5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്

BBMP Notice To One 8 Commune Pub: നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്
വൺ 8 കമ്യൂൺ, വിരാട് കോലി (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 21 Dec 2024 11:24 AM

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി (Virat Kohli) സഹ ഉടമയായ ബെംഗളൂരുവിലെ പബ്ബിനെതിരേ ബൃഹത് ബംഗളൂരു മഹാനഗര പാലിക് (ബിബിഎംപി) നോട്ടീസ്. നഗരത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത് മഹാത്മാഗാന്ധി റോഡിൽ പ്രവർത്തിക്കുന്ന വൺ 8 കമ്യൂണിനെതിരേയാണ് (One 8 Commune Pub) നിയമ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. അഗ്നി സുരക്ഷാ നടപടികൾ പാലിക്കാത്തതിനും അഗ്നിശമന വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കാതെ നിയമം ലംഘിച്ചതിനുമാണ് വൺ 8 കമ്യൂൺ പബ്ബിന് നോട്ടീസ് നൽകിയിട്ടുള്ളത്.

സാമൂഹിക പ്രവർത്തകനായ വെങ്കിടേഷ് എന്നയാൾ കോർപറേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തിനഗർ കോർപ്പറേഷൻ അധികൃതരും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗളൂരു നഗരത്തിലെ പല റെസ്റ്റോറൻ്റുകളിലും ബാറുകളിലും പബ്ബുകളിലും അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് പരാതിക്കാരനും സാമൂഹിക പ്രവർത്തകനുമായ വെങ്കിടേഷ് പറയുന്നത്. ഇത്തരത്തിൽ സുരക്ഷ ഇല്ലാത്തതിനാൽ മുമ്പ് ബംഗളൂരുവിൽ തീപിടിത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ബിബിഎംപിയും ഫയർഫോഴ്‌സും കർശന നടപടികൾ സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.

പല കെട്ടിടങ്ങളിലും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇത്തരം കെട്ടിടങ്ങൾക്ക് പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. അഗ്നി സുരക്ഷയില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കരുതെന്ന് ചട്ടങ്ങൾ നിലവിലുണ്ട്. എന്നാൽ, ചട്ടങ്ങൾ ലംഘിച്ചാണ് പബ്ബുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എംജി റോഡിലുള്ള രത്‌ന കോംപ്ലക്‌സിലെ ബഹുനിലക്കെട്ടിടത്തിലെ റസ്‌റ്റോറൻ്റിലും അഗ്നിശമന സേന സുരക്ഷാ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വൺ 8 കമ്യൂണിനെതിരേ എഫ്ഐആർ

ഇതാദ്യമായല്ല വൺ 8 കമ്യൂണിനെതിരേ നടപടി സ്വീകരിക്കുന്നത്. മുമ്പും വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവർത്തിച്ചതിനാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് കേസെടുത്തത്. രാത്രി ഒന്നുവരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്കും റസ്റ്ററന്റുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ അതിനുശേഷവും പ്രവർത്തിച്ചതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഈ വർഷം ജൂലൈയിൽ നടപടിയെടുത്തത്.

പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് രാത്രി 1.20-ന് പബ്ബ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. പബ്ബിന്റെ മാനേജരുടെ പേരിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മഹാത്മാഗാന്ധി റോഡിലെ മറ്റു മൂന്നു പബ്ബുകളും സമാനമായരീതിയിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അന്ന് പോലീസ് കേസെടുത്തിരുന്നു.

വിരാട് കോലിയുടെ സഹ ഉടമസ്ഥതയിലുള്ള വൺ 8 കമ്യൂൺ എന്ന പബ്ബ് ബെംഗളൂരുവിനു പുറമേ കൊൽക്കത്ത, ഡൽഹി, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ബെംഗളൂരുവിൽ പബ്ബ് പ്രവർത്തനം ആരംഭിച്ചത്.

Latest News