5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi : വയസ് വെറും 13; ഓസ്ട്രേലിയക്കെതിരെ 58 പന്തിൽ സെഞ്ചുറിയുമായി റെക്കോർഡിട്ട് ഇന്ത്യ അണ്ടർ 19 താരം

Vaibhav Suryavanshi 58 Ball Hunderd : 13ആം വയസിൽ ഓസ്ട്രേലിയക്കെതിരെ 58 പന്തിൽ സെഞ്ചുറിയടിച്ച് ഇന്ത്യയുടെ അണ്ടർ 19 താരം. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരത്തിൻ്റെ പ്രകടനം.

Vaibhav Suryavanshi : വയസ് വെറും 13; ഓസ്ട്രേലിയക്കെതിരെ 58 പന്തിൽ സെഞ്ചുറിയുമായി റെക്കോർഡിട്ട് ഇന്ത്യ അണ്ടർ 19 താരം
വൈഭവ് സൂര്യവൻശി (Image Credits - PTI)
abdul-basith
Abdul Basith | Published: 01 Oct 2024 19:16 PM

യൂത്ത് ടെസ്റ്റിൽ പുതിയ റെക്കോർഡുമായി ഇന്ത്യൻ താരം വൈഭവ് സൂര്യവൻശി. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ നടക്കുന്ന യൂത്ത് ടെസ്റ്റിൽ വെറും 58 പന്തിൽ സെഞ്ചുറിയടിച്ച വൈഭവ് അണ്ടർ 19 ടെസ്റ്റിൽ ഏറ്റവും വേഗം കൂടിയ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായി. 13ആം വയസിലാണ് വൈഭവ് സൂര്യവൻശിയുടെ തകർപ്പൻ സെഞ്ചുറി. കഴിഞ്ഞ രഞ്ജി സീസണിൽ, 12ആം വയസിൽ ബീഹാറിനായി അരങ്ങേറിയ താരം രഞ്ജി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ മറികടന്നിരുന്നു.

Also Read : Sachin Tendulkar: ബാറ്റ് വീണ്ടും കയ്യിലെടുക്കാൻ മാസ്റ്റർ ബ്ലാസ്റ്റർ; സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

റെഡ് ബോൾ ക്രിക്കറ്റിൽ താരത്തിൻ്റെ ആദ്യ മത്സരമായിരുന്നു ഇത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു വൈഭവിൻ്റെ അവിസ്മരണീയ പ്രകടനം. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ബൗളർമാരെ അനായാസം നേരിട്ട താരം 14 ബൗണ്ടറിയും നാല് സിക്സറും സഹിതമാണ് റെക്കോർഡിലെത്തുന്നത്. മുഴുവൻ രാജ്യങ്ങളും പരിഗണിക്കുമ്പോൾ ഇംഗ്ലണ്ടിൻ്റെ മൊയീൻ അലിയുടെ പേരിലാണ് അണ്ടർ 19 ടെസ്റ്റിലെ വേഗതയേറിയ സെഞ്ചുറിയുടെ റെക്കോർഡ്. 2005ൽ 56 പന്തിലാണ് മൊയീൻ സെഞ്ചുറിയടിച്ചത്. രണ്ടാമത് വൈഭവാണ്. 62 പന്തിൽ 104 റൺസ് നേടി വൈഭവ് പുറത്താവുകയായിരുന്നു.

രഞ്ജി അരങ്ങേറ്റത്തിന് മുൻപ് ഇന്ത്യ ബി അണ്ടർ 19 ടീമിൽ കളിച്ച താരം അണ്ടർ 19 ചതുർ രാഷ്ട്ര പരമ്പരയിലെ ആറ് ഇന്നിംഗ്സിൽ നിന്ന് രണ്ട് ഫിഫ്റ്റിയടക്കം 177 റൺസ് നേടിയിരുന്നു. വിനൂ മങ്കാദ് സീരീസിലും താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. അഞ്ച് മത്സരങ്ങളിലായി 78.60 ശരാശരിയിൽ 393 റൺസാണ് താരം നേടിയത്. രണ്ട് രഞ്ജി മത്സരം കളിച്ച താരം 31 റൺസാണ് നേടിയിട്ടുള്ളത്.

ആദ്യ ഇന്നിംഗ്സിൽ 293 റൺസ് നേടി ഓസ്ട്രേലിയ ഓൾ ഔട്ടായിരുന്നു. 61 റൺസ് നേടിയ എയ്ഡൻ ഒകോണർ ഓസീസിനായി ടോപ്പ് സ്കോറർ ആയപ്പോൾ റൈലി കിംഗ്സെലും (53) ഫിഫ്റ്റിയടിച്ചു. ഇന്ത്യക്കായി മലയാളി താരം മുഹമ്മദ് ഇനാനും സമർത്ഥ് നാഗരാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വൈഭവും വിഹാൻ മൽഹോത്രയും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 133 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. വൈഭവ് പുറത്തായതോടെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യക്ക് പിന്നീട് വളരെ വേഗം വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. 76 റൺസ് നേടിയ വിഹാൻ മൽഹോത്രയും ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്കായി വിശ്വ രാംകുമാർ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ 296 റൻസിന് ഓൾ ഔട്ടായി.

Also Read : IND vs BAN : മഴ കൊണ്ടുപോയ മത്സരമാണ് ഒരു ദിവസം കൊണ്ട് തിരിച്ചുപിടിച്ചത്; കാൻപൂരിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

മൂന്ന് റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലാണ്. മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നിലവിൽ 107 റൺസ് ലീഡാണ് ഓസ്ട്രേലിയക്കുള്ളത്.

നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ കളി ഏഴ് വിക്കറ്റിനും രണ്ടാമത്തെ കളി 9 വിക്കറ്റിനും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ഏഴ് റൺസിന് വിജയിച്ചു. പരമ്പരയിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച മുഹമ്മദ് ഇനാൻ 6 വിക്കറ്റ് നേടി പട്ടികയിൽ ഒന്നാമതായിരുന്നു. സഹിൽ പരഖ് (133), മുഹമ്മദ് അമാൻ (129) എന്നിവർ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടി. 146 റൺസ് നേടിയ ഓസീസ് താരം സ്റ്റീവൻ ഹോഗനാണ് പട്ടികയിൽ ഒന്നാമത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ട് ടെസ്റ്റാണ് കളിക്കുക. ആദ്യ ടെസ്റ്റാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബർ ഏഴിന് ആരംഭിക്കും. ഈ മത്സരവും എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക.