AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: ഭക്തസഹസ്രങ്ങള്‍ ഗുരുവായൂരിലേക്ക്; ഹോട്ടലുകളില്‍ വന്‍ ബുക്കിങ്; കണ്ണന്റെ സന്നിധിയില്‍ വിഷുക്കണി എപ്പോള്‍ കാണാം?

Vishu Kani 2025 timings at Guruvayur temple: 11 മണി വരെ ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നട അടയ്ക്കും. വൈകിട്ട് മൂന്നരയോടെ വീണ്ടും തുറക്കും. തുടര്‍ന്ന് വൈകിട്ട് 6.15 വരെ ദര്‍ശനം നടത്താം. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്ന ഭക്തര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യമുണ്ടാകും. ഔട്ടര്‍ റിംഗ് റോഡ്, ഇന്നര്‍ റിംഗ് റോഡ് എന്നിവിടങ്ങളില്‍ പൊലീസ് റണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി

Vishu 2025: ഭക്തസഹസ്രങ്ങള്‍ ഗുരുവായൂരിലേക്ക്; ഹോട്ടലുകളില്‍ വന്‍ ബുക്കിങ്; കണ്ണന്റെ സന്നിധിയില്‍ വിഷുക്കണി എപ്പോള്‍ കാണാം?
ഗുരുവായൂര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 13 Apr 2025 16:29 PM

വിഷുക്കണി കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്. ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ബുക്കിങ് ഏതാണ്ട് പൂര്‍ത്തിയായി. വിഷുദിനത്തില്‍ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയായിരിക്കും കണി ദര്‍ശനം. ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്തായി കണി ഒരുക്കും. നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കും. സ്വര്‍ണ സിംഹാസനത്തില്‍ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിക്കും. ആലവട്ടം, നെറ്റിപ്പട്ടം, വെഞ്ചാമരം എന്നിവ കൊണ്ട് ഇത് അലങ്കരിക്കും. കണിക്കോപുകളും ഭക്തര്‍ക്ക് ദര്‍ശിക്കാം. ഓട്ടുരുളിയിൽ ഉണക്കലരി, കണിക്കൊന്ന, വെള്ളരിക്ക, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, അലക്കിയ മുണ്ട്, ഗ്രന്ഥം, പുതുപ്പണം, സ്വര്‍ണം എന്നിവ കൊണ്ടാകും കണി ഒരുക്കുന്നത്. പുലര്‍ച്ചെ രണ്ട് കഴിഞ്ഞ് കീഴ്ശാന്തിക്കാര്‍ക്കൊപ്പം മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി ശ്രീലകവാതിൽ തുറക്കുമെന്ന് ദേവസ്വം അറിയിച്ചു.

നാളികേരമുടച്ച് തിരിയിട്ട് കത്തിച്ച് കണ്ണനെ കണി കാണിക്കുകയും കൈനീട്ടം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഭക്തര്‍ക്ക് ഗുരുവായൂരപ്പനെ തൊഴുത് കണി കാണാം. ഭക്തര്‍ക്ക് മേല്‍ശാന്തി കൈനീട്ടം നല്‍കും. വിഷു വിളക്ക് കാഴ്ചശീവേലിയോടെ ആഘോഷിക്കും. സ്‌പെഷ്യല്‍, വിഐപി ദര്‍ശനം ഉണ്ടാകില്ല. 12 മുതല്‍ 20 വരെ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സ്‌പെഷ്യല്‍, വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ക്യൂ നിന്ന് ദര്‍ശനം നടത്തുന്നവര്‍ക്കാണ് പരിഗണന.

Read Also : Vishu 2025: നാട്ടിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വിഷു സദ്യയിൽ ഒരു കുറവും വരുത്തേണ്ട! ബെംഗളൂരുവിൽ സദ്യ ലഭിക്കുന്ന ഹോട്ടലുകൾ ഇതാ

11 മണി വരെ ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നട അടയ്ക്കും. വൈകിട്ട് മൂന്നരയോടെ വീണ്ടും തുറക്കും. തുടര്‍ന്ന് വൈകിട്ട് 6.15 വരെ ദര്‍ശനം നടത്താം. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്ന ഭക്തര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യമുണ്ടാകും. ഔട്ടര്‍ റിംഗ് റോഡ്, ഇന്നര്‍ റിംഗ് റോഡ് എന്നിവിടങ്ങളില്‍ പൊലീസ് റണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. തിരക്ക് കൂടുന്നത് അനുസരിച്ച് ഗതാഗത ക്രമീകരണങ്ങളില്‍ മാറ്റമുണ്ടാകും. നാളെ 10 വിവാഹങ്ങളും ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്.