Vishu 2025: വിഷുക്കണി ഒരുക്കാൻ ക്ഷേത്രങ്ങളും; കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഇവയാണ്..
Sri Krishna Temples in Kerala: ശ്രീകൃഷ്ണനെ കണികണ്ടാണ് വിഷുപ്പുലരിയെ വരവേൽക്കുന്നത്. വീടുകളിൽ മാത്രമല്ല, ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കാറുണ്ട്. കേരളത്തിലെ പ്രശസ്തമായ ചില ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ പരിചയപ്പെട്ടാലോ...

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുനാളിന്റെ ആഘോഷത്തിലാണ് മലയാളികൾ. ശ്രീകൃഷ്ണനെ കണികണ്ടാണ് വിഷുപ്പുലരിയെ വരവേൽക്കുന്നത്. വീടുകളിൽ മാത്രമല്ല, ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കാറുണ്ട്. കേരളത്തിലെ പ്രശസ്തമായ ചില ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ പരിചയപ്പെട്ടാലോ…
ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കേരളത്തിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. മഹാവിഷ്ണുവാണ് യഥാർത്ഥ പ്രതിഷ്ഠ എങ്കിലും ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. വിഷുപ്പുലരിയിൽ ഗുരുവായൂരപ്പനെ കണികണാൻ നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം. പമ്പാനദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണനാണ് മുഖ്യപ്രതിഷ്ഠ. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ പ്രതിഷ്ഠയുള്ളതും ഇവിടെയാണ്.
ALSO READ: വിഷുക്കണി വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്; അറിഞ്ഞിരിക്കാം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വമായ ശ്രീകൃഷ്ണ പ്രതിഷ്ഠയാണ് ഇവിടത്തെ പ്രത്യേകത. ഉച്ച പൂജയ്ക്ക് പാല്പായസം സേവിക്കാൻ ഗുരുവായൂരപ്പൻ എത്തുമെന്ന ഐതിഹ്യവും അമ്പലപ്പുഴ ക്ഷേത്രത്തിനുണ്ട്.
കണ്ണൂർ കടലായി ശ്രീകൃഷ്ണക്ഷേത്രം
കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ശ്രീകൃഷ്ണക്ഷേത്രമാണ് കടലായി ശ്രീകൃഷ്ണക്ഷേത്രം. വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.
തൃശൂർ തിരുവമ്പാടി ക്ഷേത്രം
തൃശ്ശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ശ്രീകൃഷ്ണഭഗവനാണ് മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ ഭദ്രകാളിയുമുണ്ട്.
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിൽ നിന്നും തെക്കുമാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഉണ്ണിക്കണ്ണനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. ഓരോ വർഷവും ആയിരങ്ങളാണ് ഉണ്ണിക്കണ്ണനെ കാണാൻ ഈ ക്ഷേത്രത്തിൽ എത്തുന്നത്.