Vishu Choyikett: ശിവപാര്‍വതി സങ്കല്‍പം, കാട്ടാള വേഷം, പിന്നെ ചൂരല്‍ വടികൊണ്ട് അടി; കേട്ടിട്ടുണ്ടോ ചോയികെട്ടിനെക്കുറിച്ച്?
Choyikett Special Vishu Ceremony: വിഷുദിനത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ചോയി ഇറങ്ങും. ചപ്പിലകളടക്കം ഉപയോഗിച്ചുള്ള കാട്ടാഷ വേഷമാകും ഇവര്‍ ധരിക്കുക. ചകിരിമീശ, വാഴയില ഉപയോഗിച്ചുള്ള കിരീടം, വെള്ളരിക്ക കമ്മല്‍ തുടങ്ങിയവയും ധരിക്കും. ശിവനും പാര്‍വതിയും വേഷം മാറി ഭക്തരെ അനുഗ്രഹിക്കാനെത്തുന്നുവെന്നാണ് സങ്കല്‍പം

വേറിട്ട ആചാരങ്ങള്‍, വേറിട്ട രീതികള്‍…ഇത്തരം സവിശേഷതകളാണ് ഓരോ നാടിന്റെയും അടയാളപ്പെടുത്തലുകള്‍. ഓരോ ആഘോഷവും പല രീതിയിലാണ് ഓരോ നാടും കൊണ്ടാടുന്നത്. തെക്കന്‍ കേരളത്തിലും, വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമൊക്കെ ഈ വേറിട്ട പ്രത്യേകതകള്‍ കാണാം. ഇത്തരത്തില്‍ വിഷുദിനത്തോടനുബന്ധിച്ച് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയില്‍ കണ്ടുവരുന്ന ഒരു തനത് ആചാരമാണ് ചോയികെട്ട്. പണ്ടാട്ടി വരവ്, ചപ്പകെട്ട്, യോഗി പുറപ്പാട് എന്നിങ്ങനെ പല പേരുകളിലായാണ് ഇത് അറിയപ്പെടുന്നത്. കോഴിക്കോട്ട് ജില്ലയിലെ കണ്ണഞ്ചേരി ചാലിയ തെരുവ്, കൊരയങ്ങാട് തെരു, ബാലുശ്ശേരി പൊന്നരംതെരു, കുന്നത്തെരു തുടങ്ങിയ സ്ഥലങ്ങളിലാണ് വിഷുദിനത്തില്‍ ഇത് കൂടുതലായും ആഘോഷിക്കുന്നത്.
വിഷുദിനത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ചോയി ഇറങ്ങും. ചപ്പിലകളടക്കം ഉപയോഗിച്ചുള്ള കാട്ടാഷ വേഷമാകും ഇവര്‍ ധരിക്കുക. ചകിരിമീശ, വാഴയില ഉപയോഗിച്ചുള്ള കിരീടം, വെള്ളരിക്ക കമ്മല്‍ തുടങ്ങിയവയും ധരിക്കും. ശിവനും പാര്‍വതിയും വേഷം മാറി ഭക്തരെ അനുഗ്രഹിക്കാനെത്തുന്നുവെന്നാണ് സങ്കല്‍പം.
Read Also : Vishu 2025: വിഷുവിന് കൊന്നയ്ക്ക് എന്താണ് കാര്യം? കണിക്കൊന്നയുടെ പിന്നിലെ കഥ ഇതോ




വീടുകളിലെത്തി ചോയി അനുഗ്രഹിക്കും. ചക്ക, മാങ്ങ, വെള്ളരി, അരി, നിവേദ്യം തുടങ്ങിയവയുമായി ചോയിയെ വീടുകളില്‍ സ്വീകരിക്കും. ചോയിയുടെ കയ്യില്‍ ചൂരല്‍ വടിയുണ്ടാകുമെന്നതാണ് പ്രത്യേകത. ചോയിയുടെ അടി വാങ്ങുന്നത് അനുഗ്രഹത്തിന് തുല്യമാണെന്നാണ് വിശ്വാസം. അതുകൊണ്ട് അടി കിട്ടാനായി ഭക്തരെത്തും. ചോയിക്കൊപ്പം പ്രദേശവാസികളുടെ ഒരു സംഘം തന്നെ കൂടെയുണ്ടാകും. അവസാനം ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കുളിക്കുന്നതോടെ ചടങ്ങുകള്‍ കഴിയും.