Easter 2025: ശരിക്കും ഈസ്റ്റർ എന്നാണ്?; ഓരോ വർഷവും ഈസ്റ്റർ തീയതി മാറുന്നത് എന്തുകൊണ്ട്
Why Easter Always Change Every Year: കുരിശ് മരണത്തിന് ശേഷം മൂന്നാം നാൾ യേശു ഉയിർത്തേഴുന്നേറ്റുവന്ന ദിവസം ഈസ്റ്ററായി വിശ്വാസികൾ ആഘോഷിക്കുന്നു. എന്നാൽ ഈസ്റ്റർ ആഘോഷത്തിൻ്റെ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. എന്താണ് അതിൻ്റെ കാരണമെന്ന് നിങ്ങൾക്കറിയാമോ?

ക്രിസ്തീയ മതവിശ്വാസികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. ഇക്കൊല്ലത്തെ ഈസ്റ്റർ വരുന്നത് ഏപ്രിൽ 20 ഞായറാഴ്ച്ചയാണ്. കുരിശിൽ തറച്ച യേശു ക്രിസ്തുവിന്റെ ഉയിർത്തേഴുന്നേൽപ്പ് ദിവസമായിട്ടാണ് ഈസ്റ്റർ കണക്കാക്കുന്നത്. കുരിശ് മരണത്തിന് ശേഷം മൂന്നാം നാൾ യേശു ഉയിർത്തേഴുന്നേറ്റുവന്ന ദിവസം ഈസ്റ്ററായി വിശ്വാസികൾ ആഘോഷിക്കുന്നു. എന്നാൽ ഈസ്റ്റർ ആഘോഷത്തിൻ്റെ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. എന്താണ് അതിൻ്റെ കാരണമെന്ന് നിങ്ങൾക്കറിയാമോ?
ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്
ഈസ്റ്റർ ആഘോഷം എല്ലാ വർഷവും ഒരു തീയതിലല്ല ആഘോഷിക്കുന്നത്. തീയതി മാറുമെങ്കിലും അതിന് കൃത്യമായ ഒരു കാലയളവ് ഉണ്ട്. സാധാരണ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഈസ്റ്റർ മാർച്ച് 22 നും ഏപ്രിൽ 25നും ഇടയ്ക്കാണ് ആഘോഷിക്കേണ്ടത്. അതേസമയം ജൂലിയൻ കലണ്ടർ പ്രകാരമാകട്ടെ ഈസ്റ്റർ ഏപ്രിൽ എട്ടിനും മെയ് എട്ടിനും ഇടയിലാണ് ആഘോഷിക്കേണ്ടത്.
ഇതനുസരിച്ച് പാസ്‌കൽ ഫുൾ മൂണിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്. വെർണൽ ഈക്വിനോക്‌സിന് ശേഷം ആരംഭിക്കുന്ന ഈ ആഘോഷം ഉത്തരധ്രുവത്തിൽ വസന്തത്തിന്റെ ആരംഭമായിരിക്കുന്നതാണ്. സാധാരണയായി പാസ്‌കൽ ഫുൾ മൂണിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റർ തീയിതിയായി കണ്ട് ആഘോഷിക്കുന്നത്.
ഈസ്റ്റർ ആണ് പ്രധാന ആഘോഷമെങ്കിലും ഈ ആഘോഷത്തിന് മുമ്പ് നിരവധി പ്രധാന ആഘോഷ ദിനങ്ങൾ വേറെയുമുണ്ട്. വിഭൂതി ദിനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഏകദേശം ഈസ്റ്ററിന് ആറര ആഴ്ച മുമ്പാണ് ഇത് ആരംഭിക്കുന്നത്. നമ്മുടെ നാട്ടിൽ പള്ളികളിൽ പുരോഹിതൻമാർ വിശ്വാസികളുടെ നെറ്റിയിൽ ചാരം തൊടുവിക്കുന്നത് ഈ ദിവസമാണ്.
പണ്ടുകാലം മുതൽ കണ്ടുവരുന്ന ഒരു ആചാരമാണിത്. ഈ ദിനം മുതലാണ് ക്രിസ്തു വിശ്വാസികൾക്കിടയിൽ നോമ്പ് ആരംഭിക്കുന്നത്. മാംസഭക്ഷണം, മദ്യം എന്നിങ്ങനെ പലതും ഈ സമയം ഭക്ഷിക്കാൻ പാടില്ല. ചെയ്ത പാപങ്ങൾ കഴുകി നമ്മുടെ മോക്ഷത്തിനായുള്ള പ്രാർത്ഥനകളാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹോളി വീക്ക് ആയി കണ്ടാണ് സാധാരണ ഈസ്റ്റർ ആഘോഷിക്കുന്നത്. ഇതിന് തുടക്കമാകുന്നത് ഓശാന ഞായറാഴ്ചയോടെയാണ്. ഇത്തവണ ഏപ്രിൽ 13നായിരുന്നു ഓശാന ഞായർ.
ക്രിസ്തുവിന്റെ ജെറുസലേമിലേക്കുള്ള വരവ് ഈ ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹോളി വെനസ്‌ഡേ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ക്രിസ്തുവിനെ ഒറ്റിയ യൂദാസിന്റെ പ്രവൃത്തിയെയാണ്. ഇതിന് ശേഷമാണ് പെസഹ വ്യാഴം വരുന്നത്. ക്രിസ്തു തന്റെ ശിഷ്യൻമാരൊടൊത്തിരുന്ന് അന്ത്യ അത്താഴം കഴിച്ച ദിവസമാണ് പെസഹ വ്യാഴം. അതിന് തൊട്ടടുത്ത ദിവസം ക്രിസ്തുവിന്റെ കുരിശിൽ തറച്ചതിനാൽ ദുഃഖ വെള്ളിയായി കാണുന്നു. അതിന് മൂന്നാം നാൾ ക്രിസിതു ഉയർത്തെഴുനേറ്റ ദിവസമാണ് നമ്മൾ ഈസ്റ്ററായി കൊണ്ടാടുന്നത്.