IND vs AUS: ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തിരിച്ചടി, ഹേസൽവുഡ് കളിക്കില്ല; റിപ്പോർട്ട്
Josh Hazlewood Injury: പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽ വുഡിന്റെ പ്രകടനമാണ് ഇന്ത്യയെ ചെറിയ റൺസിൽ ഒതുക്കിയത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.
ബ്രിസ്ബ്രെയ്ൻ: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കെതിരെ ഇനിയും രണ്ട് ടെസ്റ്റുകൾ ബാക്കിയുള്ളപ്പോൾ ഓസ്ട്രേലിയക്ക് തിരിച്ചടി. ഓസീസ് പേസർ ജോഷ് ഹേസൽവുഡിന് ഇനിയുള്ള രണ്ട് ടെസ്റ്റുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഗാബ ടെസ്റ്റിനിടെ ഹേസൽവുഡിന്റെ തുടയ്ക്ക് പരിക്കേറ്റിരുന്നു. ഈ പരിക്കിനെ തുടർന്ന് ഇന്ന് ബൗളിംഗിനായി താരം ഇറങ്ങിയിരുന്നില്ല. ഹേസൽവുഡിന്റെ അഭാവം ഓസീസ് നിരയിൽ പ്രകടമായിരുന്നു.
ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ വിരാട് കോലിയുടെ വിക്കറ്റെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. ശേഷം താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാനിംഗ് റിപ്പോർട്ടിൽ ഹേസൽവുഡിൻറെ തുടയിലെ പേശികൾക്ക് പരിക്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ അടുത്ത രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാകുമോ എന്ന കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
ALSO READ: ഫോളോ ഓൺ ഭീഷണി ഒഴിവാക്കി ഇന്ത്യ; വാലറ്റത്ത് രക്ഷകരായി ബുമ്രയും ആകാശ് ദീപും
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽ വുഡിന്റെ പ്രകടനമാണ് ഇന്ത്യയെ ചെറിയ റൺസിൽ ഒതുക്കിയത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. പരിക്ക് മൂലം അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റ് ഹേസൽവുഡിന് നഷ്ടമായിരുന്നു. ഹേസൽവുഡിന് പകരം പിങ്ക് ബോൾ ടെസ്റ്റിൽ സ്കോട്ട് ബോളണ്ടാണ് കളിച്ചത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ബോളണ്ട് അഞ്ച് വിക്കറ്റുമായി ആ മത്സരത്തിൽ തിളങ്ങിയിരുന്നു. പെർത്ത് ഓസ്ട്രേലിയ ഇന്ത്യയോട് തോൽവി വഴങ്ങിയിരുന്നു. ഈ മത്സരത്തിലെ മോശം പ്രകടനത്തിൻറെ പേരിൽ താരം ബാറ്റർമാരെ വിമർശിച്ചിരുന്നെന്നും അതിനാലാണ് അഡ്ലെയ്ഡ് ടെസ്റ്റിൽ ഒഴിവാക്കിയത് എന്നടക്കമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ പരിക്കിൽ നിന്ന് മുക്തനായി ഗാബ ടെസ്റ്റിൽ തിരിച്ചെത്തിയ ഹേസൽവുഡ് വീണ്ടും പിൻമാറിയതോടെ നാലു ബൗളർമാരുമായുമാണ് ഓസീസ് കളിക്കുന്നത്. ഇന്ന് ഒരു ഓവർ ബൗളിംഗിനിറങ്ങിയ താരം പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ടീം ഫിസിയോ എന്നിവരുമായി സംസാരിച്ചതിന് ശേഷം ക്രീസ് വിടുകയായിരുന്നു.
ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് ഈ മാസം 26-നാണ് ആരംഭിക്കുന്നത്. മെൽബണാണ് വേദി. ഹേസൽവുഡിന് പകരക്കാരനായി സ്കോട്ട് ബോളണ്ടായിരിക്കും ഓസീസ് പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുക. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ്
ജനുവരി ഏഴ് മുതൽ സിഡ്നിയിൽ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടണമെങ്കിൽ ഇരുടീമുകൾക്കും ബോർഡർ ഗവാസ്കർ ട്രോഫിയിലെ പ്രകടനം നിർണായകമാണ്.