ഒരു മലയാളി താരം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തിട്ട് 100 വർഷം തികയുന്നു
ബ്രിട്ടീഷ് ഇന്ത്യൻ പ്രതിനിധിയായി ആയിരുന്നു പങ്കെടുത്തത്. മത്സര ഫൈനലിൽ എത്താൻ ലക്ഷ്മണിന് കഴിഞ്ഞില്ല.
തിരുവനന്തപുരം : ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പ്, കായികതാരങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം, പാരീസിന് ഒരുക്കങ്ങളുടെ ഏഴുവർഷം. ഒളിമ്പിക്സിന് ഇത്തവണ കേളികൊട്ടുയരുമ്പോൾ മലയാളിക്ക് ഒാർക്കാൻ ഒരു കാര്യം കൂടി തെളിയുന്നുണ്ട്. മലയാളിയായ ഒരാൾ പങ്കെടുത്തിട്ട് 100 വർഷം തികയുന്നു. 1924-ലെ പാരീസ് ഒളിമ്പിക്സിൽ ആയിരുന്നു ആദ്യമായി ഒരു മലയാളി ആദ്യമായി പങ്കെടുത്തത്. കണ്ണൂരിലെ പയ്യാമ്പലം സ്വദേശിയായ മേജർ ജനറൽ സി. കെ ലക്ഷ്മൺ ആയിരുന്നു ആ മലയാളി. പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത 7 അംഗ ഇന്ത്യൻ അതലറ്റിക് സംഘത്തിലായിരുന്നു ലക്ഷ്മൺ ഉണ്ടായിരുന്നത്. 110 മീറ്റർ ഹർഡിൽസ് ആയിരുന്നു അദ്ദേഹത്തിന്റെ മത്സര ഇനം. ബ്രിട്ടീഷ് ഇന്ത്യൻ പ്രതിനിധിയായി ആയിരുന്നു പങ്കെടുത്തത്. മത്സര ഫൈനലിൽ എത്താൻ ലക്ഷ്മണിന് കഴിഞ്ഞില്ല. ബ്രിട്ടീഷ് രാജിൽ പട്ടാളത്തിൽ മേജർ ജനറലും ആരോഗ്യ സേവനങ്ങളുടെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. ക്രിക്കറ്റ് താരവുമായിരുന്നു.1924 ൽ ഡൽഹിയിൽ നടന്ന ആദ്യ ദേശീയ അത്‌ലറ്റിക് മീറ്റിൽ 120 യാർഡ് ഹർഡിൽസ് ഇനത്തിൽ സ്വർണ്ണം നേടിക്കൊണ്ടാണ് അന്ന് അദ്ദേഹം യോഗ്യത ഉറപ്പിച്ചത്.
പയ്യാമ്പലത്തെ ചെറുവാരിക്കൊട്ടിയം കുടുംബാംഗമായി 1898-ലാണ് ജനിച്ചത്. കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തിനൊപ്പം ടെന്നീസിലും ക്രിക്കറ്റിലും സമർഥനായിരുന്ന ഇദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പോവുകയായിരുന്നു. പിന്നീട് സൈന്യത്തിൽ ഡോക്ടറായി ചേരുകയും കായികരംഗത്തു നിന്ന് പിൻവാങ്ങുകയും ചെയ്തു.
പിൽക്കാലത്ത് അന്താരാഷ്ട്ര സൊസൈറ്റി എക്സിക്യൂട്ടീവ് ഒാഫീസറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1972 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.