Paris Olympics 2024: ഒളിമ്പിക്‌സിലെ മിന്നും പ്രകടനം, ടെന്നീസിനോട് ബൈ പറഞ്ഞ് ഇന്ത്യന്‍ താരം ഇനി യുഎസിലേക്ക്
Paris Olympics 2024: പാരീസ് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ ടേബിള്‍ ടെന്നീസില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ താരം അര്‍ച്ചന കാമത്ത്. ചരിത്രത്തിലാദ്യമായി വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ഈ ടീമിലെ അംഗമായിരുന്ന അര്‍ച്ചന കരിയര്‍ അവസാനിപ്പിച്ചാണ് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നത്.
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് ടീമിനത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത ടീമിലെ അംഗം കരിയര്‍ അവസാനിപ്പിച്ചു. ടീമിന്റെ ഭാഗമായിരുന്ന അര്‍ച്ചന കാമത്താണ് ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറുന്നത്. ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ച അര്‍ച്ചന ഭാവിയിലെ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു. കായിക ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് 24-ാം വയസിലെ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ടെന്നീസില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് താരത്തെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. പ്രൊഫഷണല്‍ രംഗത്ത് ഭാവി കാണുന്നില്ലെന്ന് അര്‍ച്ചന പരിശീലകനായ അന്‍ഷുല്‍ ഗാര്‍ഗിനെ അറിയിക്കുകയും ചെയ്തു. ഗാര്‍ഗുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അര്‍ച്ചന വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ച്ചനയുടെ വിരമിക്കല്‍ പ്രഖ്യാപനം അറിഞ്ഞിരുന്നതായി പരിശീലകനും പ്രതികരിച്ചു. തീരുമാനം എടുത്ത് കഴിഞ്ഞാല്‍ അത് മാറ്റാന്‍ പ്രായസകരമാണെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. താന്‍ പഠനത്തില്‍ മിടുക്കിയാണെന്നും നാസയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പഠനം തുടരാന്‍ പ്രചോദനം നല്‍കുകയാണെന്നും നേരത്തേ അര്‍ച്ചന പറഞ്ഞിരുന്നു.
ടേബിള്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. പഠനത്തോടുള്ള താത്പര്യം കൊണ്ടാണ് ഈ തീരുമാനം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനായും അല്ലാതെയും തനിക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക ബാധ്യത മൂലമാണ് കരിയര്‍ ഉപേക്ഷിക്കുന്നതെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അര്‍ച്ചന പ്രതികരിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ ടീം ജര്‍മ്മനിയോടാണ് പരാജയപ്പെട്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കണ്ട ഏക ഇന്ത്യന്‍ താരവും അര്‍ച്ചനയായിരുന്നു. റാങ്കിംഗില്‍ ഏറെ മുന്നിലുള്ള ഷിയാവോണ ഷാനിനെ സിംഗിള്‍സ് വിഭാഗത്തില്‍ അര്‍ച്ചന കീഴടക്കിയിരുന്നു.
നിരാശജനകമായ പ്രകടനമായിരുന്നു പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യ കാഴ്ചവച്ചത്. ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ കേവലം ആറു മെഡല്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായത്. നീരജ് ചോപ്ര, മനു ഭാക്കര്‍, പുരുഷ ഹോക്കി ടീം, സരബ്‌ജോത് സിംഗ്, സ്വപ്‌നില്‍ കുശാലെ, അമന്‍ സെഹ്‌റാവത്ത് എന്നിവരാണ് പാരിസില്‍ മെഡല്‍ നേടിയത്.നിരവധി താരങ്ങള്‍ക്ക് ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി. ടോക്കിയോ ഒളിമ്പിക്‌സില്‍ 48-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പാരിസില്‍ 71-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.