Rashid Khan: ഖുറാനും ഇസ്ലാമും പറയുന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ്; താലിബാൻ വിലക്കിനെ പരസ്യമായി എതിർത്ത് റാഷിദ് ഖാൻ
Medical education for women in Afghanistan: 2020 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. പിന്നാലെ ഏഴാം ക്ലാസ് മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസവും താലിബാൻ വിലക്കിയിരുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ – മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ താലിബാൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. താലിബാൻ ഭരണകൂടത്തിന്റെ നീക്കം രാജ്യത്തെ ആരോഗ്യ സംവിധാനത്തെയും സമൂഹത്തിന്റെ വിശാലമായ ഘടനയെയും തകർക്കുമെന്ന് അഫ്ഗാനിസ്ഥാൻ താരമായ റാഷിദ് ഖാൻ പറഞ്ഞു. ഇസ്ലാമിക വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണ് ഉള്ളതെന്നും സ്ത്രീ പുരുഷന്മാരുടെ തുല്യമായ ആത്മീയ മൂല്യത്തെ കുറിച്ചും ഖുറാനിൽ എടുത്തു പറയുന്നുണ്ടെന്ന് റാഷിദ് ഖാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. സീനിയർ താരം മുഹമ്മദ് നബിയും താലിബാൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.
2020 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. പിന്നാലെ ഏഴാം ക്ലാസ് മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസവും താലിബാൻ വിലക്കിയിരുന്നു. സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മത്രം മതി എന്ന നിലപാടാണ് താലിബാൻ സ്വീകരിച്ചിരിക്കുന്നത്. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് പ്രവേശനമില്ല. ഇത്തരത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള താലിബാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയാണ് റാഷിദ് ഖാൻ പരസ്യമായി രംഗത്തെത്തിയത്.
റാഷിദ് ഖാൻ പങ്കുവച്ച കുറിപ്പ്
‘‘ഇസ്ലാമിക പഠനങ്ങളിൽ വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ് വിദ്യാഭ്യാസം. സ്ത്രീ- പുരുഷഭേദമന്യേ എല്ലാവർക്കും അറിവ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. ഖുറാനിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ-പുരുഷൻമാരുടെ തുല്യമായ ആത്മീയ മൂല്യത്തെക്കുറിച്ചും എടുത്ത് പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിലക്കേർപ്പെടുത്തിയ താലിബാൻ ഭരണകൂടത്തിന്റെ നയത്തെ ഏറെ വേദനയോടും നിരാശയോടെയുമാണ് ഞാൻ നോക്കി കാണുന്നത്”.
“അമ്മമാരും സഹോദരിമാരും അടങ്ങുന്ന സ്ത്രീകളുടെ ഭാവിയെ മാത്രമല്ല, ഈ നീക്കം അഫ്ഗാൻ ജനതയുടെ വിശാലമായ ഘടനയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ നീക്കത്തിനെതിരെ അവർ പങ്കുവയ്ക്കുന്ന ഓരോ ചെറിയ കാര്യവും വേദനയും നിരാശയും മാത്രമല്ല, അവർ അനുഭവിക്കുന്ന വെല്ലുവിളികൾ കൂടിയാണ്”.
“വളരെ നിർണായകമായ ഒരു ദശാസന്ധിയിലാണ് അഫ്ഗാനിസ്ഥാൻ ഇപ്പോഴുള്ളത്. ഈ രാജ്യത്തിന് മെഡിക്കൽ രംഗം ഉൾപ്പെടെയുള്ള എല്ലാമേഖലകളിലും വിദഗ്ധന്മാരെ ആവശ്യമുണ്ട്. മാതൃരാജ്യത്തെ ആരോഗ്യരംഗം വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് ഗുരുതരമായ പ്രശ്നം തന്നെയാണ്. സ്ത്രീകളുടെ അന്തസിനെയും രാജ്യത്തെ ആരോഗ്യ സംവിധാനത്തെയും അത് ഒരുപോലെ ബാധിക്കുന്നു”.
‘‘ അമ്മമാർക്കും സഹോദരിമാർക്കും മെഡിക്കൽ രംഗത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കേണ്ടത് പ്രധാനമാണ്. വിലക്ക് പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. വിലക്ക് പിൻവലിച്ചാൽ അഫ്ഗാനിലെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും അതുവഴി രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകാനും കഴിയും. എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല, നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ ധാർമിക കടമ കൂടിയാണ്”. – റാഷിദ് ഖാൻ കുറിച്ചു.
🤲🏻🤲🏻🇦🇫🇦🇫 pic.twitter.com/rYtNtNaw14
— Rashid Khan (@rashidkhan_19) December 4, 2024
“>
മുഹമ്മദ് നബി പങ്കുവച്ച കുറിപ്പ്
“പെൺകുട്ടികളെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കികൊണ്ടുള്ള ഭരണകൂടത്തിന്റെ തീരുമാനം ഹൃദയഭേദകവും അനീതിയുമാണ്. ഇസ്ലാം മതം വിദ്യാഭ്യാസത്തിന് എപ്പോഴും പ്രധാന്യം നൽകുന്നുണ്ട്. വിദ്യാഭ്യാസം വിലക്കികൊണ്ടുള്ള ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ ചെയ്യാനുള്ള അവകാശവും നിഷേധിക്കുന്നത് അവരുടെ സ്വപ്നങ്ങളോടും നമ്മുടെ രാജ്യത്തിൻ്റെ ഭാവിയോടുമുള്ള വഞ്ചനയാണ്. നമ്മുടെ പെൺമക്കൾ പഠിക്കട്ടെ, വളരട്ടെ. ഇത് അവരുടെ അവകാശമാണ്, അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്”. -മുഹമ്മദ് നബി കുറിച്ചു.
View this post on Instagram
“>