Vishu 2025: വിഷു പുലരാൻ മണിക്കൂറുകൾ മാത്രം; ഈ രണ്ട് ഐതിഹ്യങ്ങൾ അറിയാമോ?
Vishu Stories: എഡി 844 ജീവിച്ചിരുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലത്താണ് വിഷു ആഘോഷങ്ങളുടെ തുടക്കം എന്നാണ് പൊതുവായ വിശ്വാസം. കൂടാതെ വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും ഉണ്ട്.

ഓണം കഴിഞ്ഞാൽ മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. എല്ലാ വർഷവും മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഈ വർഷം മേടം ഒന്ന് വന്നെത്തിയിരിക്കുന്നത് ഏപ്രിൽ പതിനാലിനാണ്, അതായത് നാളെ. ഇക്കൊല്ലത്തെ വിഷു പുലരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
മലയാളികൾ വിഷു ആഘോഷിക്കാൻ തുടങ്ങിയത് എന്ന് മുതലാണ്? ഇന്നും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. വിഷുവിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് പല വാദങ്ങളും അഭിപ്രായങ്ങളും നിലനിൽക്കുന്നു. എന്നാൽ ചരിത്ര ഗ്രന്ഥങ്ങളുടെ പശ്ചാത്തലത്തിൽ എഡി 844 ജീവിച്ചിരുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലത്താണ് വിഷു ആഘോഷങ്ങളുടെ തുടക്കം എന്നാണ് പൊതുവായ വിശ്വാസം.
വിഷു ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷു എന്നാണ് നാം പ്രധാനമായും കേട്ടിട്ടുള്ള ഐതിഹ്യം. കൂടാതെ സൂര്യദേവന്റെ മടങ്ങിവരവാണ് വിഷുവായി ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.
നരകാസുര വധം
നരകാസുരന്‍, പ്രാഗ്‌ജ്യോതിഷം തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജാവായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് പതിനാറായിരം രാജകുമാരിമാരെ തട്ടിക്കൊണ്ട് വന്നു നരകാസുരൻ തടവിൽ പാർപ്പിച്ചിരുന്നു. കൂടാതെ ഇന്ദ്രന്റെയും മാതാവ് അദിതിയുടെയും വിലപ്പെട്ട വെണ്‍കൊറ്റക്കുടയും കുണ്ഡലങ്ങളും നരകാസുരൻ അപഹരിച്ചു. ഇത്തരത്തിൽ നരകാസുരന്റെ ശല്യം വർധിച്ചതോടെ ശ്രീകൃഷ്ണൻ ഇടപ്പെട്ടു. ഭാര്യയായ സത്യഭാമയുമൊന്നിച്ച് കൃഷ്ണൻ പ്രാഗ്‌ജ്യോതിഷം തലസ്ഥാനത്തെത്തി നരകാസുരനെ യുദ്ധത്തിന് വെല്ലുവിളിച്ചു. തുടര്‍ന്ന് നടന്ന യുദ്ധത്തിനൊടുവിൽ ശ്രീകൃഷ്ണൻ നരകാസുരനെ വധിക്കുകയുമായിരുന്നു. നരകാസുരനെ കൂടാതെ മറ്റ് അസുരന്മാരെയും ശ്രീകൃഷ്ണൻ വധിക്കുന്നുണ്ട്. ശ്രീകൃഷ്ണൻ ഇത്തരത്തിൽ അസുരന്മാരെ തോൽപ്പിച്ച് വിജയം നേടിയത് വസന്തകാലാരംഭത്തോടെയായിരുന്നു. ഈ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് വിഷു ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.
സൂര്യദേവന്റെ മടങ്ങിവരവ്
ശ്രീരാമന്റെ രാവണവധവുമായി ബന്ധപ്പെട്ടതുമാണ് ഈ ഐതിഹ്യം. രാവണന്‍ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ ഉദിക്കാന്‍ സമ്മതിച്ചിരുന്നില്ല. കൊട്ടാരത്തിന് അകത്തേക്ക് വെയില്‍ കടന്നുവന്നതാണ് കാരണം. ഒടുവിൽ ശ്രീരാമൻ രാവണനെ വധിക്കുന്നത് വരെ ഈ വിലക്ക് തുടർന്നു. രാവണന്റെ മരണത്തിന് ശേഷം, സൂര്യൻ സൂര്യന്‍ നേരെ ഉദിക്കുകയും ജനങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രതീകമായാണ് വിഷു ആഘോഷിക്കുന്നത് എന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്.