Vishu 2025: കണ്ണിന് പൊൻകണിയേകാൻ വിഷുവിങ്ങെത്തി; ഇത്തവണ കണി കാണേണ്ടത് എപ്പോൾ?
Vishu 2025 Celebration: നാടെങ്ങും മഞ്ഞ പുതച്ച് നിൽക്കുന്ന കണിക്കൊന്ന പൂക്കളുടെ മനോഹാരിത വിഷുവിനെ വരവേറ്റ് കഴിഞ്ഞു. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് വിഷുപുലരിയിൽ നമ്മൾ കണികണ്ടുണരുന്ന പൊൻകണി. കേരളത്തിലെ പല പ്രദേശങ്ങളിൽ പല രീതിയിലാണ് കണിയൊരുക്കുന്നത്. ആഘോഷങ്ങളും അങ്ങനെതന്നെ.

മേടമാസത്തിലെ തണുത്ത പുലരിയിൽ വിഷുകണി കണ്ടുണരാൻ ഇനി ഏഴ് നാൾ കൂടി. കേരളത്തിൽ അങ്ങോളം വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. നാടെങ്ങും മഞ്ഞ പുതച്ച് നിൽക്കുന്ന കണിക്കൊന്ന പൂക്കളുടെ മനോഹാരിത വിഷുവിനെ വരവേറ്റ് കഴിഞ്ഞു. വിഷുവിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് വിഷുപുലരിയിൽ നമ്മൾ കണികണ്ടുണരുന്ന പൊൻകണി. ഏഴ് തിരിയിട്ട വിളക്കുകൾക്ക് മുന്നൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ശ്രീകൃഷ്ണൻ്റെ രൂപവും ഉരുളിയിൽ വച്ചിരിക്കുന്ന വിഷുക്കണിയും ഒരു കൊല്ലത്തിലെ ഏറ്റവും ഐശ്വര്യമുള്ള കാഴ്ച്ചകളിൽ ഒന്നാണ്.
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുതിയൊരു ആണ്ട്പിറക്കുമ്പോൾ കണിയായി മുന്നൽകാണുന്നത് പ്രകൃതിയിലെ വിഭവങ്ങൾ തന്നെയാണ്. കേരളത്തിലെ പല പ്രദേശങ്ങളിൽ പല രീതിയിലാണ് കണിയൊരുക്കുന്നത്. ആഘോഷങ്ങളും അങ്ങനെതന്നെ. ചില സ്ഥലത്ത് പടക്കം പൊട്ടിച്ചും വിഭവ സമൃദ്ധമായ സദ്യയൊരുക്കിയും ആഘോഷിക്കുമ്പോൾ ചിലയിടത്ത് മറ്റ് രീതിയിലാണ് വിഷു ആഘോഷം. സദ്യയൊരുക്കുന്നതിലും പ്രാദേശികമായി മാറ്റമുണ്ട്.
കണി കാണേണ്ടത് എപ്പോൾ?
ഏപ്രിൽ 14 തിങ്കളാഴ്ച്ച മേടമാസം ഒന്നാം തീയതിയാണ് ഇക്കൊല്ലത്തെ വിഷു. എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്നാണ് പഴമക്കാർ പറയുന്നത്. പ്രത്യേകിച്ച് വിഷു പുലരിയിൽ. ഇത്തവണ വിഷുക്കണി കാണേണ്ടത് ബ്രാഹ്മമുഹൂർമായ 14 തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ്. ഉണർന്നാലുടൻ കണി കാണണമെന്നാണ് പറയപ്പെടുന്നത്. ഹിന്ദു ജ്യോതിഷ പ്രകാരം, വിഷു ദിനത്തിൽ സൂര്യൻ മേടരാശിയിലേക്ക് (മേഷരാശി എന്നും അറിയപ്പെടുന്നു) പ്രവേശിക്കുന്നതായാണ് വിശ്വാസം.
വിഷുക്കൈനീട്ടം
കണി കണ്ടുകഴിഞ്ഞാലുടൻ കുടുംബത്തിലെ കാരണവന്മാർ ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകുക എന്നതാണ് പിന്നീടുള്ള ചിട്ട. പങ്കുവയ്ക്കലിൻ്റെയും സ്നേഹത്തിൻ്റെയും ഓർമ്മപ്പെടുത്തൽകൂടിയാണ് കൈനീട്ടം. സമ്പത്ത് എന്നാൽ പ്രകൃതിയാണെന്നും അതു വരുംതലമുറയ്ക്കു കൈമാറാനുള്ളതാണെന്നും വിഷുകൈനീട്ടത്തിലൂടെയും കണിയൊരുക്കിയും മലയാളികൾ ഓർത്തെടുക്കുന്ന മനോഹരമായ ദിവസമാണ് വിഷു.
വിഷു ഐതിഹ്യം
ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണെന്നും അതിനാലാണ് ഈ ദിനം വിഷുവായി ആഘോഷിക്കുന്നതെന്നും വിശ്വസിക്കുന്നു. മറ്റൊരു ഐതിഹ്യം എന്തെന്നാൽ ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷമാണ് സൂര്യൻ നേരെ ഉദിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനായാണ് വിഷു ആഘോഷിക്കുന്നതെന്നും കരുതിപോരുന്നു.