Sanju Samson – Basil Thampi: ‘ഞാൻ തമ്പി അളിയൻ, അവൻ കുട്ടായി’; സഞ്ജു സാംസണുമൊത്തുള്ള സൗഹൃദം പറഞ്ഞ് ബേസിൽ തമ്പി
Basil Thampi About Sanju Samson: അണ്ടർ 19 മുതൽ തനിക്ക് സഞ്ജു സാംസണുമായി സൗഹൃദമുണ്ടെന്ന് കേരള പേസർ ബേസിൽ തമ്പി. സഞ്ജു കൊച്ചിയിൽ വരുമ്പോൾ തന്നെ വിളിക്കാറുണ്ടെന്നും പിന്നീട് തങ്ങൾ ഒരുമിച്ചാവുമെന്നും ബേസിൽ പറഞ്ഞു.

സഞ്ജു സാംസണുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദം പറഞ്ഞ് കേരള പേസർ ബേസിൽ തമ്പി. സഞ്ജു തന്നെ തമ്പി അളിയൻ എന്നും താൻ സഞ്ജുവിനെ കുട്ടായി എന്നുമാണ് വിളിക്കുന്നതെന്ന് ബേസിൽ തമ്പി പറഞ്ഞു. റെഡ് എഫ്എമിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ തമ്പിയുടെ വെളിപ്പെടുത്തൽ.
“മലയാളത്തിൽ തന്നെയാണ് സംസാരിക്കാറ്. ഞാൻ കുട്ടായി എന്നാണ് വിളിക്കാറ്. കൊച്ചിയിലായിരിക്കും അവൻ വരിക. വരുമ്പോ വിളിക്കും. ഐപിഎൽ ബ്രേക്കിൻ്റെ സമയത്ത് കൊച്ചിയിൽ വന്നിരുന്നു. ആ സമയത്ത് എന്നെ വിളിച്ചു. എവിടെയാണെന്ന് ചോദിച്ചു. “അളിയാ, എവിടെയുണ്ട്.” ഞാൻ പറഞ്ഞു, “വീട്ടിലുണ്ട്.” കൊച്ചിക്ക് വരാൻ പറഞ്ഞു. അങ്ങനെ കൊച്ചി വരുന്നു. ഞങ്ങൾ ആലപ്പുഴ പോകുന്നു, റിലാക്സാവുന്നു. അളിയൻ ഇവിടെ വരുമ്പോൾ ഞാനുണ്ടാവും കൂടെ.”- ബേസിൽ തമ്പി പറഞ്ഞു.
“ഗ്രൗണ്ടിൽ നമ്മളെ നന്നായി മോട്ടിവേറ്റ് ചെയ്യും. നമ്മളെ സപ്പോർട്ട് ചെയ്യും. കേരളത്തിനായി കളിക്കാൻ അവന് വലിയ ഇഷ്ടമാണ്. അതൊരു വികാരമാണ്. ഞങ്ങൾ ഒരുമിച്ച് കളിക്കാൻ തുടങ്ങിയിട്ട് 10 കൊല്ലത്തിന് മുകളിലായി. അണ്ടർ 19 തൊട്ട് ഒരുമിച്ചാണ്. ആ സമയത്ത് എൻ്റെ ക്യാപ്റ്റനാണ്. അവിടെനിന്നാണ് ബന്ധം ആരംഭിക്കുന്നത്. പിന്നെ ഐപിഎലിൽ പല ടീമുകളിലായി കളിയ്ക്കുന്നു. ഞാൻ അവനെ കാണാൻ റൂമിൽ പോകുമായിരുന്നു. ദുബായിൽ പോയ സമയത്ത് കളി കഴിഞ്ഞ് റൂമിലുണ്ടാവുമല്ലോ. അപ്പോൾ, അവനെ കാണാൻ പോകുമായിരുന്നു. കളി കഴിഞ്ഞിട്ട് രണ്ട് ദിവസം ദുബായിൽ നിന്നു. അളിയൻ്റെ കൂടെ പുറത്തുപോകുന്നു. കളിക്കാൻ പോകുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ ഒരുമിച്ചായിരുന്നു. ക്രിക്കറ്റ് മാത്രമല്ല. ലൈഫിൽ നടക്കുന്ന കാര്യങ്ങൾക്ക് അഭിപ്രായം ചോദിക്കുമ്പോൾ കൃത്യമായി പറയുന്ന ആളാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.




Also Read: IPL 2025: ആരാധകരും പറയുന്നു, പന്തും കിഷനും വേണ്ട; സഞ്ജു മതി
ഏറെക്കാലമായി കേരള ക്രിക്കറ്റ് ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ബേസിൽ തമ്പി. 2017 സീസണിൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് അദ്ദേഹം ഐപിഎൽ കരിയർ ആരംഭിച്ചത്. സീസണിലെ എമർജിങ് താരമായിരുന്ന ബേസിൽ പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദിലും മുംബൈ ഇന്ത്യൻസിലും കളിച്ചു. 2027ൽ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയെങ്കിലും കളിയ്ക്കാൻ അവസരം ലഭിച്ചില്ല. ഇന്ത്യ എ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 90 വിക്കറ്റും ലിസ്റ്റ് എയിൽ 41 വിക്കറ്റും ടി20യിൽ 72 വിക്കറ്റുമാണ് താരത്തിനുള്ളത്.