Bajrang Punia: ബജ്രംഗ് പൂനിയയ്ക്ക് 4 വർഷം വിലക്ക്; ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല, പരിശീലകൻ ആകാനും വിലക്ക്
Bajrang Punia Ban: ഹരിയാനയിലെ സോനിപ്പത്തിലെ സായ് സെന്ററിൽ മാർച്ച് പത്തിന് നടന്ന ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്കായി മൂത്രസാമ്പിൾ നൽകാൻ ബജ്രംഗ് വിസമ്മതിച്ചുവെന്നാണ് നാഡ ആരോപിക്കുന്ന കുറ്റം.
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്രംഗ് പൂനിയയ്ക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (NADA) താരത്തിന് നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. 2024 മാർച്ച് 10 ന് ദേശീയ ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചിനും, മൂത്ര സാമ്പിൾ നൽകാത്തതിനാലുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നാഡയുടെ ഉത്തേജക വിരുദ്ധ നിയമങ്ങളിലെ ആർട്ടിക്കിൾ 10.3.1-ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
2024 ഏപ്രിൽ 23-ന് മുതലാണ് ബജ്രംഗ് പൂനിയയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നാഡയുടെ വിലക്കിനെ തുടർന്ന്
വേൾഡ് റെസ്ലിംഗ് ഗവേണിംഗ് ബോഡിയും (യുഡബ്ല്യുഡബ്ല്യു) ബജ്രംഗിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാഡയുടെ നടപടിക്കെതിരെ താരം നൽകിയ അപ്പീൽ, ആൻ്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനൽ (ADDP) 2024 മെയ് 31-ന് തള്ളിയിരുന്നു. 2024 ജൂൺ 23-ന് താരത്തിന് ഏജൻസി കാരണം കാണിക്കൽ നോട്ടീസ് നൽകി. താരത്തിന്റെ വിശദീകരണം കേട്ടതിന് ശേഷവും, സെപ്റ്റംബർ 20, ഒക്ടോബർ 4 തീയതികളിൽ നടന്ന ഹിയറിംഗിനും ശേഷമാണ് പൂനിയക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നാല് വർഷത്തേക്കുള്ള വിലക്ക് 2024 ഏപ്രിൽ 23 മുതൽ നിലവിൽ വന്നു. സസ്പെൻഷൻ കാലയളവിൽ ഗുസ്തിയിൽ മത്സരിക്കാനോ, പരിശീലകനാകാനോ കഴിയില്ല.
താൻ മനപൂർവ്വം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതല്ലെന്നും, കാലാവധികഴിഞ്ഞ പരിശോധന കിറ്റുകൾ നൽകിയതിനാലാണ് സാമ്പിൾ നൽകാതിരുന്നതെന്ന് പൂനിയ അറിയിച്ചിരുന്നു. കിറ്റുകളെ കുറിച്ച് നാഡയിൽ നിന്ന് വ്യക്തത വേണമെന്നും, അത് ലഭിച്ചാൽ പരിശോധനയ്ക്ക് തയ്യാറാണെന്നുമാണ് പൂനിയ നാഡയെ അറിയിച്ചത്. മുൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതും നടപടിക്ക് കാരണമായെന്നും താരം ആരോപിച്ചു. എന്നാൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് താരം വിസമ്മതിച്ചത് മനപൂർവ്വമാണെന്ന് നാഡ വാദിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരം വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നത്.
NADA had first suspended the Tokyo Games bronze medallist wrestler on April 23 for the offence following which, the World Governing body UWW had also suspended him.https://t.co/7nc2M9MS2z
— Express Sports (@IExpressSports) November 26, 2024
ഹരിയാനയിലെ സോനിപ്പത്തിലെ സായ് സെന്ററിൽ മാർച്ച് പത്തിന് നടന്ന ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്കായി മൂത്രസാമ്പിൾ നൽകാൻ ബജ്രംഗ് വിസമ്മതിച്ചുവെന്നാണ് നാഡ ആരോപിക്കുന്ന കുറ്റം. രാജ്യത്തെ പിടിച്ചു കുലുക്കിയ ഗുസ്തി താരങ്ങളുടെ സമരത്തിൽ ബജ്രംഗ് പൂനിയയുമുണ്ടായിരുന്നു. ബ്രിജ് ഭൂഷൺ സിംഗിനെയും അദ്ദേഹത്തെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെയും താരം പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. ഈ വിഷയങ്ങളിൽ കേന്ദ്രസർക്കാർ നാഡയെ ഉപയോഗിച്ച് താരത്തിനെതിരെ പകവീട്ടുകയാണെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണം ഉയരുന്നുണ്ട്. ഗുസ്തി താരങ്ങളുടെ സമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ബജ്രംഗ് പൂനിയ പത്മശ്രീ ഉൾപ്പെടെ പരസ്യമായി നൽകിയിരുന്നു.