒഴിവാക്കണമെന്നാണ് ബിസിസിഐ തീരുമാനം. ടീമിന്റെ ഹോം ഗ്രൗണ്ടിലേക്ക് കളിക്കാനെത്തുന്ന ടീമിന് ടോസ് ഇല്ലാതെ ബാറ്റ് ചെയ്യാനോ ബോള്‍ ചെയ്യാനോ തെരഞ്ഞെടുക്കാം. ഓരോ ടീമുകളും നേടിയ റണ്ണുകളുടെയും വിക്കറ്റുകളുടെയും അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നല്‍കാനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇങ്ങനെ ചെയ്യുന്നത് ടൂര്‍ണമെന്റിലെ എല്ലാ ടീമുകളെയും സമ്പൂര്‍ണ വിജയത്തിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിക്കും. ഇത് വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ രഞ്ജി ട്രോഫിയിലും ഈ രീതി പിന്തുടരാം. ശീതകാലങ്ങളില്‍ തണുപ്പും മൂടല്‍മഞ്ഞും കടുക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ വേദികള്‍ മാറ്റാനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഡൊമസ്റ്റിക് ക്രിക്കറ്റിലും ബിസിസിഐ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സീസണിലെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടര്‍ പുനക്രമീകരിക്കുന്നതിനുള്ള നിര്‍ദേശം ക്രിക്കറ്റ് ബോര്‍ഡ് അപെക്‌സിന് ബിസിസിഐ അയച്ചെന്നാണ് സൂചന.
മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളുടെ ഇടവേള നാല് ദിവസം ആക്കി മാറ്റുക എന്നതാണ് ആഭ്യന്തര ക്രിക്കറ്റില്‍ സംഭവിക്കുന്ന പ്രധാന മാറ്റം. അതുകൊണ്ട് തന്നെ സീസണ്‍ മുഴുവന്‍ താരങ്ങള്‍ക്ക് അവരുടെ പ്രകടനങ്ങള്‍ നിലനിര്‍ത്താനായി കൂടുതല്‍ സമയം നല്‍കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.