5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Argentina Team: മെസ്സിപ്പട കേരളത്തിൽ പന്തുതട്ടാനിറങ്ങും; ക്ഷണം സ്വീകരിച്ചതായി റിപ്പോർട്ട്

Argentina National Football Team In Kerala: സ്പോൺസർഷിപ്പ് വഴി ടീമിനെ എത്തിക്കാനുള്ള പണം സ്വരൂപിക്കും.

Argentina Team: മെസ്സിപ്പട കേരളത്തിൽ പന്തുതട്ടാനിറങ്ങും; ക്ഷണം സ്വീകരിച്ചതായി റിപ്പോർട്ട്
athira-ajithkumar
Athira CA | Updated On: 19 Nov 2024 22:17 PM

തിരുവനന്തപുരം: ഫുട്ബോൾ ആരാധാകരുടെ കാത്തിരിപ്പിന് വിരാമം. അർജന്റീന ഫുട്ബോള്‍ ടീം 2025-ൽ കേരളത്തിൽ പന്തു തട്ടാനെത്തുമെന്ന് റിപ്പോർട്ട്. സ്പോൺസർഷിപ്പ് വഴി ടീമിനെ എത്തിക്കാനുള്ള പണം സ്വരൂപിക്കും. രണ്ട് നിർണായക മത്സരങ്ങളാണ് അർജന്റീന ടീം കേരളത്തിൽ കളിക്കുക.  തിരുവനന്തപുരവും കൊച്ചിയുമായിരിക്കും ഈ മത്സരങ്ങൾക്ക് വേദിയാകുക. സംസ്ഥാനത്ത് എത്തുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് വിവരം. ഏകദേശം 100 കോടി രൂപയാണ് അർജന്റീന കേരളത്തിൽ മത്സരിക്കാൻ എത്തുന്നതിന്റെ ചെലവ്.

അതേസമയം, ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ടീമിനൊപ്പം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. മെസ്സി കളിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അർജന്റീന ഫുട്ബോൾ അസോസിയേഷനായിരിക്കും. കേരളത്തിൽ നടക്കുന്ന മത്സരത്തിൽ അർജന്റീന ടീം ആരെ നേരിടുമെന്നതിലും വ്യക്തതയില്ല. ഫിഫയുടെ ആദ്യ 50-ൽ ഉൾപ്പെട്ട ടീമിനെയായിരിക്കും അർജന്റീന നേരിടുക എന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ വമ്പന്മാരായിരിക്കും അർജന്റീനയ്ക്കെതിരെ കേരളത്തിൽ മത്സരിക്കാനിറങ്ങുക. ജപ്പാൻ (15), ഇറാൻ (19), ദക്ഷിണകൊറിയ (22), ഓസ്ട്രേലിയ (24), ഖത്തർ (46) എന്നീ ടീമുകളാണ് റാങ്കിം​ഗിൽ മുന്നിലുള്ളത്.

നാളെ രാവിലെ 9 മണിക്ക് ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ നടത്തും. ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വാർത്തയ്ക്ക് രാജ്യമൊന്നാകെ കാത്തിരിക്കുകയാണ്. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സൗഹൃദ മത്സരം കളിക്കാനുള്ള ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചത്. അർജൻ്റീന ടീമിനെ രാജ്യത്തെത്തിക്കാനുള്ള ഉയർന്ന ചെലവ് താങ്ങാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസി‌ച്ചത്.

2022-ലെ ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയത് അർജന്റീനയായിരുന്നു. ലോകകപ്പ് സമയത്ത് കേരളത്തിലെ അർജന്റെയ്ൻ ആരാധകരുടെ ആവേശം ലോകശ്രദ്ധയാകർഷിച്ചിരുന്നു. 2011-ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ ഭാരിച്ച ചെലവുവരുമെങ്കിൽ പിരിവെടുത്ത് പണം നൽകാനും തയ്യാറാണെന്ന് ആരാധകർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. നാളെ കായിക വകുപ്പ് മന്ത്രി ഔദ്യോ​ഗിക പ്രഖ്യാപനം നടത്തുന്നതോടെ ആരാധകരുടെ ദീർഘനാളായുള്ള കാത്തിരിപ്പിന് വിരാമമാകും. മെസി കൂടി കേരളത്തിലെത്തിയാൽ ആരാധകർ ഡബിൾ ഹാപ്പിയാകും…

Latest News