Afganistan Cricket Team : ഡിവിഷൻ ഫൈവിൽ നിന്ന് ലോകകപ്പ് സെമി വരെ; അഫ്ഗാനിസ്ഥാൻ്റെ യാത്ര മുഹമ്മദ് നബിയുടെ കൈപിടിച്ച്
Afganistan Cricket Team And The Unbelievable Growth : 2003ൽ തങ്ങളുടെ ആദ്യ മത്സരം കളിച്ച്, 2009ൽ ആദ്യ ഏകദിനം കളിച്ച് പിച്ചവെക്കുന്ന ഒരു ടീം 20 കൊല്ലങ്ങൾക്കിപ്പുറം ഒരു ലോകകപ്പിൻ്റെ സെമിഫൈനൽ കളിക്കാൻ യോഗ്യത നേടുമ്പോൾ ആ യാത്ര അത്ഭുതമല്ലാതെ മറ്റെന്താണ്. തല്ലിക്കൊന്നിട്ടാലും എഴുന്നേറ്റുവന്ന്, 'നമുക്കൊന്ന് മുട്ടിനോക്കാം' എന്ന് പറയാൻ കെല്പുള്ള ഒരു സംഘം. അതാണ് അഫ്ഗാനിസ്ഥാൻ.
ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൂപ്പർ എട്ട് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സ്. 18ആം ഓവറിലെ അഞ്ചാം ബോൾ. ഒരു ചെറിയ മഴ ബ്രേക്കിനു ശേഷമുള്ള ആദ്യ പന്ത്. മുസ്തഫിസുർ റഹ്മാൻ സ്ട്രൈക്കിൽ. ബൗളിംഗ് പരിശീലകൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ദ്രുതഗതിയിൽ ഫീൽഡ് ചേഞ്ച് ചെയ്ത് ബൗൺസറിനുള്ള ഫീൽഡ് സെറ്റ് ചെയ്യുന്ന ബൗളറും ക്യാപ്റ്റനും. നവീനുൽ ഹഖിൻ്റെ റണ്ണപ്പ്. ഒരു വിക്കറ്റകലെ അഫ്ഗാന് ലോകകപ്പ് സെമി യോഗ്യതയുണ്ട്. ബംഗ്ലാദേശിനു വേണ്ടത് 8 പന്തിൽ 9 റൺസ്. ഫീൽഡർമാർ ക്യാച്ചിംഗ് പൊസിഷനിൽ തയ്യാറാണ്. നവീൻ്റെ റിലീസ്. പന്ത് ഫുൾ, നേരെ സ്റ്റമ്പിലേക്ക്. ബൗൺസറിനുള്ള ഫീൽഡിൽ നവീൻ്റെ ഒന്നാന്തരം ബ്ലഫ്. മുസ്തഫിസുർ എൽബിഡബ്ല്യു. ആർത്തലച്ച് അഫ്ഗാൻ ടീമൊന്നടങ്കം ഓടുന്നത് ബ്രാവോയുടെ അടുത്തേക്കാണ്. അയാളുടെ തന്ത്രത്തിൽ ബംഗ്ലാദേശിൻ്റെ അവസാന വിക്കറ്റ് വീണിരിക്കുന്നു. ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൻ്റെ സെമിഫൈനലിൽ.
മുഖത്ത് കൈവച്ച് ആശ്വാസവും സന്തോഷവും കലർന്ന മുഖഭാവത്തോടെ ഡഗൗട്ടിനരികെ ബൗണ്ടറി ലൈനിൽ ഗ്രൗണ്ടിലിരിക്കുന്ന റാഷിദ് ഖാൻ. ഓടിവന്ന് അയാളെ ആശ്ലേഷിച്ച് ആഘോഷിക്കുന്ന ഇബ്രാഹിം സദ്രാൻ. ആഹ്ലാദം, അട്ടഹാസം, സന്തോഷക്കണ്ണീർ, ഇതിനെല്ലാം സാക്ഷിയായി മുഹമ്മദ് നബി എന്ന 39കാരനും ടീമിനൊപ്പമുണ്ടായിരുന്നു. 2003ൽ അഫ്ഗാനിസ്ഥാൻ ആദ്യ മത്സരം കളിക്കുമ്പോൾ മുതൽ അയാൾ ആ ടീമിനൊപ്പമുണ്ട്. ദി പ്രസിഡൻ്റ്, മുഹമ്മദ് നബി.
2003ലാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ആദ്യമായി ഒരു മത്സരം കളിക്കുന്നത്. മുഹമ്മദ് ഷഹ്സാദ്, ഷാപൂർ സദ്രാൻ, അസ്ഗർ അഫ്ഗാൻ തുടങ്ങി പിന്നീട് ദേശീയ ടീമിൽ സ്ഥിരമായ പലരും കളിച്ച ആ മത്സരത്തിൽ ടോപ്പ് സ്കോററായത് 18 വയസുകാരനായ മുഹമ്മദ് നബി. പാകിസ്ഥാനിലെ റഹിം യാർ ഖാൻ ക്രിക്കറ്റ് അസോസിയേഷനെതിരെ അന്ന് നബി അടിച്ചത് 61 റൺസ്. യുദ്ധം തകർത്തുകളഞ്ഞ ആ രാജ്യത്തിന്റെ ഏറ്റവും വലിയ സന്തോഷത്തിന്റെ ആദ്യ ചുവടുമുതൽ മുഹമ്മദ് നബി ആ ടീമിലുണ്ട്. ഒരു ജനതയെയാകമാനം നേർവഴിയിലേക്ക് നയിച്ചെന്ന് വിശ്വസിക്കപ്പെടുന്ന മഹാൻ്റെ പേരിനെ അന്വർത്ഥമാക്കി, ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച, അവർക്ക് സന്തോഷം പകർന്നുനൽകിയ ഇതിഹാസം. ഒടുവിൽ, ചരിത്രത്തിലാദ്യമായി അഫ്ഗാൻ ടി20 ലോകകപ്പ് സെമി കളിക്കുമ്പോഴും നബി അവിടെയുണ്ട്. ആദ്യ കളിയും ഇന്നലത്തെ ബംഗ്ലാദേശ് മത്സരവും തമ്മിലെ ദൂരം രണ്ട് പതിറ്റാണ്ട്. നബിക്കിപ്പോൾ വയസ് 39.
Also Read : T20 World Cup 2024 : ബംഗ്ലാ കടുവകളെ അഫ്ഗാനികൾ എറിഞ്ഞിട്ടു! സെമി കാണാതെ ഓസ്ട്രേലിയ പുറത്ത്
2006ൽ എംസിസിക്കെതിരെ മുംബൈയിൽ നടന്ന മത്സരത്തിൽ 116 റൺസ് അടിച്ച് അഫ്ഗാനെ വിജയിപ്പിച്ച നബി എംസിസി യങ് ക്രിക്കറ്റേഴ്സ് പ്രോഗ്രാമിൽ ഉൾപ്പെട്ടു. പിന്നീട് പാകിസ്താനിൽ ചില ആഭ്യന്തര മത്സരങ്ങൾ കളിച്ച നബി പിന്നീടെത്തുന്നത് ഡിവിഷൻ ഫൈവിലുള്ള അഫ്ഗാനിലാണ്. 2008ൽ ഡിവിഷൻ ഫൈവും ഫോറും അവർ ജയിച്ചു. ഏത് നേരവും വീടിനു മുകളിലേക്ക് പതിച്ചേക്കാവുന്ന ഷെല്ലുകളു ഭയന്ന്, വിശപ്പനുഭവിച്ച് ആ സമയത്തൊക്കെ കട്ടയ്ക്ക് ഒപ്പമുണ്ടായിരുന്നത് ഷഹ്സാദും അസ്ഗർ അഫ്ഗാനുമൊക്കെയായിരുന്നു. ഇന്ത്യയുടെയും പാകിസ്താൻ്റെയും സഹായത്തോടെ ക്രിക്കറ്റ് ഗിയറുകൾ വാങ്ങിയായിരുന്നു കളി. ഡിവിഷൻ ഫോറിൽ നബി പ്ലയർ ഓഫ് ദി ടൂർണമെന്റ് ആയി. 2009ൽ അഫ്ഗാന് ഏകദിന പദവി. അക്കൊല്ലം സ്കോട്ട്ലൻഡിനെതിരെ ആദ്യ രാജ്യാന്തര ഏകദിനം. ആ കളി 58 റൺസെടുത്ത് ടോപ്പ് സ്കോററായ നബി മാൻ ഓഫ് ദി മാച്ച്. അഫ്ഗാന് ജയം. അഫ്ഗാൻ്റെ ക്രിക്കറ്റ് ചരിത്രത്തിൽ നാഴികക്കല്ലുകളായ എല്ലാ മത്സരങ്ങളിലും മുഹമ്മദ് നബിയെന്ന ക്രിക്കറ്ററുടെ പേരുണ്ടായിരുന്നു. 2019 ലോകകപ്പിൽ ഇന്ത്യക്കെതിരെ വെറും 11 റൺസിന് അഫ്ഗാൻ വീഴുമ്പോൾ അന്നും ടോപ്പ് സ്കോറർ മുഹമ്മദ് നബി ആയിരുന്നു. 55 പന്തിൽ 52 റൺസ്.
മുഹമ്മദ് നബി അഫ്ഗാൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച വഴികളിലൂടെയൊക്കെ ആദ്യം നടന്നയാളാണ്. ഇന്ന് റാഷിദ് ഖാനും റഹ്മാനുള്ള ഗുർബാസും നവീനുൽ ഹഖുമൊക്കെ നടക്കുന്ന വഴി നബി വെട്ടിയതാണ്. ഡിവിഷൻ ഫൈവ് (ആദ്യ മത്സരം) മുതൽ ടി20 ലോകകപ്പ് സെമി വരെ നീളുന്നൊരു അസാമാന്യ യാത്ര. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ ടീമിനായി പോരാടിയ ചാമ്പ്യൻ ക്രിക്കറ്റർ. ഈ ചാമ്പ്യൻ ക്രിക്കറ്റർ തെളിച്ച വഴിയേ നടന്നവരാണ് ഇന്ന് അഫ്ഗാനിസ്ഥാൻ ടീമിലെ ഓരോരുത്തരും.
അരങ്ങേറിയ സമയം മുതൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളെന്ന വിശേഷണം കാത്തുസൂക്ഷിക്കുന്ന റാഷിദ് ഖാൻ അഫ്ഗാൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വലിയ മാനങ്ങൾ നൽകിയ ആളാണ്. വിവിധ ടി20 ലീഗുകളിൽ കളിച്ച് നേട്ടങ്ങളുണ്ടാക്കിയ റാഷിദ് അഫ്ഗാനിലെ യുവ ക്രിക്കറ്റർമാർക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ഇന്ന് അഫ്ഗാന് ഒരുപക്ഷേ, ഇന്ത്യക്ക് താഴെ ഏഷ്യയിൽ ഏറ്റവും ശക്തമായ ക്രിക്കറ്റ് സിസ്റ്റമുണ്ട്. ഏത് നേരവും മുറിഞ്ഞുപോകാവുന്ന ജീവനാണെന്ന തിരിച്ചറിവിലും അവിടെനിന്ന് ഏജ് ഗ്രൂപ്പുകൾ വഴി ക്വാളിറ്റി ക്രിക്കറ്റർമാർ ഉണ്ടാവുന്നുണ്ട്. നവീനുൽ ഹഖ്, ഇക്രം അലിഖിൽ, റഹ്മാനുള്ള ഗുർബാസ്, അസ്മതുള്ള ഒമർസായ്, ഇബ്രാഹിം സദ്രാൻ, ഖൈസ് അഹ്മദ്, മുജീബ് റഹ്മാൻ തുടങ്ങിയ താരങ്ങളെല്ലാം അണ്ടർ 19 ലോകകപ്പ് ടീമിൽ കളിച്ചവരാണ്. കഴിഞ്ഞ കളി മഹ്മൂദുള്ളയുടെ ഒരു കിടിലൻ ക്യാച്ചെടുത്ത്, മറ്റാരും അറിയാതിരുന്നിട്ടും ക്യാപ്റ്റനെക്കൊണ്ട് റിവ്യൂ എടുപ്പിച്ച സബ്സ്റ്റിറ്റ്യൂട്ട് കീപ്പർ മുഹമ്മദ് ഇഷാഖിൻ്റെ വയസ് വെറും 19 ആണ്. ഈ ഇഷാഖും നൂർ അഹ്മദും അണ്ടർ 19 ലോകകപ്പ് കളിച്ച താരങ്ങളാണ്.
അവിശ്വസനീയമാണ് അഫ്ഗാൻ ക്രിക്കറ്റ് ടീമിൻ്റെ യാത്ര. അഫ്ഗാനിസ്ഥാനെക്കാൾ അടിസ്ഥാന സൗകര്യങ്ങളുള്ള, അവർക്കു മുന്നേ ഐസിസി ഏകദിന അംഗീകാരം ലഭിച്ച പല ടീമുകളും ഇപ്പോഴും ശൈശവാസ്ഥയിൽ തന്നെ തുടരുമ്പോഴാണ് വെറും 20 വർഷം കൊണ്ട് അവർ ഒന്നുമില്ലായ്മയിൽ നിന്ന് ലോകകപ്പിലെ ഏറ്റവും മികച്ച നാല് ടീമുകളിൽ ഒന്നാകുന്നത്. തീയിൽ കുരുത്തതെങ്ങനെ വെയിലത്ത് വാടും?