Australian Open 2025: നാല് സെറ്റുകൾ നീണ്ട പോരാട്ടം; ഓസ്ട്രേലിയൻ ഓപ്പണിൽ ജോകോവിചിനെ വിറപ്പിച്ച് കീഴടങ്ങി ഇന്ത്യൻ വംശജൻ
Nishesh Basavareddy - Novak Djokovic: ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിചിനെ വിറപ്പിച്ച് ഇന്ത്യൻ വംശജനായ യുഎസ് ടെന്നീ താരം. 19 വയസുകാരനായ നിഷേഷ് ബസവറെഡ്ഡിയാണ് പൊരുതിത്തോറ്റത്. നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നേടാൻ 19കാരനായ താരത്തിന് സാധിച്ചു.
ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെൻ്റിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിചിനെ വിറപ്പിച്ച് കീഴടങ്ങി ഇന്ത്യൻ വംശജനായ 19കാരൻ. മെൽബണിൽ നടക്കുന്ന ഈ വർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെൻ്റിലാണ് ഇന്ത്യൻ വംശജനായ യുഎം താരം നിഷേഷ് ബസവറെഡ്ഡി സെർബിയൻ ഇതിഹാസതാരത്തെ വിറപ്പിച്ചത്. നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ സ്റ്റാമിനയും മത്സരപരിചയവുമാണ് ജോകോവിചിനെ തുണച്ചത്. സ്കോർ 6-4 3-6 4-6 2-6.
തകർപ്പൻ പോരാട്ടവീര്യം കാഴ്ചവച്ച നിഷേഷ് 6-4 എന്ന സ്കോറിന് ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കി. രണ്ടാം സെറ്റിലും നിഷേഷ് ജോകോവിചിനെ വിറപ്പിച്ചു. ഒരു ഘട്ടത്തിൽ 3-3 എന്ന നിലയിലായിരുന്ന സെറ്റിൽ 3-6ന് ജോകോവിച് തിരികെവന്നു. നിഷേഷിൻ്റെ ഗെയിം പ്ലാൻ മനസിലാക്കിയ ജോകോവിച് പിന്നീട് അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കി കളി ജയിക്കുകയായിരുന്നു. എന്നാൽ, ഈ രണ്ട് സെറ്റുകളിലും സെർബിയൻ താരത്തിന് കടുത്ത വെല്ലുവിളി ഉയർത്താൻ നിഷേഷിന് സാധിച്ചു.
മത്സരശേഷം ജോകോവിച് നിഷേഷിനെ പുകഴ്ത്തി. നിഷേഷിന്റെ ഗെയിം തനിക്ക് വളരെ ഇഷ്ടമായെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് മാത്രമല്ല, സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ മുഴുവൻ ആളുകൾക്ക് നിഷേഷിന്റെ കളി ഇഷ്ടമായി. അതുകൊണ്ടാണ് അവനെ കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത്. നിലവാരമുള്ള ടെന്നീസാണ് അവൻ കളിച്ചത്. നിഷേഷ് പോരാട്ടവീര്യം കാഴ്ചവച്ചു എന്നും ജോക്കോവിച് പറഞ്ഞു. വാട്സപ്പ് ഡിപിയായി തൻ്റെ ചിത്രമാണ് നിഷേഷ് സേവ് ചെയ്തിരിക്കുന്നതെന്നറിഞ്ഞ ജോകോവിച് സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
നിഷേഷിനെപ്പറ്റി
2005 മെയ് രണ്ടിനാണ് നിഷേഷ് ജനിച്ചത്. നിഷേഷിൻ്റെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്. 1999ൽ ഇവർ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറുകയായിരുന്നു. അമേരിക്കയിൽ വച്ചാണ് നിഷേഷിൻ്റെ ജനനം. 2022 യുഎസ് ഓപ്പൺ ബോയ്സ് ഡബിൾസ് കിരീടജേതാവാണ്. എടിപി സിംഗിൾസ് റാങ്കിംഗിൽ 107ആമതാണ് താരം.
നൊവാക് ജോകോവിച്
ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോകോവിച് 1987 മെയ് 22നാണ് ജനിച്ചത്. വർഷാവസാനത്തിൽ എട്ട് തവണയാണ് അദ്ദേഹം ഒന്നാം നമ്പറിൽ ഫിനിഷ് ചെയ്തിട്ടുള്ളത്. ഇത് റെക്കോർഡാണ്. 428 ആഴ്ചകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരം അതിലും റെക്കോർഡ് സ്ഥാപിച്ചു. 24 ഗ്രാൻഡ് സ്ലാം ടൈറ്റിലുകളും ഒളിമ്പിക്സ് സ്വർണവും നേടിയ അദ്ദേഹം ആകെ 99 സിംഗിൾസ് കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്ട്രേലിയൻ ഓപ്പൺ 10 തവണ നേടി അതിലും ജോകോവിച് റെക്കോർഡിട്ടിരുന്നു. ട്രിപ്പിൾ കരിയർ ഗാൻഡ് സ്ലാം, കരിയർ ഗോൾഡൻ മാസ്റ്റേഴ്സ് എന്നീ നേട്ടങ്ങളിലും അദ്ദേഹത്തിന് റെക്കോർഡുകളുണ്ട്. മൂന്ന് വ്യത്യസ്ത പ്രതലങ്ങളിൽ പ്രധാന ടൂർണമെൻ്റുകളിലെല്ലാം ഒരേസമയം വിജയിച്ച് ജേതാവാകുന്ന ആദ്യ പുരുഷ താരം കൂടിയാണ് സെർബിയൻ താരം. 2003ൽ കരിയർ ആരംഭിച്ച താരം ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്സിലാണ് ആദ്യമായി ഒളിമ്പിക്സ് സ്വർണം നേടിയത്.