5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ajinkya Rahane : നാന്‍ വീഴ്‌വേന്‍ എന്‍ട്രു നിനത്തായോ; അഡാര്‍ തിരിച്ചുവരവുമായി അജിങ്ക്യ രഹാനെ

Ajinkya Rahane Syed Mushtaq Ali Trophy : കരിയര്‍ എന്‍ഡിലേക്ക് നടന്നടുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍, രണ്ടും കല്‍പിച്ചുള്ള പടപുറപ്പാടിലാണ് താരമെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രകടനമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാണാനാകുന്നത്

Ajinkya Rahane : നാന്‍ വീഴ്‌വേന്‍ എന്‍ട്രു നിനത്തായോ; അഡാര്‍ തിരിച്ചുവരവുമായി അജിങ്ക്യ രഹാനെ
അജിങ്ക്യ രഹാനെ (image credits : PTI)
jayadevan-am
Jayadevan AM | Published: 16 Dec 2024 18:59 PM

ദേശീയ ടീമിനായി അജിങ്ക്യ രഹാനെ ഒരു മത്സരം കളിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 2023 ജൂലൈ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് രഹാനെ അവസാനമായി ദേശീയ ടീമിനായി കളിച്ചത്. പിന്നീട് താരം സെലക്ടര്‍മാരുടെ റഡാറില്‍ നിന്ന് എങ്ങനെയോ അപ്രത്യക്ഷനായി.

തുടര്‍ന്ന് നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എപ്പോഴൊക്കെ പരിതാപകരമായ പ്രകടനം പുറത്തെടുത്തിട്ടുണ്ടോ, അപ്പോഴൊക്കെ രഹാനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രായവും (36), ആഭ്യന്തര മത്സരങ്ങളിലെ മങ്ങിയ പ്രകടനവും കണക്കിലെടുത്താകാം, താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.

36-ാം വയസില്‍ രഹാനെയുടെ ദേശീയ ടീമിലേക്കുള്ള ഒരു തിരിച്ചുവരവ് ആരാധകരും പ്രതീക്ഷിക്കുന്നില്ല. കരിയര്‍ എന്‍ഡിലേക്ക് നടന്നടുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍, രണ്ടും കല്‍പിച്ചുള്ള പടപുറപ്പാടിലാണ് താരമെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രകടനമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാണാനാകുന്നത്.

രഹാനെയുടെ ബാറ്റിങ് പാടവത്തെക്കുറിച്ച് ആരാധകര്‍ക്കും, ക്രിക്കറ്റ് നിരൂപകര്‍ക്കും തെല്ലിട സംശയമില്ലെങ്കിലും, അദ്ദേഹം ടി20 ശൈലിക്ക് എത്രമാത്രം അനുയോജ്യനാണെന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. ടി20ക്ക് ഉതകുന്ന ബാറ്റിങ് വിസ്‌ഫോടനാത്മകത അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് വിരളമായി മാത്രമേ കണ്ടിട്ടുള്ളൂ.

ഐപിഎല്‍ താരലേലത്തില്‍ തുടക്കത്തില്‍ രഹാനെയെ ഒരു ടീമും ലേലത്തില്‍ എടുക്കാന്‍ തയ്യാറാകാത്തതും ഇക്കാരണങ്ങളാല്‍ മുന്‍നിര്‍ത്തിയാകാം. രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ടീമിലെത്തിക്കുകയും ചെയ്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം ചൂടിയ മുംബൈ ടീമിന് കരുത്ത് പകര്‍ന്നത് രഹാനെയുടെ മാസ്മരിക പ്രകടനമായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 469 റണ്‍സ്. 58.62 ആവറേജ്. ടൂര്‍ണമെന്റിലെ താരവും രഹാനെയായിരുന്നു. 164.56 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്‌കോര്‍ 98.

ടൂര്‍ണമെന്റിലെ മുംബൈയുടെ ആദ്യ പോരാട്ടം ഗോവയ്‌ക്കെതിരെയായിരുന്നു. ആ മത്സരത്തില്‍ രഹാനെയ്ക്ക് തിളങ്ങാനായില്ല. നേടിയത് 13 പന്തില്‍ 13 റണ്‍സ് മാത്രം. രണ്ടാമത്തെ പോരാട്ടം മഹാരാഷ്ട്രയ്‌ക്കെതിരെ. ടി20 മോഡിലേക്ക് രഹാനെ നടത്തിയ പരിവര്‍ത്തനം ഈ മത്സരത്തില്‍ വ്യക്തമായിരുന്നു. നേടിയത് 34 പന്തില്‍ 52.

കേരളത്തിനെതിരെ അടിച്ചുകൂട്ടിയത് 35 പന്തില്‍ 68 റണ്‍സ്. നാഗാലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്തില്ല. 18 പന്തില്‍ 22 റണ്‍സ് മാത്രമാണ് സര്‍വീസസിനെതിരെ നേടാനായത്.ആന്ധ്രാ പ്രദേശിനെതിരെ 54 പന്തില്‍ 95, വിദര്‍ഭയ്‌ക്കെതിരെ 45 പന്തില്‍ 84, ബറോഡയ്‌ക്കെതിരെ 56 പന്തില്‍ 98…പോരേ പൂരം.

Read Also :  സേവനം മതി, ഉം പൊക്കോ ! മുഖ്യപരിശീലകനെയടക്കം പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ?

ഐപിഎല്‍ താരലേലത്തില്‍ രണ്ടാം ഘട്ടത്തിലെങ്കിലും രഹാനെയെ ടീമിലെത്തിക്കാന്‍ തോന്നിയതില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡ്‌ഴ്‌സ് മാനേജ്‌മെന്റ് ഇപ്പോള്‍ അതിയായി സന്തോഷിക്കുന്നുണ്ടാകാം. 1.5 കോടി രൂപയ്ക്കാണ് രഹാനെയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. കൊല്‍ക്കത്ത ടീമിന്റെ ക്യാപ്റ്റന്‍ ആരാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പില്‍ രഹാനെയെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ടീമിലുള്ളവരില്‍ പരിചയസന്നരുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് രഹാനെയുടെ സ്ഥാനവും. ടീമിന് മുന്നിലുള്ള ഒരു ക്യാപ്റ്റന്‍ ചോയിസുമാണ് ഇദ്ദേഹം.