Syed Mushtaq Ali Trophy 2024: അടിയോട് അടി! ടി20യിൽ ചരിത്ര സ്കോറുമായി ബറോഡ; കയ്യടിച്ച് ക്രിക്കറ്റ് ലോകം
Baroda Scored highest T20 total in Syed Mushtaq Ali Trophy: 2019-ൽ നാഗാലാൻഡിനെതിരെ ആന്ധ്രപ്രദേശ് സ്വന്തമാക്കിയ 179 റൺസിൻ്റെ വിജയവും ഇന്നത്തെ മത്സരത്തോടെ പഴങ്കഥയായി.
ഗുജറാത്ത്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തി ബറോഡ. ഇൻഡോറിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് സിക്കിമിനെതിരെ ബറോഡ താരങ്ങൾ അടിച്ചെടുത്തത്. ഭാനു പാനിയയുടെ സെഞ്ച്വറിയും അഭിമന്യു സിംഗ്, ശിവാലിക്ക് ശര്‍മ്മ, വിഷ്ണു സോളങ്കി എന്നിവരുടെ അർദ്ധ സെഞ്ച്വറിയുമാണ് ബറോഡയ്ക്ക് മികച്ച സ്കോർ സമ്മാമനിച്ചത്. 2024-ൽ രാജ്യാന്തര ടി20യിൽ ഗാംബിയയ്ക്കെതിരെ സിംബാബ്വെ 5 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്രുണാൽ പാണ്ഡ്യയും സംഘവും തിരുത്തി കുറിച്ചത്. ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 300 റൺസ് കടക്കുന്നത്.
ഭാനു പാനിയയാണ് ബറോഡയുടെ ടോപ് സ്കോറർ. 51 പന്തിൽ പുറത്താകാതെ 134 റൺസാണ് താരം നേടിയത്. 15 സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതാണ് പാനിയയുടെ ഇന്നിംഗ്സ്. ടോപ് ഓർഡർ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ഇൻഡോർ സ്റ്റേഡിയം സാക്ഷിയായത്. ശിവാലിക് ശർമ്മ (17 പന്തിൽ 55), അഭിമന്യു സിംഗ് (17 പന്തിൽ 53), വിഷ്ണു സോളങ്കി (16 പന്തിൽ 50), ശാശ്വത് റാവത്ത് (16 പന്തിൽ 43) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ബറോഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 37 സിക്‌സറുകളും 18 ബൗണ്ടറികളുമാണ് മത്സരത്തിൽ ബറോഡ താരങ്ങളുടെ ബാറ്റിൽ നിന്ന് പിറന്നത്. ഗാംബിയയ്‌ക്കെതിരെ 2024-ൽ സിംബാബ്‌വെ നേടിയ 27 സിക്‌സറുകളെന്ന റെക്കോർഡും ബറോഡ താരങ്ങൾ തിരുത്തി. ടി20യിൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്നിംഗ്സിൽ ഇത്രയധികം സിക്സറുകൾ പിറക്കുന്നത്.
🚨 HISTORY IN SYED MUSHTAQ ALI HISTORY 🚨
Baroda posted 349 for 5 from 20 overs against Sikkim, the highest team total in T20 History. 🤯 pic.twitter.com/ERTz247vWQ
— Johns. (@CricCrazyJohns) December 5, 2024
🚨 Baroda smash records on their way to the highest-ever T20 total 🤯🤯🤯 #SMAT2024 pic.twitter.com/KJFYD2iYQM
— Cricbuzz (@cricbuzz) December 5, 2024
സിക്കിമിനെ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ ബറോഡ ബൗളർമാർ എറിഞ്ഞിട്ടിരുന്നു. 263 റൺസിനായിരുന്നു ബറോഡയുടെ ജയം. 2019-ൽ നാഗാലാൻഡിനെതിരെ ആന്ധ്രപ്രദേശ് സ്വന്തമാക്കിയ 179 റൺസിൻ്റെ വിജയവും ഇന്നത്തെ മത്സരത്തോടെ പഴങ്കഥയായി. ഓപ്പണിംഗ് വിക്കറ്റിൽ 92 റൺസാണ് ബറോഡയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. മൂന്നാം വിക്കറ്റിൽ 94 റൺസിൻ്റെയും അഞ്ചാം വിക്കറ്റിൽ 88 റൺസിൻ്റെയും കൂട്ടുകെട്ടുകൾ താരങ്ങൾ കെട്ടിപ്പടുത്തതോടെയാണ് ടി20യിലെ ചരിത്ര സ്കോറിലേക്ക് ബറോഡ എത്തിയത്.
ടി20യിലെ ഏറ്റവും മികച്ച സ്കോറുകൾ
- സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ബറോഡ 5 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കിയ 359 റൺസ്.
- അന്താരാഷ്ട്ര ടി20യിൽ 2024-ൽ ഗാംബിയക്കെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്വെ അടിച്ചെടുത്ത 344 റൺസ്.
- 2023 സെപ്റ്റംബറിൽ മംഗോളിയക്കെതി നേപ്പാൾ 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്ത 314 റൺസ്.
- 2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 297 റൺസുമായി ടീം ഇന്ത്യ സ്വന്തമാക്കിയ ജയം.
- 2024 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അടിച്ചെടുത്ത 287 റൺസ്.